പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് മണിയുടെ സഹോദരന്റെ കുടുംബം

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് കലാഭവൻ മണിയുടെ സഹോദരൻ വേലായുധന്റെ കുടുംബം. പ്രളയത്തിൽ വീട് പൂർണ്ണമായി മുങ്ങിപ്പോയതിനാൽ ചാലക്കുടി ഈസ്റ്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വേലായുധന്റെ  ഭാര്യ വത്സയും മകൻ സുമേഷും ഭാര്യയും മക്കളും താമസിച്ചിരുന്നത്. വേലായുധൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മകൻ സുമേഷ് ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. 

തിരികെയെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം വെളളത്തില്‍ ഒലിച്ചു പോകുകയും നശിച്ചുപോകുകയും ചെയ്തിരുന്നു. ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ വീട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം.പതിനഞ്ച് വർഷം മുമ്പാണ് ഈ വീട് മണി വാങ്ങിക്കൊടുത്തത്. 

ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗമായ ഓട്ടോറിക്ഷയും വെള്ളം കയറി നശിച്ച അവസ്ഥയിലായപ്പോൾ മുന്നോട്ട് ജീവിക്കാൻ ഇവരുടെ മുന്നിൽ വേറെ മാർ​ഗമില്ല. ''വീടിന്റെ ഒരുഭാ​ഗം തകർന്നു. വീടിനകം മുഴുവൻ ചെളി കയറിയ അവസ്ഥയിലാണ്. ക്യാംപിലിരുന്നപ്പോഴും വീടിന്റെ കാര്യത്തിൽ എന്ത് ചെയ്യുമെന്ന ചിന്തയിലായിരുന്നു ഞങ്ങൾ.'' താമസിക്കാൻ പറ്റിയ സാഹചര്യമല്ല വീടിനുള്ളതെന്ന് വേലായുധന്റെ ഭാര്യ വത്സ പറയുന്നു.