മോഹൻലാൽ ഡേറ്റ് നൽകാത്തതിനുള്ള പകപോക്കലോ ഈ നീക്കം

ചിത്രത്തിന് കടപ്പാട്: മോഹൻലാൽ ഫെയ്സ്ബുക്ക് പേജ്

തിരുവനന്തപുരം ∙ സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങളിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന കൂട്ടായ്മയ്ക്കു പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ചെയ്തതു പകപോക്കലാണെന്ന് റിപ്പോർട്ട്. മോഹൻലാൽ സിനിമയ്ക്ക് ഡേറ്റ് നല്‍കാത്തതിനെ തുടർന്ന് സംവിധായകൻ ഒരുക്കിയ നാടകമാണ് ഈ വിവാദമെന്ന് സിനിമാരംഗത്തുള്ളവർ പറയുന്നു.

ഈ സംവിധായകന്റെ സിനിമയ്ക്കു മോഹൻലാൽ ഡേറ്റ് നൽകിയില്ല. കഥ പറഞ്ഞപ്പോൾ അതിലെ ചില ഭാഗങ്ങളെക്കുറിച്ചു മോഹൻലാൽ സംശയം ഉന്നയിച്ചു. സംവിധായകനു മറുപടിയും നൽകാനായില്ല.

ഒടുവിൽ മോഹൻലാലിനോടു സംവിധായകൻ പറഞ്ഞതിങ്ങനെ – ‘മോഹൻലാലിനെ മലയാളികൾക്കുമാത്രമേ അറിയാവൂ, ലോകത്തെ വലിയ സിനിമാപ്രവർത്തകർ എന്റെ സിനിമ കണ്ടിട്ടുണ്ട്. അവർക്കെല്ലാം എന്നെ അറിയാം.’

സിനിമാസംഘടനാനേതാവുകൂടിയായ സംവിധായകനാണു ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. കഥ പറഞ്ഞതും തുടർന്നുണ്ടായ സംഭവങ്ങളും മോഹൻലാൽ സംഘടനാനേതാവിനെ അറിയിച്ചു. മോഹൻലാലിനെ നായകനാക്കി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള നേതാവ് ഇക്കാര്യം സംഘടനായോഗത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ വാളെടുത്തിട്ടുള്ള സംവിധായകനാണു കഥയുമായി മോഹൻലാലിനെ സമീപിച്ചത്. നടിയെ അപമാനിച്ച സംഭവത്തിൽ താരസംഘടനയായ അമ്മ തെറ്റായ നിലപാടു സ്വീകരിച്ചുവെന്നും അതിന്റെ പ്രസിഡന്റായ മോഹൻലാലിനെ ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങിൽ പങ്കെടുപ്പിക്കുന്നതു തെറ്റാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

അമ്മ സംഘടനയുടെ നിലപാടുകൾക്കെതിരായ പ്രതിഷേധമെന്ന നിലയ്ക്കാണു പലരും നിവേദനത്തിൽ ഒപ്പുവച്ചത്. മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ദ്രൻസ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഈ വിവരം ഇന്നലെ ചർച്ചയായതോടെ നിവേദനത്തിൽ ഒപ്പിട്ടവർ വെട്ടിലായി.

നിവേദനത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്നു നടൻ പ്രകാശ്‌രാജ് തുറന്നുപറഞ്ഞതോടെയാണു നിവേദനം ‘വ്യാജം’ ആണെന്ന പ്രതീതിയുണ്ടായി. വ്യാജമായി പേരുചേർത്തു നൽകിയ നിവേദനത്തിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോളും ജനറൽ കൗൺസിൽ അംഗം വി.കെ.ജോസഫ് ഉൾപ്പെടെയുള്ളവരും ഉണ്ട്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവർ നിവേദനത്തിനു പിന്നിലെ നിജസ്ഥിതി അന്വേഷിക്കാത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.