Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവളുടെ വോയ്സ് ക്ലിപ് കേൾപ്പിച്ചപ്പോളാണ് അവർ നിശബ്ദരായത്’

wcc-press-meeik

അമ്മ സംഘടനയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡബ്ലുസിസി. അമ്മ പ്രസിഡന്റ് മോഹൻലാൽ വ്യക്തിപരമായി വേദനിപ്പെച്ചന്നും വാർത്താസമ്മേളനത്തിൽ രേവതി വെളിപ്പെടുത്തി.  അമ്മ എന്തോ മറയ്ക്കുകയാണെന്നും സ്ത്രീകളുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന സംഘടനയായി മാറിയെന്നും ഡബ്ലുസിസി ആരോപിച്ചു. 15 വർഷം മലയാളസിനിമയിൽ പ്രവർത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും സംഭവത്തിൽ കുറ്റാരോപിതന് സംരക്ഷണവും ആ കുട്ടിയ്ക്ക് അവഗണനയുമാണെന്നും ഇവർ പറയുന്നു.

രമ്യ നമ്പീശൻ, പാർവതി, രേവതി, പത്മപ്രിയ, അഞ്ജലി മേനോൻ, ദീദി ദാമോദരന്‍, സജിത മഠത്തിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിന് എത്തിയിട്ടുണ്ട്. നടിമാരെല്ലാം കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് എത്തിയത്. വാർത്താസമ്മേളനത്തിൽ നടിമാരുടെ പ്രതികരണത്തിലേയ്ക്ക്.

Manorama News TV Live

അഞ്ജലി മേനോന്റെ വാക്കുകൾ–‘ഡബ്ലുസിസി രൂപീകരിക്കാനുണ്ടായ സാഹചര്യം എല്ലാവർക്കും അറിയാം. ആക്രമിക്കപ്പെട്ട നടിക്കെതിരെ അക്രമം ഉണ്ടായിട്ടും എന്താണ് പിന്തുണ ലഭിച്ചതെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യ മുഴുവൻ ഇപ്പോൾ വലിയൊരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിന് ഗവൺമെന്റിന്റെ പിന്തുണയും ഉണ്ട്. സ്ത്രീകൾക്ക് പറയാനുള്ളത് കേൾക്കാൻ അവർ സമയം നൽകുന്നു.

എന്നാൽ കേരളത്തിലെ ഫിലിം സംഘടനയിൽ അങ്ങനെയല്ല, അതിനെക്കുറിച്ച് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്.’

രേവതി–ഞങ്ങളെ അമ്മ പ്രസിഡന്റ് വെറും നടിമാരെന്ന് വിളിക്കുകയുണ്ടായി. അതുകൊണ്ടാണ് ഞങ്ങൾ മൂന്നുപേരും ഇത്രയും നേരം ആരാണെന്ന് പരിചയപ്പെടുത്തിയത്. അത് ഞങ്ങളെ വേദനപ്പെടുത്തി. ഇത്രയും വർഷം അമ്മയുടെ അംഗമായിട്ടും ഒരുപരിപാടിക്കും എന്നെ വിളിച്ചിട്ടില്ല, ഞാൻ പോയിട്ടുമില്ല. ഇപ്പോൾ ഞാൻ വരാൻ കാരണം തന്നെ ഡബ്യുസിസിയാണ്.

അമ്മയുടെ മീറ്റിങിൽ ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ പോകുകയുണ്ടായി. കുറ്റാരോപിതനായ ആൾ ആ സംഘടനയുടെ അകത്താണ്. ഇതാണോ നീതി. ഇപ്പോൾ അവളുടെ രാജിക്കത്ത് വായിക്കാം, കുറ്റാരോപിതനെ തിരിച്ചെടുത്തതുകൊണ്ടല്ല അവൾ രാജിവച്ചത് , തന്റെ അവസരങ്ങൾ ഈ നടൻ തട്ടിമാറ്റിയിട്ടും അന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും വീണ്ടും അയാളെ പിന്തുണക്കുന്നതുകൊണ്ടാണ് രാജിവക്കുന്നതെന്നായിരുന്നു അവൾ പറഞ്ഞത്. ഇതൊക്കെ പറയാനാണ് അമ്മ സംഘടനയുടെ മീറ്റിങിന് അന്ന് എത്തിയത്. അതിന് ശേഷം കത്ത് കൊടുത്തു. എന്നിട്ടും ഒരുതീരുമാനവുമില്ല.

പാർവതി–അതിന് ശേഷം വീണ്ടും ഒരു മീറ്റിങിനെത്തി. അപ്പോൾ ഞങ്ങളെ പരിഹസിച്ചുകൊണ്ടാണ് അവർ സ്വീകരിച്ചത്. എന്തുകൊണ്ട് അമ്മ മീറ്റിങിൽ നേരത്തെ പങ്കെടുക്കുന്നില്ലെന്നായിരുന്നു അവരുടെ ചോദ്യം. നാൽപത് മിനിറ്റോളം ഞങ്ങളെ സംസാരിക്കാൻ പോലും അനുവദിച്ചില്ല. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചുള്ള പ്രശ്നങ്ങളും അവർ പറഞ്ഞു. അതൊന്നും അവിടെ പറയേണ്ട കാര്യമില്ല. ഞങ്ങൾ കെഞ്ചി ചോദിച്ചിട്ടും അവസരം തന്നില്ല. അവസാനം ആക്രമിക്കപ്പെട്ട നടിയുടെ വോയ്സ് ക്ലിപ്പ് അവരെ കേൾപ്പിച്ചതോടെ അവിടെയാകെ നിശബ്ദമായി. അതിന് ശേഷമാണ് ഞങ്ങളെ സംസാരിക്കാൻ അനുവദിച്ചത്.

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി എന്തുചെയ്തു എന്നാണ് ഞങ്ങളുടെ ചോദ്യം. ഇതിൽ രചനയും ഹണിയും നിയമപരമായി സഹായിച്ചെന്ന് പറഞ്ഞു. എന്നാൽ ഈ വിഷയത്തില്‍ ബാബുരാജ് നടത്തിയ പ്രസ്താവന പിന്നീട് വേദനിപ്പിക്കുകയുണ്ടായി. ചൂടുവെള്ളത്തിൽ വീണ പൂച്ച എന്നാണ് ആക്രമിക്കപ്പെട്ട നടിയെ വിളിച്ചത്.

രമ്യ നമ്പീശൻ–എഎംഎംഎ യുടെ മെംബറായിരുന്നു ഞാൻ. അവരുടെ നിരുത്തരവാദിത്തപ്പരമായ ചില തീരുമാനങ്ങൾ കാരണമാണ് രാജിവച്ച് പുറത്തുവന്നത്. അവിടെ ചിലർ നിയമം എഴുതുന്നു, അവർ തന്നെ മാറ്റുന്നു. ഞങ്ങൾ പലപ്പോഴും പറ്റിക്കപ്പെടുകയായിരുന്നു. നാടകമാണ് അവിടെ നടക്കുന്നത്. ഇതൊരു തുടക്കമാണ്. 

എന്ത് ചുവടാണ് നിങ്ങൾ മുന്നോട്ട് വെയ്ക്കുന്നതെന്ന് ചോദിച്ചാൽ അതിന് തുടക്കമായെന്ന് മാത്രമേ പറയാൻ കഴിയൂ. ഈ ഇൻഡസ്ട്രിയെ കുറച്ചുകൂടി വൃത്തിയാക്കേണ്ടതുണ്ട്. നടിമാർക്കെതിരെ ലൈംഗികമായ അതിക്രമം വന്നാൽ ഞങ്ങൾ എവിടെ പരാതിപ്പെടും. അല്ലെങ്കിൽ അത് തുറന്നുപറയാനുളള ധൈര്യം എവിടെ നിന്ന് കിട്ടും. ഇതിനൊക്കെ ഞങ്ങൾക്കൊരു സ്ഥലം വേണം. പോരാടാൻ തന്നെയാണ് തീരുമാനം.

ബീന പോൾ–മലയാളം ഇൻഡസ്ട്രിയെ മോശമാക്കാനല്ല ഞങ്ങൾ ഇവിടെ വന്നത്. എന്നാൽ മീ ടു പോലെ ഞെട്ടിക്കുന്ന സംഭവങ്ങൾ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അതുപുറത്തുവരും. ഇത് ആരെയും ഭീഷണിപ്പെടുത്താൻ പറയുന്നതല്ല. 

ലൈംഗികമായ പീഡനത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇപ്പോൾ ഇവിടെ സംഭവിക്കുന്നത്. അതാണ് നമ്മുടെ ഇൻഡസ്ട്രിയുടെ പ്രധാനപ്രശ്നം. ഞങ്ങൾക്ക് വേണ്ടത് നീതിയാണ്. ഞങ്ങൾ ആരും അമ്മയിൽ നിന്നും രാജിവയ്ക്കുന്നില്ല. മീ ടു തുറന്നുപറച്ചിലുകൾ ഇല്ല. മലയാളം ഇൻഡസ്ട്രിയെ നന്നാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

റിമ കല്ലിങ്കൽ–ഇന്ന് ദേശീയതലത്തിൽ മീ ടു ക്യാംപെയ്ൻ നടക്കുന്നത് നമ്മളെല്ലാവരും കണ്ടുകൊണ്ടിരിക്കുയാണ്. അവർക്ക് കൃത്യമായ നിലപാടുകളുണ്ട്. ആരോപണം ഉന്നയിച്ച സംവിധായകരുടെ ചിത്രത്തിൽ നിന്നും ആമിർ ഖാൻ അടക്കമുള്ള താരങ്ങൾ പിന്മാറി. അക്ഷയ് കുമാർ സിനിമയുടെ ഷൂട്ട് വരെ നിർത്തി.

14 വർഷം മുമ്പ് നടന്ന സംഭവത്തിലും ഇന്ന് അവിടെ നടപടിയുണ്ടായി. ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണൻ ഇവിടെ കുറ്റാരോപിതനെ നായകനാക്കി സിനിമ അനൗൺസ് ചെയ്യുകയാണ് ചെയ്യുന്നത്. ഒരുനാട് മുഴുവൻ ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്നിട്ടും അമ്മയുടെ പ്രസിഡന്റ് എത്ര നിസാരമായാണ് കാര്യങ്ങളെ നോക്കി കാണുന്നത്. ഇനി ഞാൻ അമ്മയുടെ മീറ്റിങിൽ പങ്കെടുക്കില്ല.

മലയാളത്തിൽ അഭിനേതാക്കൾക്ക് ഒരേയൊരു സംഘടനയേ ഒള്ളൂ. അതുകൊണ്ടാണ് അമ്മ സംഘടനയിൽ നിന്നുകൊണ്ട് ഇവർ പോരാടുന്നത്. മുകേഷ് വിഷയത്തിലും എന്താണ് സംഭവിക്കേണ്ടതെന്ന് അറിയേണ്ടതുണ്ട്. അദ്ദേഹം ജനപ്രതിനിധിയാണ്. ആ വിഷയത്തിലും അമ്മയുടെ തീരുമാനം അറിേയണ്ടതുണ്ട്.

അർച്ചന പത്മിനി–എന്റെ പേര് അർച്ചന പത്മിനിയെന്നാണ്. വളരെ കുറച്ച് സിനിമകളിലാണ് അഭിയിച്ചിട്ടുളളത്. നടിമാർ എന്തുകൊണ്ട് പരാതികൊടുത്തില്ലെന്ന് പറയുന്നതിന് കാരണമുണ്ട്. 

മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ സെറ്റിനിടെ മോശമായ അനുഭവമുണ്ടായി. ഷെറിൻ സ്റ്റാൻലി എന്ന പ്രൊഡക്‌ഷൻ ബോയി എന്നോട് അപമര്യാദയായി പെരുമാറി. ഫെഫ്കയിലെ ബി.ഉണ്ണികൃഷ്ണന് ഈ സംഭവത്തിൽ പരാതി നൽകി. ഒരുനടപടിയും ഉണ്ടായില്ല. ബി. ഉണ്ണികൃഷ്ണനും സിബി മലയിലും സോഹൻസീനുലാലും തമ്മിൽ ചർച്ച നടത്തി. അയാൾക്കെതിരെ ഒരുനടപടിയുമില്ല. ഇപ്പോളും അയാൾ സിനിമയിൽ ഉണ്ട്. 

എന്നെപ്പോലെ ‍ചെറിയൊരു നടിക്ക് ഇതാണ് അനുഭവം. അപ്പോൾ മറ്റൊരു നടിക്ക് സമാനമായ അനുഭവം ഉണ്ടാകുമ്പോൾ എന്താണ് ചെയ്യേണ്ടത്.

അമ്മ മീറ്റിങിൽ ഇനിയും പങ്കെടുക്കുമെന്നും ഇനിയും അവരെ കണ്ണടച്ച് വിശ്വസിക്കുന്നില്ലെന്നും ഡബ്ലുസിസി പറഞ്ഞു. അമ്മ ഇപ്പോൾ മൂടി വെച്ചിരിക്കുന്നൊരു മുഖംമൂടിയുണ്ട്. സന്തുഷ്ടകുടുംബമാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് അവരെന്നും ഡബ്ലുസിസി മാധ്യമങ്ങളോട് പറഞ്ഞു. 

related stories