Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിട്ടാത്ത മുന്തിരി പുളിക്കും; ഡോ. ബിജുവിന് മറുപടിയുമായി ‘ലൂസിഫർ’ പ്രൊഡക്ഷൻ കണ്‍ട്രോളർ

sidhu-biju

മോഹൻലാലിനെ വിമർശിച്ച സംവിധായകൻ ഡോ. ബിജുവിന് മറുപടിയുമായി പ്രൊഡക്​ഷൻ കണ്‍ട്രോളർ സിദ്ദു പനയ്ക്കൽ. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബിജുവിന്റെ വിമർശനം. യോഗ്യതയുള്ളവർ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുകതന്നെ ചെയ്യുമെന്നും യോഗ്യതയില്ലാത്തവർ അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നും സിദ്ദു പറയുന്നു. ലൂസിഫര്‍ എന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെയും നിര്‍മാണ നിർവഹണം സിദ്ദു പനയ്ക്കൽ ആണ്.

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റ് ആണ് ഈ താരമെന്നും കുറ്റാരോപിതന് അനുകൂലമായ പ്രസ്താവന നടത്തിയ ഈ താരത്തെ എങ്ങനെ മുഖ്യാതിഥിയാക്കുമെന്നുമായിരുന്നു ഡോ. ബിജുവിന്റെ ചോദ്യം.

സിദ്ദു പനയ്ക്കലിന്റെ കുറിപ്പ് വായിക്കാം–

തിയറ്ററിൽ ആളുകൾ കാണാത്ത സിനിമകൾ എടുക്കുന്നവരെയല്ല സിനിമ എന്ന വ്യവസായത്തിന് ആവശ്യം. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമായ സിനിമയെ നിലനിർത്തുന്നതും മുന്നോട്ടു നയിക്കുന്നതും സൂപ്പർതാരങ്ങളും, സഹതാരങ്ങളും മികച്ച സംവിധായകരും, കോടികൾ മുടക്കി സിനിമ എടുക്കാൻ തയ്യാറാവുന്ന നിർമാതാക്കളുമാണ്. 

പേരിനു മുന്നിൽ ബിരുദങ്ങൾ ചാർത്തി സിനിമയെടുക്കുന്നവരുടെ ജനങ്ങൾ തിരസ്കരിക്കുന്ന സിനിമകളാണ് നിരന്തരം തിയറ്ററുകളിൽ വന്നിരുന്നതെങ്കിൽ ഈ വ്യവസായം എന്നേ തകർന്നടിഞ്ഞേനെ. ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനായുള്ള സംഘാടകസമിതി കൂടി എന്ന് അവാർഡ് നിർണയകമ്മറ്റിയിലെ ഒരംഗത്തിനു കേട്ടറിവ് മാത്രമേ ഉള്ളു എങ്കിൽ സംഘാടക സമിതി ആ അംഗത്തിന് നൽകിയിരിക്കുന്ന "വില" മനസ്സിലായിക്കാണുമല്ലോ. 

അവാർഡ് ദാനചടങ്ങിന് ഗ്ലാമർ കൂടാൻ ഒരു സൂപ്പർതാരം ഉണ്ടാവണമെന്ന് ഒരു മന്ത്രിക്കു തോന്നിയെങ്കിൽ അദ്ദേഹത്തെ നമിക്കണം. ചിലരെ പിടിച്ചു വേദിയിൽ ഇരുത്തിയാൽ ഗ്ലാമർ പോകുമെന്ന് അദ്ദേഹത്തിന് എത്ര പെട്ടെന്ന് മനസിലായി. മലയാള സിനിമയിലെ സമകാലിക സംഭവങ്ങൾ അറിയാത്തത് ഈ പറയുന്നവർക്കാണ്. 

എന്താണ് മലയാളസിമയിലെ സ്ത്രീ വിരുദ്ധത. എവിടെയാണ് ആക്രമണം. ഒറ്റപെട്ട ഒരു സംഭവത്തെ ആസ്പദമാക്കി സിനിമാലോകം ഒന്നാകെ സ്ത്രീവിരുദ്ധമെന്നു പറയുന്നത് വിവരമില്ലായ്മയാണ്. ആ വിവരമില്ലായ്മയാണ് ഇവരുടെയൊക്കെ സിനിമകളിൽ കാണുന്നതും. 

