Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാൻ മോഹൻലാലിനെതിരെ ഒപ്പിട്ടില്ല’; കാരണം വ്യക്തമാക്കി വി.സി അഭിലാഷ്

mohanlal-vc-abhilash

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ സര്‍ക്കാര്‍ ക്ഷണിക്കുന്നുവെന്നത് വന്‍ വിവാദങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ചടങ്ങ് സംഘടിപ്പിക്കുന്ന സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ തന്നെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെതിരെ ഒരു ഭീമഹര്‍ജി തന്നെ നല്‍കി കഴിഞ്ഞു. 

ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ഇന്ദ്രന്‍സിനു നേടിക്കൊടുത്ത ആളൊരുക്കത്തിന്റെ സംവിധായകന്‍ ഈ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ല. അതിന്റെ കാരണം വ്യക്തമാക്കി വി.സി അഭിലാഷ് മനോരമ ഓണ്‍ലൈനുമായി സംസാരിച്ചു. 

വിശദാംശങ്ങളിലേക്ക്–

ഭീമഹര്‍ജിയില്‍ ഒപ്പിടുന്നതിനു വേണ്ടി ഒരു സംവിധായകന്‍ സമീപിച്ചിരുന്നു. എനിക്ക് വ്യക്തിപരമായി ഇക്കാര്യത്തോട് യോജിപ്പില്ലെന്ന് അന്നു തന്നെ പറഞ്ഞു. ഹര്‍ജിയില്‍ ഞാന്‍ ഒപ്പിട്ടിട്ടുമില്ല. അങ്ങനെ ഒഴിവാക്കാന്‍ പറ്റുന്നൊരു വ്യക്തിയാണ് മോഹന്‍ലാല്‍ എന്നു ഞാന്‍ കരുതുന്നില്ല. 

പ്രതിഭകൊണ്ട് മലയാള സിനിമയെ സര്‍ഗ്ഗാത്മകമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് കൊണ്ടുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തി മലയാള സിനിമ തന്നെ നമുക്ക് വായിച്ചെടുക്കാനാകില്ലല്ലോ. മോഹന്‍ലാല്‍ അല്ല പുരസ്‌കാര ദാന ചടങ്ങ് നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രിയാണ്. 

അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് മലയാള സിനിമയെ കുറിച്ച് തന്നെ നമുക്ക് സംസാരിക്കാനാകില്ലല്ലോ. അതുകൊണ്ടു തന്നെ അദ്ദേഹം ആ വേദിയില്‍ ഇരിക്കുമ്പോള്‍ ആ ചടങ്ങിന് പ്രൗഢി കൂടുകയേയുള്ളൂ. ഞാന്‍ സംവിധാനം ചെയ്‌തൊരു സിനിമയിലൂടെ ഇന്ദ്രന്‍സ് നേടിയ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാല്‍ പോലൊരു നടന്റെ സാന്നിധ്യത്തില്‍ വാങ്ങുമ്പോള്‍ എനിക്കതില്‍ അഭിമാനമേയുള്ളൂ. ഇതാണ് എന്റെ നിലപാട്. 

അവര്‍ ഉന്നയിക്കുന്ന മറ്റൊരു വിഷയം, ഇന്ദ്രന്‍സിന്റെ മാറ്റ് കുറയും എന്നാണ്. മികച്ച നടനുള്ള മത്സരത്തില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങളും വന്നെങ്കിലും ഇന്ദ്രന്‍സിനാണല്ലോ പുരസ്‌കാരം കിട്ടിയത്. അതാണ് അവര്‍ പറയുന്നത്. അതിന്റെ യുക്തി എന്തെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു നടന് എല്ലാവര്‍ഷവും ശക്തമായ അഭിനയ മുഹൂര്‍ത്തങ്ങളുള്ള ചിത്രം കിട്ടണം എന്നില്ലല്ലോ. 

