ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍; ഡിസംബര്‍ ഒന്നിന് ഹൈദരാബാദില്‍ തുടക്കം

ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ നാലാം പതിപ്പ് ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ ഹൈദരാബാദിൽ നടക്കും. ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ പുത്തൻ ഉണർവ് നൽകി രാജ്യാന്തര സിനിമാവിപണിയുടെ നിറുകയിലെത്തിക്കുക എന്ന അതിബൃഹത്തായ ഒരു പദ്ധതിയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

നൂറോളം രാജ്യങ്ങളിൽ നിന്നായി അരലക്ഷത്തോളം കാണികള്‍ പങ്കെടുക്കുന്ന കാര്‍ണിവലില്‍ 15,000 ൽ അധികം സിനിമാ പ്രവർത്തകർ,  5000 വ്യാപാരപ്രതിനിധികള്‍, 500ല്‍ പരം നിക്ഷേപകർ പങ്കെടുക്കും. സിനിമാ സംവിധായകനും നിർമാതാവുമായ സോഹൻറോയ് ആണ്  ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍.

ഇൻഡിവുഡ് അക്കാദമി അവാർഡ്സ്, ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (അലിഫ് 2018), രാജ്യമെമ്പാടുമുള്ള യുവ കലാ പ്രതിഭകൾ മാറ്റുരക്കുന്ന ടാലന്‍റ് ഹണ്ട് എന്നിവ മേളയുടെ ആകര്‍ഷണങ്ങളാണ്. 

ദേശീയ പുരസ്‌കാര ജേതാവായ ബാലചന്ദ്രമേനോനാണ് ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഡയറക്ടർ. നാല് ദിവസം നീണ്ടു നിൽക്കുന്ന കാർണിവലിൽ (ഐഎഫ് സി 2018) സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തിയ്യറ്ററുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ  പ്രദർശനങ്ങൾക്കും വിപണനത്തിനുമായി വിവിധ തരം പ്രദർശന മേളകളും ഉണ്ടാകും. 

നാല് ദിവസം നീണ്ട് നില്‍ക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ (ഐഎഫ് സി 2018) സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തീയേറ്ററുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ പ്രദര്‍ശനങ്ങള്‍ക്കും വിപണനത്തിനുമായി വിവിധ തരം പ്രദര്‍ശന മേളകളും ഒരുക്കും. നിരവധി ചിത്രങ്ങളുടെ പ്രഖ്യാപനങ്ങള്‍, മാധ്യമ രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, ചലച്ചിത്ര ശില്പശാലകള്‍, സെമിനാറുകള്‍, പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണനോത്ഘാടനങ്ങള്‍ തുടങ്ങിയവയ്ക്ക് കാര്‍ണിവല്‍ വേദിയാകും.

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം

ലോകത്തിലെ ഏറ്റവും വലിയ സിനിമ വിപണികളില്‍ ഒന്നായ ഇന്ത്യന്‍ സിനിമ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും. ഇത് വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ യുവാക്കള്‍ക്കും രാജ്യത്തിനും ഏറെ മുന്നേറാന്‍ സാധിക്കും മന്ത്രി ടിപി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇതിനു ഇന്‍ഡിവുഡ് എടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കേരള സര്‍ക്കാര്‍ പിന്തുണയും നല്‍കും മന്ത്രി ടിപി രാമകൃഷണന്‍ പറഞ്ഞു.

നയിക്കാന്‍ സിനിമയിലെ ഒന്നാമന്‍

ലോക സിനിമയിലെ വിസ്മയവും ദേശീയ പുരസ്‌കാര ജേതാവുമായ ബാലചന്ദ്രമേനോനാണ് ഓള്‍ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച വ്യക്തിയാണ് അദ്ദേഹം. 29 ചിത്രങ്ങളാണ് ബാലചന്ദ്രമേനോന്‍ സ്വയം തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചിട്ടുള്ളത്. 

അമേരിക്കന്‍ നടനും സംവിധായകനുമായ വുഡി അലന്റെ 26 സിനിമയുടെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. 40 വര്‍ഷം കൊണ്ട് 37 സിനിമകള്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്തു. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, വിതരണക്കാരന്‍, എഡിറ്റര്‍, ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ രംഗത്തെല്ലാം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

സിനിമകള്‍ സമര്‍പ്പിക്കാം

ഓള്‍ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്‌സര വിഭാഗങ്ങളിലേക്ക് (ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം, ഡോക്യൂമെന്ററി, വിദ്യാര്‍ഥികളുടെ ഷോര്‍ട്ട് ഫിലിം, സിനിമ) അപേക്ഷകള്‍ സമര്‍പ്പിക്കാം. പുതുമുഖ സംവിധയാകര്‍ക്കും അപേക്ഷകള്‍ നല്‍കാം. യശഃശരീരനായ ഐവി ശശിയോടുള്ള ആദര സൂചകമായി മത്‌സര വിഭാഗത്തില്‍ മികച്ച ഇന്ത്യന്‍ പുതുമുഖ സംവിധായകനുള്ള ഐവി ശശി സ്മാരക അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അലിഫ് 2016 ന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആയിരുന്നു അദ്ദേഹം. ആനിമേഷന്‍, കുട്ടികളുടെ സിനിമകള്‍, ഷോര്‍ട് ഫിലിമുകള്‍ എന്നിവ പ്രത്യേക വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മിഷന്‍ ഇന്‍ഡിവുഡ്

10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡാണ് മേള സംഘടിപ്പിക്കുന്നത്. 2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2 കെ ഹോം തീയേറ്ററുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഇന്‍ഡിവുഡ് വിഭാവനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം രാമോജി ഫിലിം സിറ്റയില്‍ നടന്ന മൂന്നാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ജനപങ്കാളിത്തവും പരിപാടിയുടെ മികവ് കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രമുഖ ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ സംഗമത്തിനും ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ വേദിയായി. ലോകോത്തര സിനിമയ്ക്കായി ഇന്ത്യന്‍ ശതകോടീശ്വരന്‍ന്മാര്‍ അണിചേരുന്ന ഇന്ത്യന്‍ ശതകോടീശ്വര ക്ലബിന് തുടക്കം കുറിക്കുകയും ചെയ്തു. അന്‍പതിലധികം ഇന്ത്യന്‍ ശതകോടീശ്വരന്‍മാരും 100ല്‍ അധികം രാജ്യങ്ങളിലെ വ്യവസായ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.