ആക്രമിക്കപ്പെട്ട യുവതിയായി പാർവതി; ‘ഉയരെ’ തുടങ്ങി

പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി–സഞ്ജയ് തിരക്കഥ എഴുതുന്നു.

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പല്ലവി എന്ന കഥാപാത്രമായാണ്‌ പാർവതി അഭിനയിക്കുന്നത്‌. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് ബോബി–സ‍ഞ്ജയ്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി–സ‍ഞ്ജയ്‍യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഇതൊരു സംഭവകഥയല്ലെന്നും എന്നാൽ യഥാർത്ഥ ജീവിതങ്ങളുടെ നേർക്കാഴ്ചയാകും ഈ സിനിമയെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു. സിനിമയ്ക്കായി ഗംഭീരമേക്കോവറിലാകും പാർവതി എത്തുക. ചിത്രത്തിനായുള്ള തയാറെടുപ്പിനായി ആഗ്രയിലെ ‘ഷീറോസ്’ കഫെയിൽ എത്തി അവിടെയുള്ളവരോടൊപ്പം പാർവതി സംസാരിച്ചിരുന്നു. ആസിഡ് ആക്രമണത്തിലെ ഇരകള്‍ നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കഫേയാണ് ‘ഷീറോസ്’. അവര്‍ നേരിട്ട ബുദ്ധിമുട്ടുകളും കടന്നുപോയ ജീവിത സാഹചര്യങ്ങളും പാർവതി മനസ്സിലാക്കി.

പാർവതിയുടെ മേക്കോവറിനായി പ്രത്യേക മേക്ക്അപ് വിഭാഗം തന്നെ ചിത്രത്തിനായി എത്തും. ഏകദേശം മൂന്നുമണിക്കൂർ സമയം മേക്ക്അപിന് വേണ്ടിവരുമെന്നാണ് അറിയാൻ കഴിയുന്നത്.

വളരെയേറെ സ്ത്രീപ്രാധിനിത്യമുള്ള സിനിമ കൂടിയാണ് ഈ പ്രോജക്ട്. നായികയായ പാർവതിക്കൊപ്പം സിനിമയുടെ നിർമാതാക്കളും മൂന്ന് പെൺകുട്ടികളാണ്. മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക്‌ എന്നീ സഹോദരിമാരാണ് നിർമാണം. സിനിമയുടെ മേക്ക്അപ് ചെയ്യുന്നതും വനിതയാണ്.

വിടപറഞ്ഞുപോയ പ്രിയപ്പെട്ട സംവിധായകൻ രാജേഷ് പിള്ളയുടെ അദൃശ്യസാനിധ്യവും ഈ ചിത്രത്തിനൊപ്പമുണ്ട്. രാജേഷ് പിള്ളയുടെ ഏറ്റവും പ്രിയപ്പെട്ട അസോഷ്യേറ്റ് ആയ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാഫിക്, വേട്ട എന്നീ സിനിമകളിലും രാജേഷ് പിള്ളയ്ക്കൊപ്പം മനു പ്രവർത്തിച്ചിരുന്നു.

നായികാകേന്ദ്രീകൃതമായ സിനിമയായിട്ടുകൂടി യുവതാരങ്ങളുടെ സാനിധ്യവും ചിത്രത്തെ വേറിട്ട് നിർത്തുന്നു. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് നായകന്‍മാര്‍. ശക്തമായ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കർ എത്തുന്നു. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.

മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നിവടങ്ങളാണ് ലൊക്കേഷൻ. ആഗ്രയിലെ Sheroes (ഷീറോസ്) പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. കല്പക ഫിലിംസ് വിതരണം.