‘ഇരുവറി’ലെ ആ നഷ്ടം; മമ്മൂട്ടി പറയുന്നു

തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി എം കെ പ്രസിഡന്റുമായ എം കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മമ്മൂട്ടി. നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹത്തിന്റെ വിയോഗമെന്ന് മമ്മൂട്ടി പറഞ്ഞു.

‘നികത്താനാവാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്‌, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും സ്നേഹിച്ച മനസ്സിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഃഖിക്കുന്നു.’–മമ്മൂട്ടി കുറിച്ചു.

കരുണാനിധി-എം ജി ആര്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതങ്ങളെയും സൗഹൃദത്തേയും കുറിച്ച് മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ഇരുവര്‍. എം ജി ആര്‍ ആയി വേഷമിട്ടത് മോഹന്‍ലാല്‍ ആയിരുന്നു, കരുനാനിധിയായി അഭിനയിച്ചത് പ്രകാശ് രാജും. ആ ചിത്രത്തെക്കുറിച്ചാണ് മമ്മൂട്ടി തന്റെ അനുശോചനക്കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

ഇരുവറിലെ തമിഴ്സെൽവൽ എന്ന കഥാപാത്രം കരുണാനിധിയിൽ നിന്നും പ്രചോദനം കൊണ്ട് ഉരുത്തിരിഞ്ഞ ഒന്നായിരുന്നു. നാനാ പടേക്കർ ആയിരുന്നു ഈ വേഷത്തിനായി ആദ്യം പരിഗണിക്കെപ്പട്ടത്. പിന്നീട് മമ്മൂട്ടി, അദ്ദേഹത്തിനും ചില കാരണങ്ങളാൽ വേഷം ചെയ്യാനായില്ല. തുടർന്ന് കമൽഹാസൻ, സത്യരാജ്, അരവിന്ദ് സാമി എന്നിവരെയും പരിഗണിച്ചെങ്കിലും നടന്നില്ല.

നടന്‍ മാധവനെയും മണിരത്നം വിളിക്കുകയുണ്ടായി. മാധവന്‍ സിനിമാ മോഹവുമായി നടക്കുന്ന കാലമായിരുന്നു അത്. എന്നാല്‍ മാധവനെ മണിരത്‌നം തമിഴ്‌സെല്‍വനെ ഏല്‍പിച്ചില്ല. മാധവന്റെ കണ്ണുകള്‍ക്ക് ചെറുപ്പം തോന്നിയ്ക്കുന്നു എന്നും, തനിക്ക് വേണ്ടത് പക്വതയുള്ളയാളാണെന്ന് തോന്നിക്കുന്ന നടനാണെന്നും പറഞ്ഞാണ് അന്ന് മണിരത്‌നം മാധവനെ തഴഞ്ഞത്.

അതിന് ശേഷമാണ് തമിഴ്സെല്‍വൻ പ്രകാശ് രാജിലെത്തുന്നത്. മണിരത്നത്തിന്റെ തന്നെ ബോംബെ സിനിമയിൽ ചെറിയ കഥാപാത്രത്തെ പ്രകാശ്‌രാജ് അവതരിപ്പിച്ചിരുന്നു. ഇത്രയും ചെറിയ കാലയളവിൽ ആ കഥാപാത്രത്തിന് വേണ്ടി തയാറെടുപ്പ് നടത്തുക ബുദ്ധിമുട്ടാണെന്നായിരുന്നു പ്രകാശ് രാജ് ആദ്യം മണിരത്നത്തോട് പറഞ്ഞത്. എന്നാൽ ആ കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ് മണിരത്നം പ്രകാശ് രാജിന് വിവരിച്ചു കൊടുത്തു.

എല്ലാ ഷോട്ടിനും കൃത്യത വേണമെന്ന് ആഗ്രഹിക്കുന്ന മണിരത്നം പ്രകാശ് രാജിന്റെ ആദ്യ ഷോട്ട് എടുത്തത്, 25 ഷോട്ടുകൾക്ക് ശേഷമാണ്. ആ ഷോട്ട് എടുക്കാൻ വേണ്ടി വന്ന സമയം ആറു മണിക്കൂറും. ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി.