മോഹൻലാൽ എന്തു ദുഷ്ടത്തരമാണ് ചെയ്തത്: ഭാഗ്യലക്ഷ്മി

ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിൽനിന്നു മോഹൻലാലിനെ ഒഴിവാക്കണമെന്ന ആവശ്യത്തിനെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി. ‘എന്ത് അടിസ്ഥാനത്തിലാണ് മോഹൻലാലിനെ ഒഴിവാക്കണമെന്നു പറയുന്നതെന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ല. നമുക്കൊരു കാര്യം നേടിയെടുക്കാൻ നമ്മൾ പോരാടുകയാണു വേണ്ടത്. മാറ്റി നിർത്തണമെന്ന ആവശ്യം മോഹൻലാൽ എന്ന നടനോടു കാണിക്കുന്ന വ്യക്തിവിരോധമാണ്.’ ഭാഗ്യലക്ഷ്മി മനോരമ ഓൺലൈനിനോടു വ്യക്തമാക്കി.

മുൻപും പലരും അമ്മയിൽ പ്രസി‍ഡന്റായും സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്. അന്നൊന്നും ഈ ബോയ്കോട്ട് നീക്കം കണ്ടില്ല. പിന്നെ ഇപ്പോൾ മോഹൻലാലിനെ മാത്രം ടാർഗറ്റ് ചെയ്യുന്നതിന്റെ അർഥമെന്താണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. മോഹൻലാൽ എന്തു ദുഷ്ടത്തരമാണു ചെയ്തത്. അന്നു സംഘടനയിലുണ്ടായിരുന്ന ആരും പ്രതികരിച്ചിരുന്നില്ല. പിന്നീട് പെട്ടെന്നു പ്രസിഡന്റ് സ്ഥാനത്തേക്കു വന്ന വ്യക്തിയെ ടാർ‌ഗറ്റ് ചെയ്യുന്നതിനോട് യോജിക്കാനാകില്ല. ഇതിനെ ശക്തമായി എതിർക്കുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 

‘മമ്മൂട്ടി അമ്മയുടെ തലപ്പത്തുണ്ടായിരുന്ന കാലത്താണ് ദിലീപിനെ പുറത്താക്കുന്ന പ്രക്രിയ നടന്നത്. അതിനു ശേഷം പിന്നീട് എന്തു സംഭവിച്ചെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ? ആരാണ് ദിലീപിനെ പുറത്താക്കിയത്. മമ്മൂട്ടിയുള്ള കാലത്താണ് അതു നടക്കുന്നത്. പക്ഷേ, ഈ നടപടി ദിലീപിനെ അറിയിക്കുകയോ മിനിറ്റ്സിൽ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഇക്കാര്യം ഡബ്ല്യുസിസി അംഗങ്ങളായ രമ്യ നമ്പീശൻ, റിമാ കല്ലിങ്കൽ, ഗീതു മോഹന്‍ദാസ് എന്നിവരിൽ ഒരാൾ പോലും അന്വേഷിച്ചിട്ടില്ല. അന്നത്തെ മീറ്റിങ്ങിൽ ആരും പങ്കെടുത്തുമില്ല.’ - ഭാഗ്യലക്ഷ്മി പറയുന്നു

‘അമ്മ മഴവിൽ ഷോയിൽ ഒരുപാട് സ്ത്രീകളുണ്ടായിരുന്നു. അന്ന് ആരും അതിൽ പങ്കെടുക്കില്ലെന്നു പറഞ്ഞില്ല. പാർവതി അടക്കമുള്ളവർ ആ ഷോയിൽ പങ്കെടുത്തിരുന്നു. ഇവർക്ക് അന്നു നിലപാട് പറയാമായിരുന്നല്ലോ. പ്രതികരിക്കേണ്ട സമയത്തു പ്രതികരിച്ചില്ല. അന്നെല്ലാം അങ്ങനെ പ്രതികരിക്കാതിരുന്നിട്ട്, എന്നാലിനി മോഹൻലാലിനെ അങ്ങു ബോയ്കോട്ട് ചെയ്തേക്കാം എന്നത് ശരിയായ നടപടിയല്ല. ഇങ്ങനെയല്ല സംഘടനാ പ്രവർത്തനം നടത്തേണ്ടത്. മോഹൻലാൽ എന്ന ഒരാൾക്കു മാത്രമല്ല ഉത്തരവാദിത്തം. ഇതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.’ - ഭാഗ്യലക്ഷ്മി വ്യക്തമാക്കി.