രാഗം തിയറ്റർ വീണ്ടും; പൂട്ടുതുറക്കാൻ ‘കൊച്ചുണ്ണി’

തൃശൂരിന്റെ അടയാളമായ രാഗം തിയേറ്റര്‍ വീണ്ടും വരുകയാണ്. സ്വരാജ് റൗണ്ടിലെ രാഗം' അഥവാ ‘ജോര്‍ജേട്ടന്‍സ് രാഗം' 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2015ലാണ് പ്രദർശനം നിർത്തുന്നത്. പുതിയകാലത്ത് പുത്തൻ സാങ്കേതികവിദ്യകളുമായി തിയറ്റർ വീണ്ടും ഒരുങ്ങുമ്പോൾ പുതിയ ‘രാഗ’ത്തെ വരവേൽക്കാൻ തൃശൂരുകാരും ഒരുങ്ങി.‌‌ ഒക്ടോബര്‍ പതിനൊന്നിന് റിലീസ് ചെയ്യുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയാണ് ആദ്യ ഷോ. 

നിവിൻ പോളി ഉൾപ്പടെ കായംകുളം കൊച്ചുണ്ണിയുടെ അണിയറപ്രവർത്തകർ ആദ്യ ഷോ കാണുന്നതും രാഗം തിയറ്ററിൽ നിന്നു തന്നെ. ഒക്ടോബർ പത്ത് ബുധനാഴ്ചയായിരുന്നു തിയറ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം.

സംഗിൾ സ്ക്രീനാണ്. ഫസ്റ്റ് ക്ലാസ്സിൽ 540 സീറ്റ്, ബാൽക്കണിയിൽ 240 സീറ്റ്, ലക്‌ഷ്വറി ബോക്സിൽ 20 സീറ്റ് അങ്ങനെ ആകെ മൊത്തം 800 സീറ്റുകൾ. പണ്ടത്തെ പോലെ തന്നെ Kreftwerk Robot (1978) ഈണത്തോടെയുള്ള കർട്ടൻ റൈസേർ പരിപാടിക്കും ഒരു മാറ്റവുമില്ല പക്ഷേ ഇത്തവണ മുതൽ മ്യൂസിക് ഡോൾബി അറ്റമോസിൽ മിക്സ് ചെയ്തതായിരിക്കും. പഴയ ചുറ്റി കറങ്ങിയുള്ള കോണിയും അതുപോലെ തന്നെയുണ്ട്. പാര്‍ക്കിങ് സൗജന്യം.

അഞ്ചു വര്‍ഷം പൂട്ടിക്കിടന്ന തിയറ്ററാണ് തുറക്കുന്നത്. 44 വര്‍ഷം മുമ്പ് രാഗം തിയറ്റര്‍ തുടങ്ങിയത്. അന്നുതൊട്ടേ, ഈ ഈണവും കര്‍ട്ടണ്‍ ഉയരുന്നതും സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ചിരുന്നു. മള്‍ട്ടിപ്ലക്സ് തിയറ്ററാക്കി മാറ്റാന്‍ രാഗം അടച്ചത് അഞ്ചു വര്‍ഷം മുമ്പായിരുന്നു. പക്ഷേ, പുതിയ കെട്ടിടം പണിയാന്‍ അനുമതി ലഭിച്ചില്ല. വടക്കുന്നാഥ ക്ഷേത്രത്തിന്റെ തൊട്ടടുത്തു കെട്ടിടം പണിയുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഒന്നേക്കാല്‍ കോടിയുടെ ശബ്ദ സംവിധാനം, ഒരു കോടിയുടെ പ്രൊജക്ടര്‍, എട്ടു ലക്ഷം രൂപയുടെ അമേരിക്കന്‍ സ്ക്രീന്‍ ഇങ്ങനെ പോകുന്നു പുതിയ രാഗത്തിന്റെ സവിശേഷതകള്‍

1250 സീറ്റുകളായിരുന്നു നേരത്തെ. ഇപ്പോഴത് 800 ആയി ചുരുക്കി. കാണാന്‍ മള്‍ട്ടിപ്ലക്സ് തിയറ്ററുകളെപോലെ ആണെങ്കിലും ടിക്കറ്റ് നിരക്ക് അത്രയ്ക്കില്ല. നൂറു രൂപ കൊടുത്താല്‍ സിനിമ കാണാം. രാഗത്തിന്റെ രണ്ടാം ജന്‍മം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തൃശൂരിലെ സിനിമാ പ്രേമികള്‍.

1974 ആഗസ്ത് 24 നാണ് രാഗ'ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ നെല്ല്'. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ തിയറ്ററിലെത്തി. തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം.  അന്നത്തെ കാലത്തെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തിയറ്റർ ആണ് രാഗം‍. 

മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം രാഗ'ത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു', ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം', ആദ്യത്തെ ത്രീഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു. ഷോലെ', ബെന്‍ഹര്‍', ടൈറ്റാനിക്' തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി.ടൈറ്റാനിക്' 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വിതരണ- പ്രദര്‍ശന ഷെയര്‍ ലഭിച്ചത് ദൃശ്യം' പ്രദര്‍ശിപ്പിച്ചപ്പോഴാണ്.