ആനന്ദക്കണ്ണീരിൽ കലാഭവൻ മണി; അനുഭവം പങ്കുവച്ച് സഹോദരൻ

കലാഭവൻ മണിയുമൊത്തുള്ള വികാരനിർഭരമായ ചിത്രം പങ്കുവച്ച് സഹോദരനും നടനുമായ ആർ.എൽ.വി രാമകൃഷ്ണൻ. പരസ്പരം ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രത്തില്‍ മണിയുടെ കണ്ണില്‍ നിന്നും സ്നേഹത്തിന്റെ കണ്ണീർ പൊഴിയുന്നത് കാണാം.

ആർ.എൽ.വി രാമകൃഷ്ണന്റെ വാക്കുകൾ–

ഈ ഫോട്ടോ നിലയ്ക്കില്ല ഒരിക്കലും, മണിനാദം എന്ന ഗ്രൂപ്പിൽ കണ്ടതാണ്. ഇത് മറ്റാരും അല്ല ഞാനും ചേട്ടനും ആണ്. വർഷങ്ങൾക്ക് മുൻപ് അന്നമനടയിലെ നൃത്ത വിദ്യാലയത്തില്‍ വാർഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മണി ചേട്ടൻ. 

പരിപാടിയുടെ അന്ന് ഷൂട്ടിങ്ങ് ഉള്ളതിനാൽ എത്താൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയി. നാട്ടുകാരുടെ മുൻപിൽ ഞാനെന്തു പറയും എന്ന് വിചാരിച്ച് പകച്ച് നിൽക്കുന്ന സമയം. ഉദ്ഘാന ചടങ്ങ് നടന്നു കൊണ്ടിരിക്കെ ആരോടും പറയാതെ സ്റ്റേജിലേക്ക് നടന്നു വന്ന ചേട്ടനെ കണ്ടപ്പോൾ ഓടി ചെന്ന് കെട്ടിപിടിച്ചതാണ് ഈ രംഗം. ഈ ഫോട്ടോ ഗ്രൂപ്പിൽ ഇട്ടത് ആരാണെന്നറിയില്ല. ആരായാലും ഒരു പാട് നന്ദി.