പ്രഭാസ് കൊടുത്തത് ഒരു കോടിയല്ല, 25 ലക്ഷം

തെലുങ്ക് സൂപ്പർതാരം പ്രഭാസ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയെന്ന വാർത്ത തെറ്റ്. 25 ലക്ഷം രൂപയാണ് അദ്ദേഹം കേരളത്തിനായി നൽകിയതെന്നും തെറ്റായ രീതിയിൽ വാർത്തകൾ വന്നതെങ്ങനെയെന്ന് അറിയില്ലെന്നും പ്രഭാസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

തെലുങ്ക് സിനിമയിൽനിന്നു വിജയ് േദവരകൊണ്ടയാണ് കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നൽകിയെന്ന് ആദ്യം അറിയിക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രഭാസ് ഒരു കോടി രൂപ സംഭാവന നൽകിയതായി വാർത്ത വരുന്നത്. എന്നാല്‍ ഓഗസ്റ്റ് പത്തൊൻപതിനു തന്നെ തെലുങ്കിലെ പ്രമുഖ നിർമാതാവ് എസ്കെഎൻ പ്രഭാസിന്റെ സംഭാവന സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നൽകിയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാൽ ഫാൻസ് പേജുകളിലും മറ്റും പ്രഭാസ് ഒരു കോടി രൂപ നൽകിയെന്നാണ് പ്രചരിപ്പിച്ചത്. എന്നാൽ, പ്രഭാസിനോട് അടുത്ത വൃത്തങ്ങൾ ഇതു നിഷേധിക്കുകയും അദ്ദേഹം 25 ലക്ഷമാണ് കൊടുത്തതെന്ന് അറിയിക്കുകയും ചെയ്തു.