പയ്യന്നൂർ കോളജിലെ വരാന്ത ഇനിയില്ല, ആ പാതിരാക്കാറ്റോ ?

പ്രണയവും വിരഹവും ഗൃഹാതുരതയും നിറയുന്ന പയ്യന്നൂർ കോളജിലെ ആ നീണ്ട വരാന്ത ഇനിയില്ല. കോളജ് നവീകരണത്തിന്റെ ഭാഗമായി വരാന്ത പൊളിച്ചു നീക്കുകയാണെന്ന വിവരം കോളജിലെ പൂർവ വിദ്യാർഥിയും അഭിനേതാവുമായ സുബീഷ് സുധിയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിനൊപ്പം മലയാളികളുടെ മനസ്സിൽ കുടിയേറിയതാണ് പയ്യന്നൂർ കോളജിലെ ആ വരാന്ത. ‘വടക്കൻ കേരളത്തിൽ കണ്ടു വരുന്നൊരു പ്രത്യേകതരം പാതിരാക്കാറ്റ് കയറി ഇറങ്ങിപ്പോകുന്ന’ വരാന്തയിൽ വച്ചു പറഞ്ഞ ഡയലോഗ് പയ്യന്നൂരിനു പുറത്തും നിരവധി കാമുകീകാമുകൻമാരുടെ ഉറക്കം കെടുത്തി. കിരീടത്തിലെ കലുങ്ക് പോലെ, മഹാരാജാസിലെ ചുറ്റുഗോവണി പോലെ, പയ്യന്നൂർ കോളജിലെ വരാന്തയും ഒരു കഥാപാത്രമായി മലയാളികളുടെ ഓർമകളിലേക്കു ചേക്കേറുകയായിരുന്നു.

സിനിമയ്ക്കായി കലാലയങ്ങൾ അന്വേഷിച്ചു നടന്ന വിനീതിന് പയ്യന്നൂർ കോളജ് കാണിച്ചുകൊടുത്തത് സുബീഷ് ആയിരുന്നു. ‘കാസർകോട് ജില്ലയിൽ ഒരു കോളജ് വേണമെന്നായിരുന്നു വിനീത് ആവശ്യപ്പെട്ടത്. ഞാൻ വിനീതിനെ പയ്യന്നൂർ കോളജ് കാണിച്ചു. കണ്ട ഉടനെ സിനിമയ്ക്ക് ഇതു മതിയെന്നു വിനീത് ഉറപ്പിച്ചു’ - സുബീഷ് ഓർത്തെടുത്തു.

സിനിമയ്ക്കു വേണ്ടിയെഴുതിയ ഡയലോഗ് ആണെങ്കിലും അതിലെ ഫീൽ ആ വരാന്തയിലൂടെ നടക്കുമ്പോൾ അനുഭവിച്ചിട്ടുണ്ടെന്നു വിനീത് ശ്രീനിവാസൻ പറഞ്ഞതായി സുബീഷ് സുധി ഓർക്കുന്നു. ഒരിക്കൽ പയ്യന്നൂരിൽ ഒരു പരിപാടിക്കു വന്നപ്പോഴായിരുന്നു അത്. പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ടു മണിയൊക്കെ ആയപ്പോൾ കോളജിലെത്തി ഒറ്റയ്ക്ക് ആ വരാന്തയിലൂടെ വിനീതും നടന്നു നോക്കി. ‘വല്ലാത്ത ഒരു ഫീൽ’ എന്നായിരുന്നു ആ നടത്തത്തെക്കുറിച്ചു വിനീത് പിന്നീടു സുബീഷിനോടു പറഞ്ഞത്.

‘പയ്യന്നൂർ കോളജിലാണ് ഞാൻ പഠിച്ചത്. കുറെ വർഷം കഴിഞ്ഞു തിരിച്ചു പോകുമ്പോൾ വല്ലാതെ കൊതിപ്പിക്കുന്ന ഒരു ഇടമാണ് ആ വരാന്ത. കോളജിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം വരുന്നതും വരാന്തയാണ്. നല്ല നീളമുള്ള വിശാലമായ വരാന്തയാണ്. അങ്ങനെയൊന്ന് പലയിടങ്ങളിലും ഇപ്പോഴില്ല. വരാന്ത പൂർണമായും പൊളിക്കുന്നില്ല. പക്ഷേ, അതിന്റെ മധ്യഭാഗം പൊളിച്ച് പുതിയ കെട്ടിടത്തിലേക്കു വഴിയൊരുക്കും.

ആ സിനിമയ്ക്കു ശേഷം പയ്യന്നൂർ എന്നു പറയുമ്പോൾ ഏവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുക പയ്യന്നൂർ കോളജിലെ വരാന്തയാണ്. ഇനി അതില്ല എന്നോർക്കുമ്പോൾ സങ്കടം ഉണ്ട്. എന്നാലും പുതിയ പിള്ളേർക്കു പഠിക്കാൻ സൗകര്യം ഒരുക്കാനല്ലേ എന്നു കരുതി ആശ്വസിക്കുന്നു’- സുബീഷ് കൂട്ടിച്ചേർത്തു.

അതേസമയം സുബീഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന് താഴെ നിരവധി ആളുകൾ പ്രതികരിക്കുന്നുണ്ട്. ഈ വരാന്തയുടെ ചുവരുകൾക്കും ഓരോ കഥ പറയനാനുണ്ടെന്നായിരുന്നു ആരാധകരുടെ പ്രതികരണം.