26 വർഷം കാത്തുസൂക്ഷിച്ച നിധി മോഹൻലാലിന് നൽകി ആരാധകൻ

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് മോഹൻലാൽ. ഇഷ്ടതാരത്തെ േനരിൽ കാണാനും അടുത്ത് പരിചയപ്പെടാനുമുള്ള ആഗ്രഹവുമായി നടക്കുന്നവരും നിരവധി. മോഹൻലാലിന് കൊടുക്കാൻ നിധിപോലെ സൂക്ഷിച്ചൊരു സമ്മാനം കൊണ്ടുനടക്കുന്ന ആരാധകനാണ് സഫീർ. കഴിഞ്ഞ 26 വർഷമായി ആ സമ്മാനം സഫീറിന്റെ കയ്യിലുണ്ട്. മോഹൻലാലിനെ ഒന്നുകാണിക്കുക എന്നത് മാത്രമായിരുന്നു സഫീറിന്റെ ആഗ്രഹം.

ഇപ്പോഴിതാ ആ ആഗ്രഹം പൂർത്തിയായിരിക്കുന്നു. നിധിപോലെ കാത്തുസൂക്ഷിച്ച ആ സമ്മാനം സഫീർ തന്റെ പ്രിയതാരത്തിന് നേരിട്ട് നൽകി. മോഹൻലാലിന് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ ആ വാര്‍ത്ത വന്ന പത്രമാണ് താരത്തിന് വേണ്ടി ഒരു പോറൽ പോലുമേല്‍ക്കാതെ സൂക്ഷിച്ചിരുന്നത്. മോഹന്‍ലാൽ ഈ പത്രം കാണുകയും സഫീറിനൊപ്പം ചിത്രമെടുക്കുകയും ചെയ്തു. 

സഫീറിന്റെ വാക്കുകൾ–‘1992 ഏപ്രിൽ 8. ലാലേട്ടന് മികച്ച നടനുള്ള ആദ്യ നാഷണൽ അവാർഡ് ലഭിച്ച വാർത്ത വന്ന മനോരമ പത്രം. അന്ന് പ്രീഡിഗ്രി  വിദ്യാർത്ഥിയായിരുന്ന ഞാൻ കൗതുകത്തിന് എടുത്ത് വെച്ചതാണ് ഈ പേപ്പർ... ഇപ്പോൾ 26 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 

ഈ പേപ്പർ ലാലേട്ടനെ കാണിക്കമെന്ന എന്റെ ഏറെ നാളത്തെ ആഗ്രഹം നടന്നു.... ഇന്നിതാ ലാലേട്ടൻ ആ പേപ്പർ കണ്ടു, ആ പേപ്പർ പിടിച്ച് കൊണ്ട്  ഫോട്ടോസ് എടുത്തു. വളരെ വളരെ സന്തോഷം'.

ഖത്തറിൽ ജോലി ചെയ്യുന്ന സഫീർ കൊടുങ്ങല്ലൂർ സ്വദേശിയാണ്.