ആശീര്‍വാദ് തിയറ്റര്‍ ആലപ്പുഴയിലും; ഉദ്ഘാടനത്തിന് മോഹൻലാലിനൊപ്പം സുചിത്രയും

ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്‌സ്’ ആലപ്പുഴയില്‍. ആലപ്പുഴ ഹരിപ്പാട് ആണ് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പുതിയ തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്‌സ് അഥവാ എംലാല്‍ സിനിപ്ലെക്‌സ് എന്ന പേരിലാണ് ആലപ്പുഴയിലെ തിയറ്റര്‍ തുറന്നിരിക്കുന്നത്. 

തിയറ്ററിന്റെ ഉദ്ഘാടനം ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍, മോഹന്‍ലാല്‍, സുചിത്രാ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മഞ്ജുവാരിയര്‍, സംവിധായകന്‍ കെ.മധു, സന്തോഷ് ശിവന്‍, മുരളീ കൃഷ്ണന്‍, സദാശിവന്‍, ഗോപിനാഥന്‍, എന്നിവര്‍ ചേര്‍ന്ന് വിളക്കു തെളിയിച്ച് നിര്‍വഹിച്ചു. 

തൊടുപുഴയിലെ ആശീര്‍വാദ് സിനിപ്ലെക്‌സിന് പിന്നാലെയാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ആലപ്പുഴയിലും തിയറ്ററുമായി എത്തുന്നത്. 41 വര്‍ഷമായി താന്‍ സിനിമാരംഗത്തുണ്ടെന്നും സിനിമയില്‍ നിന്നുള്ള വരുമാനം സിനിമയില്‍ തന്നെ ചിലവിടാനാണ് ആഗ്രഹിക്കുന്നതെന്നും തിയറ്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞു. 

മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ഒരുപാട് സംഭവാനകള്‍ നല്‍കിയ ആലപ്പുഴ ജില്ലയ്ക്കുള്ള സമ്മാനമായാണ് തിയറ്റര്‍ സമര്‍പ്പിക്കുന്നതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. 

കെ.മധുവിന്റെ വാക്കുകൾ– ഇരുപതാം നൂറ്റാണ്ടിൽ ഹരിപ്പാട്‌ എന്ന കൊച്ചു പട്ടണത്തിൽ സിനിമ സ്വപ്നം കണ്ടു നടന്ന ഒരു കൊച്ചു പയ്യന് അവന്റെ ആശയ സാക്ഷാൽക്കാര ശരണം ഹരിപ്പാട് ശ്രീകുമാർ തിയറ്റർ ആയിരുന്നു. അവിടെ നിന്നും അമ്മാവന്റെ ശുപാർശ കത്തുമായി എം.കൃഷ്ണൻ നായർ എന്ന ഗുരു സമക്ഷത്തിങ്കൽ എത്തിയ അവൻ മാതാ പിതാ ഗുരു കടാക്ഷത്താൽ കെ.മധു എന്ന സംവിധായകനായി വളർന്നു. ആ വളർച്ചയിൽ തണലായി, തുണയായി കൂടെ നിന്നൊരാൾ..പ്രിയ മോഹൻലാൽ.. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുതു സിനിമാ സ്വപ്നങ്ങൾ കാണുന്ന എന്റെ അടുത്ത തലമുറയ്ക്കായി തുറക്കുന്ന ആശീർവാദ് എം. ലാൽ കോംപ്ലെക്സിന് വിളക്കു കൊളുത്താൻ എന്നെയും ക്ഷണിച്ചത് എത്ര പരമകോടി പുണ്യം ആണ്. ഒരു നൂറ്റാണ്ട് ഞാൻ മനസ്സിൽ കാത്തു വെച്ച ആ വിളക്കു തിരി മറുനൂറ്റാണ്ടു കാലം കൊളുത്തിക്കുന്ന വിസ്മയക്കാഴ്ച..പ്രിയ മോഹൻലാലിനും, ആന്റണി പെരുമ്പാവൂരിനും പ്രാർത്ഥനകൾ..ആശംസകൾ.