Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ കളിയാക്കുന്ന സ്കിറ്റുകളും ചെയ്യാറുണ്ടല്ലോ: ‘അമ്മ’യുടെ പുതിയ മെഗാഷോയെക്കുറിച്ച് മോഹൻലാൽ

mohanlal-gulf

നവകേരളനിർമാണത്തിന് ഫണ്ട് സമാഹരിക്കുന്നതിനായി താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ നടത്തുന്ന മെഗാഷോയുടെ തിയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു മുൻപു ‘അമ്മ’ സംഘടിപ്പിച്ച മെഗാഷോയിലെ സ്കിറ്റ് വിവാദമായ പശ്ചാത്തലത്തിൽ, ഡിസംബറിൽ നടക്കുന്ന ഷോയിലെ സ്കിറ്റുകളും ചർച്ചയാവുകയാണ്. 

മെഗാഷോ പ്രഖ്യാപനത്തിനു ശേഷം അമ്മ പ്രസിഡന്റ് മോഹൻലാലിനെ ഇന്റർവ്യൂ ചെയ്ത ഗൾഫ് മാധ്യമത്തിന്റെ പ്രതിനിധി ചോദിച്ചതും സ്കിറ്റിനെക്കുറിച്ചായിരുന്നു. വിമർശനങ്ങൾക്ക് ഇടം നൽകാതെ സ്കിറ്റുകൾ ഒരുക്കുമോ എന്നായിരുന്നു ചോദ്യം. എന്നാൽ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ മോഹൻലാൽ ഒഴിഞ്ഞുമാറി. ‍സ്കിറ്റുമായി ബന്ധപ്പെട്ട ഡബ്ലുസിസി അംഗങ്ങളുടെ വിമർശനത്തിന് മോഹൻലാലിന്റെ ഉത്തരം ഇങ്ങനെ.

 "ഞങ്ങളൊരിക്കലും അങ്ങനെയുള്ള കാര്യങ്ങൾ ഫോകസ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. ആ സ്കിറ്റ് അമ്മയിലെ വനിതാ അംഗങ്ങൾ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്. ഞങ്ങളെന്തോ തെറ്റു ചെയ്തെന്ന്  തെളിയിക്കാൻ ശ്രമിക്കുകയാണ് അവർ. ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഒരു സ്കിറ്റ് ചെയ്യാം," മോഹൻലാൽ പറഞ്ഞു. 

തന്നെ കളിയാക്കുന്ന സ്കിറ്റുകൾ ചെയ്യാറുണ്ടെന്നും അതെല്ലാം ആസ്വദിക്കാറുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. "എന്നെ കളിയാക്കുന്ന സ്കിറ്റുകൾ നിരവധി ചെയ്യാറുണ്ടല്ലോ! അത് ഞാൻ ആസ്വദിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ ആ സ്പിരിറ്റിൽ എടുക്കും," മോഹൻലാൽ പ്രതികരിച്ചു.

മീ ടൂ ക്യാംപെയിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോയാൽ മാത്രമേ അതിനെക്കുറിച്ച് പറയാൻ കഴിയൂ. അതല്ലാതെ കമന്റ് ചെയ്യാൻ കഴിയില്ലെന്നും മോഹൻലാൽ പറഞ്ഞു. 

പഞ്ചഭൂതങ്ങള്‍ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അബുദാബിയില്‍ അടുത്തമാസം അവതരിപ്പിക്കുന്ന പരിപാടിയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടി അഞ്ചു ഭാഗങ്ങളായാകും നടക്കുകയെന്നും ഓരോ ഭാഗത്തിന്റെയും സമയം ഒരുമണിക്കൂര്‍ വീതമായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലേസറും ത്രീഡി മാപ്പിങും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ പുനർനിർമാണത്തിനുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി താരസംഘടന അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന താരനിശ ഡിസംബർ 7 ന് അബുദാബിയിൽ നടക്കും.