റെക്കോർഡുകൾ പിഴുതെറിയാൻ ഒടിയൻ

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും തരംഗം സൃഷ്ടിച്ച്  മുന്നേറുകയാണ്.  

ആരാധകരെ മാത്രമല്ല സിനിമാ പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിച്ച ഒടിയന്റെ ട്രെയിലർ വെറും 20 ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് കടന്നിരിക്കുന്നു.

കൊച്ചു കുട്ടികൾ തൊട്ട് മുതിർന്നവർക്കിടയിലും ഇപ്പോൾ സംസാര വിഷയമാണ് ഒടിയൻ. മലയാള സിനിമയിൽ ഒരു സൂപ്പർതാര ചിത്രത്തിനും നാളിതുവരെ ലഭിക്കാത്ത സ്വീകാര്യതയാണ് റിലീസിന് മാസങ്ങൾക്ക് മുന്നേ ഒടിയൻ കൈവരിച്ചിരിക്കുന്നത്.  

മോഹൻലാലിന്റെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളും, അത്യുഗ്രൻ ആക്​ഷൻ രംഗങ്ങളുമാണ് ട്രെയിലറിനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നത്.

ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത പ്രൊമോഷന്‍ തന്ത്രങ്ങളും അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിലുള്ള പ്രതിമ റിലീസിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു കൊണ്ടാണ് ഒടിയന്‍ ടീം പ്രൊമോഷന്‍ രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയ്ക്കൊപ്പം കുട്ടികള്‍ക്കും ആരാധകര്‍ക്കും സെല്‍ഫി എടുക്കാനും അവസരമുണ്ടാകും.

പരസ്യരംഗങ്ങളിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ച  വി.എ. ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരംഭം ആണ് ഒടിയൻ. ദേശീയ പുരസ്കാരം നേടിയ ഹരികൃഷ്ണൻ രചിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയൻ നിർമിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിത്രം ഡിസംബർ 14ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ എത്തും.