‘അന്ന് 8 ലക്ഷമെങ്കിൽ ഇന്ന് മലയാളസിനിമയുടെ ചെലവ് 16 കോടി’

വെള്ളിത്തിരയിൽ അരോമ മോഹൻ എന്ന പേരു പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടു 39 വർഷമായി. ഇതുവരെ 133 സിനിമകളുടെ പ്രൊഡക്‌ഷൻ കൺട്രോളറായി പ്രവർത്തിച്ചു. കൊച്ചിയിൽ ഒരേസമയം മൂന്നു സിനിമകളുടെ കൺട്രോളറായി പ്രവർത്തിക്കുകയാണ് ഇപ്പോൾ.

മമ്മൂട്ടി ചിത്രമായ ‘മധുരരാജ’, ജിത്തു ജോസഫ് ചിത്രമായ ‘മി. റൗഡി’, ബി. ഉണ്ണിക്കൃഷ്ണന്റെ ദിലീപ് ചിത്രം എന്നിവയാണ് ഒരേസമയം ചെയ്യുന്നത്. താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും സുഖസൗകര്യങ്ങൾ നോക്കുന്നതിനൊപ്പം മൂന്നു പടങ്ങൾക്കും ചിത്രീകരണ സൗകര്യം ഒരുക്കിക്കൊടുക്കാനും മോഹനു കഴിയുന്നു. 

ഓരോ ഷൂട്ടിങ് യൂണിറ്റിലും ഒരു പ്രൊഡക്‌ഷൻ എക്സിക്യുട്ടീവും രണ്ടു പ്രൊഡക്‌ഷൻ മാനേജർമാരുമടങ്ങുന്ന ടീം സഹായിക്കാനുണ്ട്. അങ്ങേയറ്റം ടെൻഷൻ പിടിച്ച പണിയാണിതെന്നും സിനിമയുടെ കടലാസ് ജോലി തുടങ്ങുമ്പോൾ മുതൽ റിലീസ് വരെ പ്രവർത്തിക്കുന്ന പ്രൊഡക്‌ഷൻ കൺട്രോളറെ ആരും ശ്രദ്ധിക്കാറില്ലെന്നും മോഹൻ പറയുന്നു.

പ്രശസ്ത നിർമാതാവു കൂടിയായ അമ്മാവൻ അരോമ മണിയാണ് മോഹനെ സിനിമയിലെത്തിച്ചത്. 1979ൽ അരോമയുടെ ‘നീയോ ഞാനോ’ എന്ന സിനിമയിൽ പ്രൊഡക്‌ഷൻ മാനേജരായാണു തുടക്കം. 1981ൽ പത്മരാജന്റെ ‘കള്ളൻ പവിത്രനി’ലൂടെ പ്രൊഡക്‌ഷൻ കൺട്രോളറായി. ആദ്യ കാലത്ത് എട്ടു ലക്ഷം രൂപയ്ക്കു സിനിമ പൂർത്തിയാക്കിയിരുന്നെങ്കിൽ ഇപ്പോൾ ചെയ്യുന്ന സിനിമയുടെ ചെലവ് 16 കോടി രൂപയാണ്. 

ഒരു ചിത്രത്തിന്റെ യൂണിറ്റിൽ സിനിമയുടെ വലുപ്പം അനുസരിച്ച് 70 മുതൽ 180 പേർ വരെയുണ്ടാകും. പല സ്വഭാവക്കാരായ ഇവരെ ഒരുമിപ്പിച്ചു കൊണ്ടു പോവുകയാണ് കൺട്രോളർ നേരിടുന്ന വെല്ലുവിളി. നിർമാതാവിന്റെ പ്രതിനിധിയായി എല്ലാവരും കാണുന്നതു കൺട്രോളറെയാണ്. താരങ്ങൾക്കു പ്രതിഫലം നൽകുന്നതു മുതൽ അവരുടെ വസ്ത്രം അലക്കി‍ത്തേച്ചു കൊടുക്കുന്നതുവരെ കൺട്രോളറുടെ മേൽനോട്ടത്തിലാണ്. പരാതിക്കാരെയും പ്രശ്നക്കാരെയും ഒരുമിപ്പിച്ചു കൊണ്ടുപോവുകയാണ് വെല്ലുവിളി.

പ്രേംനസീറിനും മകൻ ഷാനവാസിനുമൊപ്പം മോഹൻ പ്രവർത്തിച്ചിട്ടുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായരുടെ പടത്തിലും മക്കളായ സായികുമാറിന്റെയും ശോഭ മോഹന്റെയും പടങ്ങളിലും കൺട്രോളറായിരുന്നു. ഒരുകാലത്തു സുകുമാരന്റെയും ഇപ്പോൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരുടെയും പടങ്ങളിൽ കൺട്രോളറാണ്. സൂപ്പർതാര സിനിമകൾക്കൊപ്പം ‘സ്വാതന്ത്ര്യം അർധരാത്രിയി‍ൽ’ പോലുള്ള ന്യൂജനറേഷൻ പടങ്ങളിലും പ്രവർത്തിക്കുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പഠിക്കുന്ന കാലത്ത് നെയ്യാർ ഡാമിൽ ‘പിക്നിക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ മോഹൻ പോയിരുന്നു. 

പ്രേംനസീറിനെയും ഉണ്ണിമേരിയെയും കാണാൻ തള്ളിക്കയറിയപ്പോൾ പൊലീസ് അടിച്ചോടിച്ചു. പിൽക്കാലത്ത് നസീറിന്റെയും ഉണ്ണിമേരിയുടെയും സിനിമകളിൽ പ്രൊഡക്‌ഷൻ കൺട്രോളറാകാനും ഭാഗ്യമുണ്ടായി. രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിലേക്ക് പത്മരാജന്റെ ‘തിങ്കളാഴ്ച നല്ല ദിവസം’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പത്മരാജനു പോകാൻ സാധിച്ചില്ല. പകരം അദ്ദേഹം ഹൈദരാബാദിലേക്ക് അയച്ചതു മോഹനെയായിരുന്നു. എൻ.ടി. രാമറാവു പങ്കെടുത്ത ചടങ്ങിൽ തനിക്കു ലഭിച്ച സ്വീകരണം മറക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.

‘കമ്മിഷണർ’ എന്ന ചിത്രത്തിലെ ലാത്തിച്ചാർജ് തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ ചിത്രീകരിക്കുന്നതിനിടെ കളിബോംബ് പൊട്ടി അവിടെ ‍ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫിസർക്കു പരുക്കേറ്റതു ഞെട്ടിച്ചുവെന്ന് മോഹൻ ഓർമിക്കുന്നു. ഷൂട്ടിങ്ങിനായി തയാറാക്കിയ കമ്മിഷണറുടെ കാറിലാണ് ഈ ഉദ്യോഗസ്ഥനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. പാളയം മുതൽ മെഡിക്കൽ കോളജ് വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ യഥാർഥ കമ്മിഷണറാണെന്നു കരുതി സല്യൂട്ട് അടിച്ചതുകണ്ട് ആ ടെൻഷനിലും ചിരി പൊട്ടിയെന്നു മോഹൻ.