‘ലൂസിഫറു’മായി പൃഥ്വി, ‘ലോക്കൽ സ്റ്റോറി’യുമായി ഹരിശ്രീ അശോകൻ

മലയാള താരങ്ങളിൽനിന്ന് ഒരു സംവിധായകൻ കൂടി എത്തുന്നു. മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകനാണ് സംവിധാന രംഗത്തേക്കു ചുവടുവെയ്ക്കുന്നത്. മോഹൻലാൽ ചിത്രം ലൂസിഫറിലൂടെ പൃഥ്വിരാജ് സംവിധാനത്തിലേക്കു കടന്നതിനു പിന്നാലെയാണ് മലയാളസിനിമയിൽ നർമത്തിനു പുതിയ മാനങ്ങൾ നൽകിയ ഹരിശ്രീ അശോകനും സംവിധായകന്റെ തൊപ്പിയണിയുന്നത്.

‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’ എന്നാണ് ചിത്രത്തിന്റെ പേര്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി , മനോജ് കെ. ജയൻ, സുരഭി സന്തോഷ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ പൂജ സെപ്റ്റംബര്‍ മൂന്നിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും.

കോമഡി എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രമെന്നാണ് വിവരം. എം. ഷിജിത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേർന്ന് എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് നിർമാണം.

ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, ജോയ് മാത്യു, ബാബുരാജ്, സിദ്ധാര്‍ഥ് ശിവ‍, നാദിര്‍ഷ, വിനീത് കുമാര്‍, സലിം കുമാര്‍, രമേഷ് പിഷാരടി തുടങ്ങിയവരും അഭിനയരംഗത്തുനിന്നും സംവിധായകരായതാണ്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്‌ഷൻ ഡ്രാമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ഇവർക്കു പിന്നാലെയാണ് ഹരിശ്രീ അശോകന്റെ വരവ്.