പ്രധാനമന്ത്രി രാജാവിന് ഒരു സംവിധായകന്റെ കത്ത് !

എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജാവെ, എന്റെ പേര് രാജരാജ വർമ്മ കണ്ടമുത്തൻ. ഒരു പഞ്ചായത്ത് മെമ്പർക്കുപോലും കത്തെഴുതിയിട്ടില്ലാത്ത ഞാൻ രാജ്യത്തിന്റെ മഹാരാജാവായ അങ്ങേയ്ക്ക് കത്തെഴുതാൻ കാരണമെന്താണെന്ന് അങ്ങ് ചിന്തിക്കുന്നുണ്ടാകും. ഒരു ടീസർപോലുമില്ലാതെ കാര്യം പറയാം. അടുത്ത തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ അങ്ങ് പങ്കെടുക്കാൻ സാധ്യതയുണ്ടെന്നൊരു കരക്കമ്പി കേട്ടു. അതു സത്യമാണെങ്കിൽ ഈ കത്ത് അങ്ങ് വായിക്കണം. 

ഒരു കാരണവശാലും അങ്ങ് ആ ചടങ്ങിൽ പങ്കെടുക്കരുത്. കാരണം, അങ്ങ് വന്നാൽ അതോടു കൂടി എല്ലാ ശ്രദ്ധയും അങ്ങയിലേക്കാകും. അതോടെ എന്റെ കാര്യം കട്ടപ്പുകയാകും. അപ്പോൾ അങ്ങു ചോദിച്ചേക്കാം താൻ ആരാണെന്ന്. ഞാൻ അടുത്ത തവണത്തെ മികച്ച സംവിധായകനോ നടനോ നടിക്കോ ഉള്ള ദേശീയ അവാർഡ് കിട്ടാൻ സാധ്യതയുള്ള ഒരാളാണ്. ഏതു സിനിമ എന്നൊന്നും ചോദിക്കരുത്. എന്റെ മനസ്സിൽ സിനിമയുണ്ട്. അതു സിഡിയിലാകേണ്ട താമസമെയുള്ളൂ. 

മനസ്സിലുള്ള സിനിമയ്ക്ക് എങ്ങനെ അവാർഡ് കിട്ടുമെന്നു ചോദിക്കരുത്. എന്നെ പിന്തുണയ്ക്കാനായി ആറര ഇടതുപക്ഷ ബുദ്ധിജീവികളെയും രണ്ടു വലതുപക്ഷ ബുദ്ധിജീവികളെയും ഞാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. അരയെന്നു പറഞ്ഞാൽ എവിടേയ്ക്ക് വേണമെങ്കിലും മറിഞ്ഞു സിസർക്കട്ടടിക്കുന്ന ബുദ്ധിജീവി എന്നർഥം.അവർ ഷൂട്ടു ചെയ്യുന്നതിന്  മുൻപു കളത്തിലിറങ്ങിക്കൊള്ളും. അവാർഡ് കിട്ടുന്ന കാര്യം അവിടെ നിൽക്കട്ടെ. 

അങ്ങ് പങ്കെടുക്കുകയാണെങ്കിൽ അതു തടയാനായി ഞാൻ ചൈന, ഉഗാണ്ട,ആഫിക്ക, ഈസ്റ്റ് ആഫ്രിക്ക, യൂറോപ്പ്, ഈസ്റ്റ് യൂറോപ്പ്, മട്ടാഞ്ചേരി, കടുത്തുരുത്തി തുടങ്ങിയ എട്ടു രാജ്യങ്ങളുടെ തലവന്മാരുടെ ഒപ്പു ശേഖരിച്ചിട്ടുണ്ട്. ശേഖരിച്ചു എന്നു പറഞ്ഞാൽ ഗൂഗിളിൽ തപ്പി കണ്ടെടുത്തിട്ടുണ്ട്. കടുത്തുരുത്തി മൂന്നാം  വാർഡ് അംഗം ഒപ്പുമായി വീട്ടിൽനിന്നും ഇറങ്ങിക്കഴിഞ്ഞു. 

