കടലും കടന്ന് ‘ഒടിയൻ’

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഇന്ത്യൻ റിലീസിനൊപ്പം വിദേശത്തും തിയറ്ററുകളിലെത്തും. വേൾഡ് വൈഡ് റിലീസും പ്ലേ ഫിലിംസ് ഓസ്ട്രേലിയയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം വിദേശരാജ്യങ്ങളിൽ പ്രദർശനത്തിനെത്തിക്കുക. വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഓവർസീസ് അവകാശം വിറ്റുപോയിരിക്കുന്നത്.

കേരളത്തിൽ റിലീസ് ചെയ്യുന്ന അതേദിവസം വിദേശത്തും ചിത്രം പ്രദർശനത്തിനെത്തും.ജിസിസി രാജ്യങ്ങളിൽ വേൾഡ് വൈഡ് റിലീസ് ആണ് പ്രദർശനത്തിനെത്തിക്കുക. യു.എസ്, കാനഡ, യുകെ, യൂറോപ്പ്, ഏഷ്യാ പസഫിക്, ആഫ്രിക്ക, വെസ്റ്റ്ഇൻഡീസ് എന്നിവിടങ്ങളിൽ ചിത്രം തിയറ്ററുകളിലെത്തിക്കുക പ്ലേ ഫിലിംസ് ഓസ്ട്രേലിയ ആണ്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹൻലാൽ എത്തുന്നത്. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. 

പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയർ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം. ഒക്ടോബർ 11ന് ചിത്രം തിയറ്ററുകളിലെത്തും.