സൂപ്പർതാരസങ്കൽപ്പങ്ങൾക്ക് എതിരെ പൊതുവികാരം ഉണ്ട്‌ പോലും. അങ്ങനെ ഒരു വികാരമുണ്ടെങ്കിൽ അത് ആദ്യം പ്രകടമാകേണ്ടത് തിയറ്ററുകളിലാണ്. അവിടെ സൂപ്പർതാരങ്ങളുടെയും മികച്ച യുവതാരങ്ങളുടെയും സിനിമകൾ വരുമ്പോഴാണ് നിറഞ്ഞ സദസ്സുകളും തീയറ്ററിന് പുറത്ത് ആഘോഷങ്ങളും കാണാറുള്ളത്. 

‘മല്ലിക ചേച്ചിയെ പരിചയം ഉള്ളവർക്കറിയാം ആ സ്നേഹവും കാരുണ്യവും’

ഈ പറയുന്നവരുടെ സിനിമകൾ വരുമ്പോൾ ഒഴിഞ്ഞ കസേരകൾ മാത്രമാണ് കാഴ്ചക്കാർ. കുറ്റാരോപിതനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത് സൂപ്പർതാരം പ്രസിഡന്റ് ആയി സ്ഥാനം ഏറ്റതുകൊണ്ടല്ല. ആ സംഘടനയിലെ അംഗങ്ങളുടെ ആവശ്യപ്രകാരമാണ്. 

ഒരു സ്ത്രീ തന്നെയാണ് ആ വിഷയം ആദ്യം അവതരിപ്പിച്ചതും. ഭൂരിപക്ഷതീരുമാനം തന്നെയാണ് ഏത് സംഘടനയിലും നടപ്പിലാവുക. ഏത് കേരളജനതയാണ് അമ്മക്കെതിരെയും സൂപ്പർതാരത്തിന്റെ നിലപാടുകൾക്കെതിരെയും ശക്തമായി പ്രതികരിച്ചത്. അന്തിചർച്ചകളിൽ പങ്കെടുക്കുന്ന സ്ഥിരം ചാനൽതാരങ്ങൾ ചാനലിലിരുന്നു ആധരവ്യായാമം നടത്തിയതല്ലാതെ. 

മന്ത്രി താരത്തെ ഷാൾ അണിയിച്ചു സ്വീകരിച്ചത് അദ്ദേഹത്തിന്റെ മാന്യതയുടെ, സംസ്കാരത്തിന്റെ ഭാഗമാണ്. സംസ്കാരം ഇല്ലാത്തവർക്ക് അത് മനസിലായിക്കൊള്ളണമെന്നില്ല. പുരസ്‌കാരവിതരണ വേദിയിൽ സാധാരണക്കാരനിൽ സാധാരണക്കാരനായ താൻ വളർന്നു പുരസ്‌ക്കാര ജേതാവായി നിൽക്കുമ്പോൾ, അതിനു സാക്ഷികളാവാൻ തന്റെ സഹപ്രവർത്തകരായ സൂപ്പർ താരങ്ങൾ ഉണ്ടാവണമെന്നത് പുരസ്കാരജേതാവിന്റെ ആഗ്രഹമായി മന്ത്രിക്കു തോന്നിയിട്ടുണ്ടാവണം.

സഹപ്രവർത്തകർക്കിടയിൽ ഗ്ലാമറിന്റെ വലുപ്പച്ചെറുപ്പമൊന്നുമില്ല. ആരും ആരുടേയും മുകളിൽ കയറിയിരിക്കാൻ ആഗ്രഹിക്കുന്നവരുമല്ല. വേഷങ്ങളിൽ വലുപ്പച്ചെറുപ്പം ഉണ്ടാകും. വേഷങ്ങൾ അഴിച്ചുവെച്ചാൽ സഹപ്രവർത്തകർ എന്നനിലയിൽ സമന്മാർ തന്നെയാണ് എല്ലാവരും. 

