രേവതി, പാർവതി, പത്മപ്രിയ എന്നിവരെ ചർച്ചയ്ക്ക് വിളിച്ച് ‘അമ്മ’

വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് ഭാരവാഹികളെ താരസംഘടനയായ 'അമ്മ' ചര്‍ച്ചയ്ക്ക് വിളിച്ചു.നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച.

അമ്മ സംഘടനയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും ‘അമ്മ’യിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടികാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

ജൂണ്‍ 24ന് ചേര്‍ന്ന ‘അമ്മ’ ജനറല്‍ ബോര്‍ഡ് യോഗത്തിന്റെ അജണ്ടയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയലോചിക്കാതെയുമാണ് ഈ തീരുമാനം എടുത്തതെന്നാണ് ഡബ്ല്യൂസിസിയുടെ പരാതി.

പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും, അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി അമ്മ സ്വീകരിച്ച നടപടികള്‍, അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം അമ്മയുടെ നിയമാവലി രൂപപ്പെടുത്തണം, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനയ്ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്നീ കാര്യങ്ങളിലാണ് പ്രധാനമായും ചര്‍ച്ച വേണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു.