ആ ചോദ്യത്തിൽ ക്ഷുഭിതനായി മോഹന്‍ലാൽ; വിഡിയോ

സമയവും സന്ദർഭവും നോക്കാതെയുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി മോഹന്‍ലാല്‍. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം ദുരന്തബാധിതര്‍ക്ക് നല്‍കുന്ന ചടങ്ങിനിടെയാണ് സംഭവം. 

ചടങ്ങിന് ശേഷം  സംസാരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരിൽ ഒരാൾ കന്യാസ്ത്രീമാർ നടത്തുന്ന സമരത്തെക്കുറിച്ച് മോഹൻലാലിന്റെ അഭിപ്രായം ചോദിച്ചത്. 

‘മോനെ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍? ആ കന്യാസ്ത്രീകള്‍ എന്തു ചെയ്യണം. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം – എന്നായിരുന്നു ലാലിന്റെ പ്രതികരണം. 

വിശ്വശാന്തി ഫൗണ്ടേഷന്റെ രണ്ടാം ഘട്ട പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം കുറിക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. പ്രളയം കുടുതല്‍ ദുരിതം വിതച്ച പത്തനംതിട്ട ജില്ലയിലെ ആറന്മുള, അയിരൂര്‍ മേഖലകളിലും ആലപ്പുഴയിലെ നെടുമുടിയിലുമാണ് രണ്ടാം ഘട്ടത്തില്‍ സഹായം എത്തുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഗോഡൗണില്‍ നിന്നും സാധനങ്ങളുമായി പോകുന്ന വാഹനങ്ങളുടെ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ മോഹന്‍ലാല്‍ നിര്‍വഹിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ട പ്രവര്‍ത്തനം തിരുവന്തപുരത്ത് നടത്തുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

വിശ്വശാന്തിയുടെ ദുബായ് വോളണ്ടിയേഴ്‌സായ ലാല്‍ കെയേഴ്‌സിന്റെ നേതൃത്വത്തില്‍ 3 കണ്ടെയ്‌നറുകളിലായി 3 കോടി രൂപയിലധികം വിലവരുന്ന സാധനങ്ങളാണ് കൊച്ചിയില്‍ എത്തിച്ചത്. നേരത്ത വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ നാല് കണ്ടെയ്നറുകളിൽ സാധനസാമഗ്രികളുമായി വിശ്വശാന്തി ഫൗണ്ടേഷന്റെ സംഘാടകർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.