രണ്ടാമൂഴം 2019 ജൂലൈയിൽ തുടക്കം; പ്രഖ്യാപനവുമായി നിർമാതാവ്

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന പ്രോജക്ട് ആണ് രണ്ടാമൂഴം. എന്നാൽ സിനിമയെ സംബന്ധിച്ച് പല ഊപാഹോപങ്ങളും സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ട്. ചിത്രം യഥാർത്ഥത്തിൽ നടക്കുമോ എന്നാണ് പലരുടെയും സംശയം. ഇപ്പോഴിതാ സിനിമയിൽ വിശദീകരണവുമായി നിർമാതാവ് ബി.ആർ ഷെട്ടി.

2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും ഷെട്ടി ട്വിറ്ററിൽ കുറിച്ചു. സംവിധായകന്‍ വി.എ. ശ്രീകുമാർ േമനോനുമായുളള ഡല്‍ഹിയിലെ മീറ്റിങിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാവും. പ്രി-പ്രൊഡക്ഷന്‍ ജോലികളൊക്കെ അവസാനഘട്ടത്തിലാണ്. വൈകാതെ ഒരു വലിയ ചടങ്ങില്‍, ആഘോഷപൂര്‍വം ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ചിങ് സംഘടിപ്പിക്കുമെന്നും ബി.ആര്‍.ഷെട്ടി വ്യക്തമാക്കി. 

എം.ടി.യുടെ വിഖ്യാത നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം രണ്ട് ഭാഗങ്ങളിലായി ആയിരം കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് പതിപ്പുകളായും ചിത്രം ലോകമൊട്ടാകെയുള്ള തിയറ്ററുകളിലെത്തും. എന്നാല്‍ മോഹന്‍ലാലിനൊപ്പമെത്തുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 

അതേസമയം വി.ആര്‍.ശ്രീകുമാറിന്‍റെതന്നെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒടിയന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.