പ്രണയ സിനിമപോലെയാകും ജീവിതമെന്നു കരുതി, അത് തെറ്റി: ശാന്തി കൃഷ്ണ

വിവാഹജീവിതത്തിലെ തകർച്ചയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ശാന്തി കൃഷ്ണ. സിനിമ പോലെ തന്നെയാണ് ജീവിതമെന്ന് തെറ്റിദ്ധരിച്ചു. അല്ലെന്ന് തിരിച്ചറിയുമ്പോഴേക്കും തകര്‍ന്നു പോയെന്ന് ശാന്തി കൃഷ്ണ പറയുന്നു.

‘സിനിമപോലെ തന്നെയാകും ജീവിതവും എന്നാണ് കരുതിയത്. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ശ്രീനാഥുമായുള്ള പ്രണയ വിവാഹം. ഇത് പത്തൊമ്പതാമത്തെ വയസിലായിരുന്നു. പിന്നീടാണ് ആ തീരുമാനം ഒട്ടും പക്വതയില്ലാത്തതായിരുന്നുവെന്ന് തിച്ചറിഞ്ഞത്. അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി. പക്ഷേ യാഥാര്‍ഥ്യം അതല്ലായിരുന്നു’. ആ പ്രായത്തില്‍ മാതാപിതാക്കള്‍ പറയുന്നത് കേട്ടില്ലെന്നും നടി പറഞ്ഞു. 

ഞാൻ ഇനി ദുഃഖപുത്രിയല്ല; ശാന്തികൃഷ്ണ

ഒമ്പതുവർഷത്തോളം ആ ദാമ്പത്യം നീണ്ടു നിന്നു. ആ വിവാഹമോചനത്തിന് ശേഷം രണ്ടു വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹം നടന്നു. 

എന്നാല്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. എന്നാല്‍ ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ വിവാഹമോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നുവെന്ന് ശാന്തി കൃഷ്ണ വെളിപ്പെടുത്തി.

ഒരു അമ്മ എന്ന നിലയില്‍ എന്ത് തീരുമാനം എടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത നമുക്ക് ഉണ്ടാകും ആ സമയത്ത് ഒരു റോബോട്ടിനെപ്പോലെയാണ് ജീവിച്ചത്. ശരിക്കും ഒരു കൊക്കൂണില്‍ ആയിരുന്നു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നു നടി കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസുതുറന്നത്.