ഇതെന്റെ പുത്തന്‍ റെയ്ബാന്‍: സ്ഫടികം 2 വുമായി ബിജു മുന്നോട്ട്

സ്ഫടികം രണ്ടാം ഭാഗത്തിനെതിരെ ഭദ്രൻ അടക്കം രംഗത്തെത്തിയെങ്കിലും ചിത്രവുമായി മുന്നോട്ടു പോകുമെന്ന് ബിജു ജെ. കട്ടക്കൽ. ഭദ്രൻ സംവിധാനം ചെയ്ത എക്കാലത്തെയും ക്ലാസിക് ഹിറ്റായ സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വാർത്തയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.

ആടുതോമയുടെ മകന്റെ കഥയുമായി സ്ഫടികത്തിനു രണ്ടാം ഭാഗം ഒരുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത് ബിജു ജെ.കട്ടക്കല്‍ എന്ന സംവിധായകനാണ്. യുവേഴ്‌സ് ലവിങ്ലി'  എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് പറയുക എന്നും ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. തുടർന്ന് ഭദ്രൻ അടക്കമുള്ളവർ ചിത്രത്തിനെതിരെ രംഗത്തുവന്നു.

പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതില്‍ നിന്ന് പിന്മാറില്ല എന്ന് തന്നെയാണ് സംവിധായകന്റെ നിലപാട്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ബിജു.  

‘തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം എന്നും പഴയ റയ്ബാന്‍ ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരുന്നോട്ടെ...ഇത് എന്റെ പുതു പുത്തന്‍റെയ്ബാന്‍ ഇതില്‍ ആരുടേയും നിഴല്‍ വേണ്ട"...എന്ന് പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടുള്ള ബിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

‘അപ്പൊ കഴിഞ്ഞത് കഴിഞ്ഞു ഇനിയും ഇത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഞാന്‍ ഒപ്പീസു പാടിക്കും"...എന്നാണ് പുതിയ പോസ്റ്ററിലെ ഡയലോഗ്. മലയാളത്തിലെ യുവാക്കളുടെ ഹരമായ സെന്‍സേഷണല്‍ ഹീറോ ചിത്രത്തില്‍ ഇരുമ്പന്‍ ജോണി ആയി വേഷമിടുമെന്നും ബിജു പറയുന്നു.