ജീവന്‍പണയംവെച്ച് ആ സംവിധായകൻ അപകടരംഗത്തിൽ ഡ്യൂപ്പ് ആയി

സിനിമയിൽ അപകടരംഗങ്ങൾ കൂടുതലും ഡ്യൂപ്പ് ഉപയോഗിച്ചാകും ചിത്രീകരിക്കുക. വണ്ടി അപകടങ്ങളാണെങ്കിൽ റിസ്ക് കൂടും. എന്നാൽ ഇതേരംഗത്തിനായി ഡ്യൂപ്പിന് പകരം വണ്ടിയിൽ ഇരുന്നത് സംവിധായകൻ തന്നെ. 

റിലീസിനൊരുങ്ങുന്ന ലില്ലി സിനിമയിലെ രംഗത്തിന് വേണ്ടിയാണ് സംവിധായകൻ പ്രശോഭ് വിജയൻ ജീവൻ പണയംവെച്ച് രംഗത്തിറങ്ങിയത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടി ഇടിക്കുന്ന രംഗത്തിൽ ഡ്രൈവറായി ഇരുന്നത് പ്രശോഭ് തന്നെ. 

അപകടരംഗം ചിത്രീകരിക്കുന്ന വിഡിയോ പ്രശോഭ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആ അനുഭവം പ്രശോഭിന്റെ വാക്കുകളിലൂടെ–

‘ലില്ലിയുടെ ഷൂട്ട് തുടങ്ങി പതിനഞ്ചാമത്തെ ദിവസ്സം ഒരു അപകട രംഗം ഉണ്ടായിരുന്നു ഷൂട്ട് ചെയ്യാന്‍ . എന്നെ ആരോക്കയോ ചേര്‍ത്ത് നിര്‍ത്തി ആശ്വസ്സിപ്പിച്ച, കെട്ടിപ്പിടിച്ച , ബഹുമാനിച്ച ദിവസ്സം. ലില്ലിയിലെ എന്റെ പ്രിയപ്പെട്ട ദിവസം.

സ്വപ്നമാണ് വലുത് , ആ കാറിലിരുന്ന് ഇടി കൊണ്ടതും , കിട്ടിയ വേദനയൊന്നും പുറത്ത് കാണിക്കാതെ ഓടി പോയി ഷോട്ട് ഓക്കെ ആണോ എന്ന് നോക്കിയതും എന്നെ ഞാനാക്കിയതും കുറേ ഏറെ സ്വപ്നങ്ങള്‍ തന്നെയാണ് !!!.

അടുത്ത ദിവസം രാവിലെ ഷൂട്ടിനു വന്നപ്പോള്‍ കുറച്ചു പേരൊക്കെ എഴുന്നേറ്റ് നിന്നു , എന്തെങ്കിലും കുഴപ്പം ഉണ്ടോ , വേദനയുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.. മഹേഷിന്‍റെ പ്രതികാരത്തിലെ മൂപ്പരുടെ ചിരി തന്നെയായിരുന്നു എന്‍റെ മറുപടിയും.

ps : ആദ്യത്തെ ഷോട്ട് നശിപ്പിച്ചുകൊണ്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കാന്‍ ഓടി വന്നവരോടു ഇപ്പോഴും ദേഷ്യം തന്നെയാണ്. നിങ്ങളൊക്കെ കാരണം റീടേക്ക് പോയി , രണ്ടാമത്തെ പ്രാവശ്യവും നല്ല ഇടിയും കിട്ടി.  ഇതു വായിച്ചിട്ട് ആരും പോയി അപകട രംഗം ഷൂട്ട് ചെയ്യാന്‍ നില്‍ക്കണ്ട..പകരം എന്താണോ സ്വപ്നങ്ങള്‍ അതിന് വേണ്ടി ഏത് അറ്റം വരെ പോകേണ്ടി വന്നാലും പോയി അത് സ്വന്തമാക്കിയിട്ട് ഇവിടെ തിരിച്ച് വരൂ.’

തീവണ്ടി നായിക സംയുക്ത മേനോൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ‘ലില്ലി’  സെപ്റ്റംബർ 27നാണ് റിലീസ് ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥ. ചിത്രത്തിൽ അഭിനയിക്കുന്ന പ്രധാനകഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്. എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക്. ചിത്രത്തിലെ വയലൻസ് രംഗങ്ങൾകൊണ്ടാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്.

സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകയിൽ, കെവിൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ് നിർമാണം.