‘ഇബ്‌ലിസി’നെ കണ്ട് ഞെട്ടി താരങ്ങൾ; പ്രിവ്യു റിപ്പോർട്ട്

ആസിഫ് അലി–മഡോണ ജോഡികൾ പ്രധാനവേഷത്തിലെത്തിയ ഇബ്‌ലിസ് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം രോഹിത്തും ആസിഫും ഒന്നിക്കുന്ന ചിത്രം ഫാന്റസി പ്രണയകഥ പറയുന്നു. താരങ്ങൾക്കായി പ്രത്യേക പ്രിവ്യു ഷോ കൊച്ചിയിൽ സംഘടിപ്പിക്കുകയുണ്ടായി.

സിനിമ കണ്ടിറങ്ങിയ താരങ്ങളും പ്രേക്ഷകരും മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പങ്കുവച്ചത്. സംവിധായകൻ നാദിർഷ, രജിഷ വിജയൻ, മഖ്ബൂല്‍ സൽമാൻ, സിനിൽ സൈനുദ്ദീൻ, അർജുൻ, ബേസിൽ ജോസഫ് തുടങ്ങിയ പ്രമുഖർ പ്രിവ്യുവിന് എത്തിയിരുന്നു.

താരങ്ങളുടെ പ്രതികരണത്തിലേയ്ക്ക്–

നാദിർഷ–നല്ലൊരു ടീം വർക്ക് ആണ്. സാങ്കേതിക കാര്യങ്ങളിലും ചിത്രം മുന്നിട്ട് നിൽക്കുന്നു. ഫീൽ ഗുഡ് സിനിമയാണ്.

ടോം ഇമ്മട്ടി–രാജ്യാന്തര നിലവാരത്തിലുളള സിനിമയാണ് ഇബ്‌ലിസ് എന്നാണ് എനിക്ക് തോന്നുന്നത്.

മഖ്ബൂൽ സൽമാൻ–ഫാന്റസി ലവ് സ്റ്റോറിയാണ് ഇബ്‌ലിസ്. മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവമാണ് ഈ ചിത്രം.

ആസിഫ് അലി–എന്റെ അരികിൽ രോഹിത്ത് എങ്ങനെയാണോ കഥ പറഞ്ഞത്, അതുപോലെ തന്നെയാണ് അദ്ദേഹം ഈ ചിത്രം എടുത്തിരിക്കുന്നതും. വലിയൊരു പരീക്ഷണ ചിത്രമാണിത്. ഇതിന്റെ വിധി എന്താകുമെന്ന് ഇനി പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

ബേസിൽ– രോഹിത്ത് വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. മേക്കിങിൽ തീർത്തും വ്യത്യസ്തമായ ചിത്രം. അതൊരു വെല്ലുവിളി തന്നെയാണ്.

രജിഷ വിജയൻ– മസ്റ്റ് വാച്ച് സിനിമയാണ്. നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തൊരു പ്രമേയമാണ് സിനിമയുടേത്. താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. തീർച്ചയായും നിങ്ങൾ എല്ലാവരും കാണണം.