ദൃശ്യം സിനിമയ്ക്ക് മറ്റൊരു റെക്കോർഡ്

ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ദൃശ്യം മലയാളത്തിലെ സൂപ്പർഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ വലിയ വിജയം കൈവരിച്ചതിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേയ്ക്കും ദൃശ്യം റീമേക്ക് ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് കടല്‍ കടന്ന് മറ്റൊരു റെക്കോർഡ് കൂടി.

ദൃശ്യത്തിന്റെ ശ്രീലങ്കൻ പതിപ്പ് ശ്രീലങ്കയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുന്നു. ഈ സന്തോഷം പങ്കിടാൻ ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫിനെ ശ്രീലങ്കയിലേയ്ക്ക് അണിയറപ്രവർത്തകർ ക്ഷണിച്ചിരുന്നു. ധർമയുദ്ധാ എന്നായിരുന്നു ശ്രീലങ്കൻ പതിപ്പിന്റെ പേര്.

ഹരിചന്ദ്ര പോലുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത ശ്രീലങ്കന്‍ സംവിധായകനായ ചെയ്യാര്‍ രവിയാണ് ചിത്രം സംവിധാനം ചെയ്തത്. ജാക്സൺ ആന്റണി മോഹൻലാലിന്റെ വേഷം അവതരിപ്പിച്ചപ്പോൾ ദിൽഹാനി, മീനയുടെ വേഷം ചെയ്തു.

തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ വെങ്കിടേഷും ഹിന്ദിയില്‍ അജയ് ദേവ്ഗണുമായിരുന്നു ജോര്‍ജ്കുട്ടിയുടെ വേഷം പുനരവതരിപ്പിച്ചത്.