മമ്മൂട്ടി–മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിന് കാരണം വ്യക്തമാക്കി ഷാജി കൈലാസ്

തന്റെ പുതിയ സിനിമകളെക്കുറിച്ച് സമൂഹമാധ്യങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് സംവിധായകൻ ഷാജി കൈലാസ്. നാല് വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച പ്രോജക്ടുകളായിരുന്നു അവയെന്നും പിന്നീട് അതെല്ലാം ഉപേക്ഷിച്ചിരുന്നതായും ഷാജി കൈലാസ് പറയുന്നു.

ഷാജി കൈലാസിന്റെ കുറിപ്പ്–

4 വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്ന മമ്മൂട്ടി - മോഹൻലാൽ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നു. 

ഇരുവരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകൾ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്. 

മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങൾക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാൻ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ സദയം ഖേദിക്കുന്നു.