മോഹന്‍ലാലിന് ഇത്തവണ അത് കിട്ടിയിട്ടുണ്ടാകില്ല. നല്ല കഥാപാത്രങ്ങളെ കിട്ടുകയെന്നതും അവാര്‍ഡില്‍ വലിയൊരു മാനദണ്ഢമല്ലേ.  അതുകൊണ്ട് അദ്ദേഹത്തിന് പകിട്ടു കുറയുന്നില്ല. കഴിഞ്ഞ നാലു പതിറ്റാണ്ട് ആയി മലയാള സിനിമയിലെ ശക്തമായ സാനിധ്യമാണ് മോഹന്‍ലാല്‍. ഒരു വര്‍ഷം അദ്ദേഹം മികച്ച നടനുള്ള മത്സരത്തില്‍ തോറ്റുപോയി എന്നതുകൊണ്ട് ആ പ്രതിഭയുടെ മാറ്റ് കുറയുമോ. ഒരിക്കലും ഇല്ല.

ഇവര്‍ ഉയര്‍ത്തുന്ന മറ്റൊരു വിഷയം, ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കാണിച്ച ധൈര്യം ഇവിടെ പലരും കാണിക്കുന്നില്ല എന്നതാണ്. പ്രസിഡന്റ് നല്‍കിക്കൊണ്ടിരുന്ന പുരസ്‌കാരം, അതാണ് ആ പുരസ്‌കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, പുരസ്‌കാര ചടങ്ങിന് മണിക്കൂറുകള്‍ക്കു മുന്‍പ് മറ്റൊരാള്‍ വിതരണം ചെയ്യുമെന്നു പറഞ്ഞിതിനാണ് പ്രതിഷേധിച്ചത്. ഓരോ സര്‍ക്കാരിനും ഓരോ നിലപാടാണ്. അത് അവര്‍ കാണിക്കും. 

ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ അമിതാഭ് ബച്ചനേയോ, ലതാ മങ്കേഷ്‌കറേയോ, പ്രകാശ് രാജിനേയോ, പോലുള്ള വ്യക്തിത്വങ്ങളെ മുഖ്യാതിഥിയായി ക്ഷണിച്ചാലും എനിക്ക് പ്രശ്‌നമില്ല. കാരണം അവരൊക്കെ പ്രതിഭ കൊണ്ട് അസാധാരണമായ സംഭാവനകള്‍ സിനിമയ്ക്കു നല്‍കിയവരാണ്. ഇനി സമൂഹത്തില്‍ മറ്റേത് മേഖലയിലും പ്രതിഭയും സത്യസന്ധതയും നിലപാടുകളും കൊണ്ട് മുന്‍നിരയിലെത്തിയവര്‍ ആ പുരസ്‌കാരം തന്നിരുന്നെങ്കിലും വാങ്ങുമായിരുന്നു. 

നേരത്തെ അറിയിക്കണം എന്നേയുള്ളൂ. എല്ലാത്തിലും ഫാസിസ രാഷ്ട്രീയം കലര്‍ത്തി വേര്‍തിരിവ് ഉണ്ടാക്കിയതിനെയാണ് അവിടെ എതിര്‍ത്തത്. ഇവിടെ അതല്ല സ്ഥതി, മുഖ്യമന്ത്രിയാണ് പുരസ്‌കാരം തരുന്നത്. മോഹന്‍ലാല്‍ അതിഥി മാത്രമാണ്. പുരസ്‌കാര ജേതാക്കള്‍ തന്നെയാണ് ചടങ്ങിലെ താരങ്ങള്‍. അത് എവിടെയും അങ്ങനെ തന്നെ ആയിരിക്കും. 

ഞാന്‍ മാത്രമാണ് ഹര്‍ജിയില്‍ ഒപ്പിടാത്തത് എന്നൊക്കെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചവര്‍ പറഞ്ഞത്. എനിക്ക് അവരോടെല്ലാം സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളൂ. പക്ഷേ ഈ വിഷയത്തില്‍ എനിക്ക് ഐക്യപ്പെടാനാകില്ലെന്നു മാത്രം.