മുകളിൽ കയറിയിരിക്കാൻ അർഹതയില്ലാത്തവർ അതിനു ശ്രമിക്കുമ്പോൾ നടക്കാതെ പോകുമ്പോഴുണ്ടാകുന്ന നിരാശയാകാം ഈ ജല്പനങ്ങൾക്കു പിന്നിൽ. അവാർഡ് വാങ്ങാൻ എത്തുന്നവരെ പരിഹസിക്കുകയല്ല ബഹുമാനിക്കുകയാണ് സർക്കാർ ചെയ്യുന്നത്. 

അർഹതയില്ലാത്തവരെ അവാർഡ് നിർണയ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിന് പരിഹാരമായി ഒരു സൂപ്പർതാരത്തെ പങ്കെടുപ്പിക്കണമെന്നു വകുപ്പിന് തോന്നിക്കാണണം. ഇപ്പോൾ മാത്രമല്ല ഇതിനു മുൻപും ഇതുപോലുള്ള ചടങ്ങുകളിൽ താരങ്ങൾ പങ്കെടുത്തിട്ടുണ്ട്. ഈ വർഷത്തെയല്ല കഴിഞ്ഞ വർഷങ്ങളിലെ നിരവധി ദേശീയ സംസ്ഥാന പുരസ്കാര ജേതാക്കളാണ് അവർ.

രാജ്യം പദ്മശ്രീയും മറ്റു ബഹുമതികളും നൽകി ആദരിച്ചവർ. ഈ വേദി അലങ്കരിക്കാൻ തികച്ചും യോഗ്യർ. പുലബന്ധം പോലും ഇല്ല എന്ന് തോന്നുന്നത് പുലബന്ധം എന്താണെന്നു അറിയാത്തതിനാലാണ്. 

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതൻ മാത്രമാണ് ആ വ്യക്തി കുറ്റവാളി അല്ല. അടിമുടി സ്ത്രീവിരുദ്ധമാണ് ആ സംഘടന എന്ന് 236 സ്ത്രീ അംഗങ്ങളുള്ള ആ സംഘടനയിലെ 6ഓ 7ഓ പേർക്കല്ലാതെ മറ്റാർക്കും തോന്നിയില്ലല്ലോ. 

ഇവർ ഒരുമാസം മുൻപുവരെ ആ സംഘടനയിൽ തന്നെയല്ലേ പ്രവർത്തിച്ചതും അംഗങ്ങൾ ആയിരുന്നതും. കുറ്റാരോപിതന് അനുകൂല പ്രസ്താവന നടത്തി എന്നത് കണ്ണടച്ചിരുട്ടാക്കലാണ്. ഇരക്കൊപ്പം എന്നുതന്നെയാണ് വ്യക്തമായി പറഞ്ഞത്. കുറ്റാരോപിതന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നാൽ അദ്ദേഹം ഇതിൽ ഉൾപെട്ടിട്ടില്ലാതിരിക്കണം എന്നും അർത്ഥമുണ്ട്. 

ഇരയും കുറ്റാരോപിതനും ഒരേ അമ്മയുടെ മക്കളാകുമ്പോൾ അങ്ങനെ ആഗ്രഹിക്കാനേ, പ്രാർത്ഥിക്കാനേ മനസാക്ഷി ഉള്ളവർക്ക് കഴിയു. യോഗ്യതയുള്ളവർ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുകതന്നെ ചെയ്യും. യോഗ്യതയില്ലാത്തവർ അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല. സാംസ്‌കാരിക വകുപ്പിന് ഈ കാര്യത്തിലെ ഔചിത്യമൊക്കെ ബോധ്യമായിട്ടുണ്ട്. കലാബോധമുള്ള, സാംസ്കാരിക ബോധമുള്ള കലാകാരന്മാർ അഭിമാനത്തോടെ ഈ ചടങ്ങിൽ പങ്കെടുക്കും.

