ആ മോഹന്‍ലാല്‍ സിനിമ മുടങ്ങിയത് അവസാന നിമിഷം: തുറന്നുപറഞ്ഞ് വിനയന്‍

എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്തില്ല..? സംവിധായകന്‍ വിനയന്‍ നിരന്തരം നേരിടുന്ന ചോദ്യം. മമ്മൂട്ടിയെവെച്ച് ഒന്നിലേറെ വട്ടം സിനിമയെടുത്തപ്പോഴും മോഹൻലാലുമൊത്ത് ഒരു സിനിമ നീണ്ടുപോയി. അതിന്റെ കാരണം മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ വിനയൻ വ്യക്തമാക്കുന്നു.

‘തൊണ്ണൂറിലാണ് ഞാൻ മദൻലാൽ എന്ന ചിത്രം ചെയ്യുന്നത്. ഹിസ്ഹൈനസ് അബ്ദുള്ള ഇറങ്ങിയ സമയത്തായിരുന്നു ഈ സിനിമയും പുറത്ത് വന്നത്. അന്ന് ആരൊക്കെയോ മോഹൻലാലിനെ ഇത് അദ്ദേഹത്തിന് എതിരായ ചിത്രമാണെന്ന് തെറ്റിധരിപ്പിച്ചിരുന്നു. പക്ഷെ അതിന്ശേഷവും മോഹൻലാലിനെവെച്ച് സിനിമയെടുക്കാനുള്ള ചർച്ച നടത്തിയിരുന്നു.’

‘മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. കഥ ആലോചിച്ച് വീണ്ടും ലാലിനെ കാണാന്‍ വരും എന്നും പറഞ്ഞതാണ്. എന്നാൽ സിനിമാ സംഘടനകള്‍ക്കിടയിലെ ചില തര്‍ക്കങ്ങളുടെ പേരില്‍ സിനിമ നടക്കാതെ പോയതാണ്...’ തലനാരിഴയ്ക്ക് നഷ്ടമായ ആ അവസരങ്ങളെക്കുറിച്ച് നേരേ ചൊവ്വേയില്‍ വിനയന്‍ വിശദമായി പറയുന്നു. 

തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളാണ് ആ പ്രശ്‌നം വഷളാക്കിയത്. ജയസൂര്യയെ നായകനാക്കിയുളള ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു സംഭവം. ആ ചിത്രത്തിന്റെ ഷൂട്ടിങിനിടെയില്‍ ഞാനും മോഹന്‍ലാലും ഒരേ ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. 

‘ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ അവിടെ വന്നിരുന്നത്. ഒരുമിച്ച് പടം ചെയ്യുന്ന കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിക്കുകയും അത് ഉറപ്പിക്കുകയും ചെയ്തിരുന്നു. സബ്ജക്ട് ആയ ശേഷം മോഹന്‍ലാലിനെ വന്ന് കാണാമെന്ന് അന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.’

പക്ഷേ പിന്നീട് സിനിമാ രംഗത്തുണ്ടായ ഒരു തര്‍ക്കം സിനിമ ഉപേക്ഷിക്കുന്നതിലേക്ക് എത്തിച്ചു. ആ സമയത്ത് എഗ്രിമെന്റില്‍ നടന്‍മാര്‍ ഒപ്പിടമെന്ന കാര്യത്തില്‍ ഫിലിം ചേംബറും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ആ തര്‍ക്കത്തില്‍ എന്റെ നിലപാടിനു വിരുദ്ധമായ നിലപാടായിരുന്നു മോഹന്‍ലാല്‍ എടുത്തിരുന്നത്. അതിന് പിന്നാലെ ചിത്രം നടക്കാതെ പോവുകയാണ് ചെയ്തത്.’–വിനയൻ പറഞ്ഞു.

സിനിമയുടെ രാഷ്ട്രീയങ്ങളില്‍ തീവ്ര നിലപാടുകൾ എടുക്കുകയും അതിന്റെ ഫലം അനുഭവിക്കുകയും ചെയ്ത സംവിധായകനാണ് വിനയൻ. സിനിമയിലൂടെയും അല്ലാതെയും സംഘടനയ്ക്കെതിരെയും താരങ്ങൾക്കെതിരെയും വിനയൻ ആഞ്ഞടിച്ചിട്ടുണ്ട്. മോഹൻലാലും വിനയനും തമ്മിൽ ‘മദൻലാൽ’ എന്ന ചിത്രത്തിന്റെ പേരിൽ അത്ര രസത്തിൽ അല്ലെന്നത് പരസ്യമായ രഹസ്യവുമായിരുന്നു.