ഇനി അൻപതോളം രാജ്യങ്ങളുടെ തലവന്മാരുടെ ഒപ്പു കൂടി ഞാൻ സംഘടിപ്പിക്കും. ഇവരുടെ ഒപ്പുകൾ ഞാൻ ആദ്യം രാജാവിനു കൈമാറാം. നിവേദനം പിന്നീടു തന്നാൽ മതിയല്ലോ. ഇതൊക്കെ അവർ അറിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാൽ, എന്റെ രാജാവെ അതെല്ലാം പണ്ട്. ഇപ്പോൾ നിവേദത്തിൽ അവർ അറിയാതെതന്നെ ഒപ്പിടാനുള്ള സൗകര്യമുണ്ട്. ഇതിനെയാണു ഡിജിറ്റൽ നിവേദനം എന്നു പറയുന്നത്. ഓൾ കൺട്രി ഡിഡിറ്റൽ, മൈ നിവേദനം ആൾസോ ഡിജിറ്റൽ. 

തനിക്കു സിനിമയെക്കുറിച്ച് വല്ല പിണ്ണാക്കും അറിയുമോ എന്ന ചോദ്യത്തിൽ പ്രസക്തിയില്ല. എല്ലാ ദിവസവും സന്ധ്യക്കു ഞാൻ ഒരു മണിക്കൂർ ചാനൽ ചർച്ചയിലെന്നപോലെ തോന്നിയതെല്ലാം വിളിച്ചു പറയാറുണ്ട്. അവസാനമായി കണ്ട നല്ലതങ്ക എന്ന സിനിമയിലെ ഓരോ രംഗവും എനിക്കിപ്പോഴും കാണാപാഠമാണ്. മാത്രമല്ല ഗൊദാർദ്, ഫെല്ലിനി തുടങ്ങിയ മരുന്നുകളുടെ േപരും എനിക്കറിയാം. 

മലയാള സിനിമയെ വിലയിരുത്താനും എനിക്കു കഴിവുണ്ട്. ‘വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നുവെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമാണ്. ’ എന്നാണ് മലയാള സിനിമയെക്കുറിച്ചുള്ള എന്റെ നിഗമനം. സിനിമ ഇറങ്ങിയാൽ പൂശാവുന്ന നാലു വിവാദങ്ങളും മനസ്സിലുണ്ട്. എല്ലാം തയ്യാറായിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി സിനിമയുടെ കഥ ആലോചിക്കണം. അതിനെല്ലാം സമയമുണ്ടല്ലോ. ഒരുക്കമല്ലെ പ്രധാനം. 

എന്റെ  പേരിനെക്കുറിച്ചും സംശയം തോന്നാം. രാജ രാജ വർമ്മ കണ്ടമുത്തൻ എന്നത് ഞാൻ സ്വയം സ്വീകരിച്ച പേരാണ്. മലയാള സിനിമയിലെ സവർണ്ണ മേധാവിത്വവും അടിയാള സരണിയും തമ്മിലുള്ള ഏറ്റുമുട്ടൽ സജീവമായതിനാൽ സ്വീകരിച്ച പേരാണിത്. അവാർഡിന് വേണ്ടി തയാറെടുക്കുമ്പോൾ പേരുപോലും നാം വളരെ ശ്രദ്ധിക്കണം രാജാവേ. 

മാത്രമല്ല പെരുന്തച്ചന്റെ കുളം പോലെ ഒരു ഭാഗത്തുനിന്നു നോക്കിയാൽ ഇരുണ്ടതും മറു ഭാഗത്തുനിന്നു നോക്കിയാൽ തങ്കഭസ്മത്തിന്റെ നിറവും വരാവുന്നൊരു വിദ്യയ്ക്കായി ഞാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിനിടെ പറയട്ടെ, അങ്ങക്കെന്നെ ബാബു എന്നു വിളിക്കാം. അങ്ങു ചടങ്ങിന് എത്തില്ലെന്ന പ്രതീക്ഷയോടെ അങ്ങയുടെ സ്വന്തം ബാബു.