കരുത്തോടെ മേജർ രവിയും സംഘവും; രക്ഷപ്പെടുത്തിയത് ഇരുന്നൂറോളം ആളുകളെ

മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയ മേജർ രവിയും കൂട്ടരും രക്ഷിച്ചത് ഇരുന്നൂറോളം ജീവനുകളാണ്. ഏലൂക്കര നോർത്ത് മദ്രസ പള്ളിക്ക് സമീപമുള്ള ആളുകളെയാണ് ജീവൻപണയം വച്ച് അദ്ദേഹം രക്ഷപ്പെടുത്തിയത്.

‘പെരിയാറിനോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ ഈ സ്ഥലത്ത് ആറ് അടി മുതൽ ഏഴ് അടി വരെ വെള്ളം കയറിയിരുന്നു. പോരാത്തതിന് ശക്തിയായ ഒഴുക്കും. ആദ്യം ട്യൂബിലും മറ്റുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് മത്സ്യത്തൊഴിലാളിയായ സിൽവസ്റ്ററിനൊപ്പം ചേർന്ന് ബോട്ടിലും ആളുകളെ രക്ഷപ്പെടുത്തി.’–മേജർ രവി പറയുന്നു. ആരോഗ്യം തന്നെ മാറ്റിവച്ച് കഴിഞ്ഞ മൂന്ന് ദിവസമായി മേജർ രവി രക്ഷാപ്രവർത്തനത്തിലായിരുന്നു. 

‘ഏലൂക്കര പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഏലൂക്കര നോർത്ത് ഭാഗത്തുനിന്നും നീന്തി രക്ഷപ്പെട്ട ഒരാളെ കാണാനിടയായത്. സാറെ എങ്ങനെയെങ്കിലും കുടുംബത്തെ രക്ഷിക്കണമെന്നും ഒരു വയസ്സുള്ള കുട്ടിയും ഗർഭിണിയായ ഭാര്യയും അമ്മയും അവിടെയുണ്ടെന്നും പറഞ്ഞു.’

‘അവിടേയ്ക്ക് പോകാൻ ബോട്ട് ഉണ്ടെന്ന് പറഞ്ഞെങ്കിലും സ്ഥലത്ത് എത്തിയപ്പോൾ ബോട്ട് ഉണ്ടായിരുന്നില്ല, പിന്നീട് ട്യൂബിന്റെ സഹായത്താലാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്റെ കൂടെ പത്ത് ഇരുപതോളം കുട്ടികളും രക്ഷാപ്രവർത്തനത്തിന് സഹായിച്ചു. 

‘ശക്തമായ ഒഴുക്കായിരുന്നു രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി നിന്നത്. എന്നാൽ അവിടെ എത്തിയപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലാകുന്നത്. അവിടെ ഏകദേശം ഇരുന്നൂറോളം ആളുകൾ അകപ്പെട്ട് കിടക്കുകയായിരുന്നു.’

‘അങ്ങനെ മത്സ്യത്തൊഴിലാളിയായ സിൽവസ്റ്ററിനൊപ്പം ബോട്ടിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒഴുക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ ബോട്ടില്‍ നിന്നും ഇറങ്ങി തളളി നീക്കിയാണ് ഗതി മാറ്റിക്കൊണ്ടിരുന്നത്. എല്ലാവരും കൂട്ടായ്മപോലെ ഒത്തൊരുമിച്ച് നിന്നതിനാലാണ് ഈ ദുരന്തത്തെ വിജയിക്കാനായത്. ഒരാൾ ഇറങ്ങിയാൽ കൂടെ ആയിരങ്ങൾ വരും. ഒരാൾ മുന്നിട്ടിറങ്ങിയാൽ മതി, ആ കരുത്താണ് നമുക്ക് ഉണ്ടാകേണ്ടത്. ’

‘ഏലൂക്കര ജുമാമസ്ജിദിലായിരുന്നു ഈ മൂന്നുദിവസവും ഞങ്ങൾ. പിന്നീട് രക്ഷപ്പെടുത്തിയവരെ ആലുവ യുസി ക്യാംപിൽ പോയി നേരിട്ട് കണ്ടു. അവിടെയുള്ളവർക്ക് മാനസികമായും കരുത്ത് നൽകി. എല്ലാവരും കൂടെ ഉണ്ടെന്ന വിശ്വാസമാണ് അവർക്ക് നൽകേണ്ടത്. പരമാവധി പേർക്ക് ഊർജം നൽകാൻ ചില ക്ലാസുകളും നടത്തുന്നുണ്ട്.’–മേജർ രവി പറഞ്ഞു.