ദിലീപിനെ കുടുക്കിയത് സിനിമാ രംഗത്തുള്ളവരാകാം: സുരേഷ് കുമാര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കുടുക്കിയതാണെന്ന് നിര്‍മാതാവ് ജി.സുരേഷ് കുമാര്‍. സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് താന്‍ നൂറു ശതമാനം വിശ്വസിക്കുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദിലീപിനെ കൊണ്ട് അങ്ങനെയൊരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ദിലീപിനെ കുടുക്കിയതിന്റെ പിന്നില്‍ എന്തെങ്കിലും ലക്ഷ്യം കാണും, അല്ലെങ്കില്‍ ആരെങ്കിലും കാണും. അത് ഞാന്‍ പറയാന്‍ പാടില്ല. സിനിമാ രംഗത്തുള്ള ആളുകളാകാം ചിലപ്പോള്‍, അല്ലെങ്കില്‍ പുറത്തുനിന്നുള്ളവരും ചേര്‍ന്നാകാം”–സുരേഷ് കുമാര്‍ പറഞ്ഞു.

“എന്റെ ചിത്രത്തില്‍ കൂടിയാണ് ദിലീപ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തുന്നത്. അന്നുമുതല്‍ എനിക്കറിയാവുന്ന പയ്യനാണ്. അയാള്‍ ഒരിക്കലും ഇങ്ങനെ മോശപ്പെട്ടൊരു കാര്യത്തിനു പോകുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹം തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരാള്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യില്ല. ഇതെന്റെ അഭിപ്രായമാണ്”–സുരേഷ് കുമാര്‍ വ്യക്തമാക്കി.

മലയാള സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സമയമാണിത്. സംഘടനാതലത്തില്‍ ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ വിവാദമായിട്ടുണ്ട്. നടി ആക്രമിക്കപ്പെടുന്ന പോലൊരു സംഭവവുമൊക്കെ മലയാള സിനിമയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മലയാള സിനിമയില്‍ എന്നും പ്രതിസന്ധിയും പ്രശ്‌നവുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ പുറത്താക്കിയെന്ന കാര്യം മമ്മൂട്ടി പറഞ്ഞുവല്ലോ, അതെങ്ങനെയാണ് പുറത്താക്കിയത്, ക്യാമറയുടെ മുന്നില്‍ വന്നാണ് പുറത്താക്കിയെന്ന് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനോട് വിശദീകരണം ചോദിച്ചില്ല, അദ്ദേഹത്തിന് അതിനുള്ള അവസരം നല്‍കിയല്ല. സംഘടനാപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയാതെയാണ് അദ്ദേഹത്തെ പുറത്താക്കിയെന്നറിയിച്ചത്. ഈ സംഭവം പെരുപ്പിച്ച് കാണിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറയുന്നു. 

സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ആരോപിതനായ ഒരു മന്ത്രിയും എം എല്‍ എ യും ഇവിടെയുണ്ടായിരുന്നു. ദിലീപ് താരമായിരുന്നുവെങ്കില്‍ ഇവര്‍ രാഷ്ട്രീയക്കാരാണ്. എന്നാല്‍ ഇവര്‍ എം എല്‍ എ  സ്ഥാനം രാജി വെച്ചിട്ടില്ലല്ലോയെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. ഇനി അഥവാ രാജി വെച്ചാല്‍ എന്താണ് സംഭവിക്കുന്നത്? ഇത്തരമൊരു പശ്ചാത്തലത്തില്‍ എന്തിനാണ് ദിലീപിന്റെ രാജിക്കായി മുറവിളി കൂട്ടിയത്. ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടില്ല, തിരിച്ചെടുത്തിട്ടുമില്ല എന്നതാണ് വാസ്തവമെന്നും അദ്ദേഹം പറയുന്നു.

‘ആക്രമണത്തിന് ഇരയായ കുട്ടിയോട് ഏറെ അടുപ്പമുണ്ട്‍. അവരെ വിളിച്ചിരുന്നു, ആ കുട്ടിയോട് നൂറ് ശതമാനം സങ്കടമുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ്. പള്‍സര്‍ സുനിയെപ്പോലൊരാള്‍ ഇതും ചെയ്യും ഇതിലധികവും ചെയ്യും. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണ് കണ്ടെത്തേണ്ടത്. പൊലീസ് അന്വേഷണം ശരിയല്ലെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല.’–സുരേഷ് കുമാർ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവും തുടർന്നുള്ള ഡബ്ല്യൂസിസിയുടെ പ്രതിഷേധ സ്വരങ്ങളും വാർത്തകളില്‍ നിറയുമ്പോഴാണ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലുകൾ. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുനടിമാര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് രാജി വച്ചത്.