എത്ര പണം തന്നാലും 'നരസിംഹം' ആവർത്തിക്കാനില്ല: രഞ്ജിത്ത്

എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും ഇനിയൊരു നരസിംഹം സംവിധാനം ചെയ്യില്ലെന്ന് രഞ്ജിത്ത്. ഒരു സംവിധായകനെന്ന നിലയ്ക്ക് ഇത്തരം സിനിമകൾ തന്നെ തുടർച്ചയായി ചെയ്താൽ തനിക്ക് സ്വയം ബോറടിക്കും. വ്യത്യാസമുള്ള ചിത്രങ്ങൾ ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും രഞ്ജിത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയതായി എന്തെങ്കിലും ചെയ്താൽ മാത്രമേ തനിക്കും ആവേശം തോന്നുകയുള്ളൂ എന്നും രഞ്ജിത്ത് വ്യക്തമാക്കി. 

പാലേരി മാണിക്യം, തിരക്കഥ തുടങ്ങിയ ചിത്രങ്ങൾ ചെയ്തത് ഇത്തരമൊരു പുതുമയോടുള്ള താൽപര്യം കൊണ്ടാണ്. നരസിംഹം പോലെയുള്ള സിനിമകൾ ചെയ്തുകൂടെയെന്ന് നിരവധിപ്പേർ ചോദിക്കാറുണ്ട്. പക്ഷെ എപ്പോഴും അതേ രീതി തന്നെ പിന്തുടരുന്ന സംവിധായകരെ ജനം വേഗം മറക്കും. എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലെയൊരു ചിത്രം ചെയ്യാൻ തനിക്കിനി ആകില്ലെന്നും രഞ്ജിത്ത് പറയുന്നു.

രഞ്ജിത്ത് തിരക്കഥയൊരുക്കി ഷാജികൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് നരസിംഹം. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട്. മലയാളം കണ്ട എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററായിരുന്നു നരസിംഹം. എന്നാല്‍ അത്തരം സിനിമകളില്‍ നിന്ന് മലയാള സിനിമ പതിയെ മാറിക്കൊണ്ടിരിക്കുകയാണ് എന്നും  രഞ്ജിത് അഭിപ്രായപ്പെട്ടു. എഴുതി വച്ച സംഭാഷണങ്ങള്‍ അതുപോലെ പറയുന്ന മുന്‍കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഡയലോഗ് ഇംപ്രോവൈസ് ചെയ്യുന്ന ഫ്ലെക്സിബിള്‍ രീതിയാണ് ഇപ്പോള്‍ ഉള്ളത് എന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഡ്രാമ’യുടെ അവസാനവട്ടപണിപ്പുരയിലാണ് അദ്ദേഹം.  ഡ്രാമ ഒരു ഫാമിലി ഡ്രാമയാണ് എന്നും മനുഷ്യബന്ധങ്ങളുടെ കഥ ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് എന്നും രഞ്ജിത് പറഞ്ഞു.  മോഹന്‍ലാല്‍ ഇതുവരെ അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഡ്രാമയില്‍ കാണാന്‍ കഴിയും എന്നും രഞ്ജിത് വെളിപ്പെടുത്തുന്നു.