ഒരാൾ ഒരു ചടങ്ങിൽ പങ്കെടുത്തില്ലെന്നു കരുതി ആ ചടങ്ങിന്റെ പ്രൗഢി കുറയാനൊന്നും പോകുന്നില്ല. നഷ്ടം ആ വ്യക്തിക്ക് തന്നെയാണ്. കൂടുതൽ മികവോടെ, ശോഭയോടെ അവാർഡ് ദാനം നടക്കും. തീയറ്ററുകളിൽ നിറഞ്ഞസദസിൽ മാസങ്ങളോളം പ്രദർശിപ്പിക്കാൻ കഴിയുന്ന സിനിമകൾ എടുക്കാൻ കഴിവില്ലാത്തവർ ഇങ്ങിനെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുന്നത് തന്നെയാണ് ഉത്തമം. 

സാംസ്കാരിക വകുപ്പിന് പുനരാലോചിക്കേണ്ട ഒരു കാര്യവുമില്ല. താരാരാധന തന്നെയാണ് സിനിമയുടെ നിലനിൽപ്പിനു ആധാരം. സിനിമാ പുരസ്ക്കാരം വിതരണം ചെയ്യുന്ന ചടങ്ങിൽ ആ രംഗത്തെ പ്രഗൽഭരെയും പ്രശസ്തരെയും അല്ലാതെ വേറെ ആരെയാണ് വിളിക്കേണ്ടത്. ഇടതുപക്ഷസർക്കാരിന് നന്നായി ചിന്തിക്കാൻ കഴിയുന്നതുകൊണ്ടാണ് സർക്കാർ പരസ്യങ്ങളിൽ ജനങ്ങൾ കേൾക്കുമെന്നുറപ്പുള്ള ജനപ്രിയതാരങ്ങളെ ഉപയോഗിക്കുന്നത്. 

കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ചൊല്ലുണ്ട്. എപ്പോളെങ്കിലും ചിലമുന്തിരികൾ കിട്ടാതെ പൊയ്ക്കാണണം ഇവർക്ക്. സംഘടനയോട് കലഹിക്കുന്നവരോട് ഒരു വാക്ക് കൈ നിറയെ കാശും പൊതുജന മധ്യത്തിൽ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ ലൈക്കും വായതുറക്കുമ്പോഴേക്കും ചുറ്റും നിരക്കുന്ന ചാനൽ മൈക്കുകളും കണ്ടു ഭ്രമിക്കുന്നവർ ഒന്നോർക്കണം ഇതെല്ലാം നിങ്ങൾക്കു തന്നത് സിനിമയാണ്.

സിനിമയുടെ വർണ്ണപ്രപഞ്ചത്തിൽ നിൽക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക്കു ചുറ്റും ഈ ആൾകൂട്ടം. സിനിമയില്ലെങ്കിൽ നിങ്ങളെ തിരിഞ്ഞു നോക്കാൻ ഒരാളും ഉണ്ടാവില്ല. ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ ബാധിക്കുന്നത് ഏതെങ്കിലും ഒരു സംഘടനയെ മാത്രമല്ല. മൊത്തം സിനിമാമേഖലയെ ആണ്.

പൊതുജന മധ്യത്തിൽ അവഹേളിക്കപെട്ടു നിൽക്കുന്നത് സിനിമാലോകം ഒന്നാകെയാണ്.അകത്തു പറയേണ്ടത് അകത്തു തന്നെ പറയണം.ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുകയും വേണം. മൈക്കും കൊണ്ട് പിന്നാലെ നടക്കുന്നവർക്ക് ആവശ്യം ന്യൂസ്‌ ആണ് ബ്രേക്കിംഗ് ന്യൂസ്‌. അതിനവർ മൈക്കുമായി തള്ളിക്കയറി മുന്നോട്ടുവരും.

അവരോടു പക്വതയോടെ ആലോചിച്ചു മറുപടി പറയുക. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നൊന്നു മാറി നിന്നാൽ ഇവരൊക്കെ കൈവിടുമെന്നു തിരിച്ചറിവുണ്ടാവണം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റു എന്ന് വെടക്കാക്കി തനിക്കാക്കാൻ ശ്രമിക്കുന്നവർ ഓർത്താൽ കൊള്ളാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.