‘കത്തി താഴെ ഇടടാ’; കിരീടം ക്ലൈമാക്സ് ചിത്രീകരിച്ചത് ഈ വെല്ലുവിളികളിലൂടെ

കിരീടം സിനിമയിൽ അഭിനയിക്കാൻ തിലകന്‍ ആദ്യം താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെന്ന് സിബി മലയിൽ. മറ്റു രണ്ടു സിനിമകളിൽ അതേസമയം കരാർ ഒപ്പിട്ടതിനാലാണ് തിലകൻ കിരീടം നിരസിച്ചത്. എന്നാൽ സിനിമയുടെ കഥ കേട്ടതോടെ തിരക്കുകൾക്കിടയിലും കിരീടം ചെയ്യാൻ തയാറാകുകയായിരുന്നു. തിലകന്റെ തിരക്കുകാരണം വളരെ കഷ്ടപ്പെട്ടാണ് ‘കത്തി താഴെ ഇടടാ’ എന്ന ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തു തീർത്തതെന്ന് സിബി മലയിൽ പറയുന്നു. ടെലിവിഷൻ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

സിബി മലയിലിന്റെ വാക്കുകൾ–

കഥ എഴുതി തീർന്നപ്പോൾ തന്നെ ഈ വേഷം തിലകൻ ചേട്ടൻ ചെയ്യണമെന്നു തന്നൊയിരുന്നു ഞങ്ങളുടെ ആഗ്രഹം. ലാലിന്റെ ഡേറ്റ് കിട്ടി. അങ്ങനെ തിലകൻ ചേട്ടന്റെ അടുത്തുചെന്ന് കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു ചെയ്യാൻ പറ്റില്ലെന്ന്. ‘അയ്യോ ഞാൻ ഇല്ല, ഈ സമയത്ത് എനിക്ക് രണ്ടു പടങ്ങളുണ്ട്, ചാണക്യനും വർണവും. അതു തിരുവനന്തപുരത്താണ്, നിങ്ങള്‍ അവിടെ ഷൂട്ട് ചെയ്യുകയാണെങ്കിൽ ഞാൻ ചെയ്യാം.’തിലകൻ ചേട്ടൻ പറഞ്ഞു.

പാലക്കാട് നെന്മാറയിലായിരുന്നു കിരീടം ക്ലൈമാക്സിന്റെ ലൊക്കേഷൻ ഞാൻ കണ്ടിരുന്നത്. പാലക്കാടൊന്നും വരാൻ പറ്റില്ല, തിരുവനന്തപുരത്താണെങ്കിൽ മാത്രം ചെയ്യാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. അതുകൂടാതെ കമ്മിറ്റ് ചെയ്ത രണ്ട് സിനിമകൾക്ക് ഇടയ്ക്ക് സമയം ഉണ്ടെങ്കിൽ മാത്രമാണ് ഈ സിനിമയ്ക്കുവേണ്ടി താൻ വരൂ എന്നും അദ്ദേഹം പറഞ്ഞു. അതിനു കുഴപ്പമില്ലെന്നും ചേട്ടനില്ലെങ്കിൽ ഈ സിനിമ നടക്കില്ലെന്നുമായിരുന്നു ഞാൻ മറുപടിയായി പറഞ്ഞത്. 

അങ്ങനെ അദ്ദേഹം കഥ കേട്ടു, ഇഷ്ടമായി. സിനിമയുടെ ചിത്രീകരണം തുടങ്ങി. തിലകൻ ചേട്ടൻ ഇടയ്ക്കു വരും, ഒരുമണിക്കൂർ ഷൂട്ട് ചെയ്ത് മടങ്ങും. പക്ഷേ തിലകൻ ചേട്ടൻ ഈ സിനിമയ്ക്കുവേണ്ടി വളരെ കമ്മിറ്റഡ് ആയി നിന്നു. മറ്റു സിനിമകളുടെ സെറ്റിൽ നിന്നും അദ്ദേഹം നേരത്തെ തന്നെ ലാൻഡ് ഫോണിൽ നിന്നും വിളിക്കും, ഒരുമണിക്കൂറിനുള്ളിൽ ഫ്രീയാകും, വണ്ടി വേഗം വിട്ടോളൂ എന്നുവിളിച്ചു പറയും.

തിലകൻ ചേട്ടൻ ആ കഥാപാത്രം ചെയ്തിരുന്നില്ലെങ്കിൽ കിരീടത്തിന്റെ ഗതി തന്നെ മാറിപ്പോയേനെ. ഇപ്പോൾ മിമിക്രിക്കാരൊക്കെ അനുകരിക്കുന്ന ഡയലോഗ് ഇല്ലേ, ‘കത്തി താഴെയിടടാ എന്നത്’.  ആ സീൻ എടുക്കുമ്പോൾ തിലകൻ ചേട്ടൻ ആദ്യം ഇല്ല. ആ ഫൈറ്റിന്റെ അവസാനമാണല്ലോ തിലകൻ ചേട്ടൻ വരുന്നത്. രാവിലെ മുതൽ മോഹൻലാലും കീരിക്കാടൻ ജോസും തമ്മിലുള്ള ഫൈറ്റ് രംഗമാണ് ഷൂട്ട് ചെയ്യുന്നത്.

വൈകിട്ട് മൂന്നുമണിയായപ്പോൾ നിർമാതാവിനെ വിളിച്ചുപറഞ്ഞു ഉടൻ തന്നെ തിലകൻ ചേട്ടനെ എനിക്കു കിട്ടണമെന്ന്. കിരീടം ഷൂട്ട് നടക്കുന്നത് ആര്യനാട് ആണ്. വർണത്തിന്റെ ഷൂട്ടിങ് നടക്കുന്നത് വഞ്ചിയൂരും. അന്നു വിളിച്ചുപറയാൻ മൊബൈൽ ഫോൺ ഒന്നുമില്ല. കിരീടം ഉണ്ണിയോടു ഞാൻ പറഞ്ഞു, ‘വണ്ടിയുമായി അവിടെ കിടന്നോളാൻ.’

അവിടെയാണെങ്കിൽ തിലകന്‍ ചേട്ടനെ സെറ്റിൽ നിന്നും വിടുന്നുമില്ല. വർക്ക് തീരാനുണ്ടെന്നാണ് നിർമാതാക്കൾ പറയുന്നത്. കിരീടത്തിന്റെ ഷൂട്ടിങ് അന്നു തീരുകയുമാണ്. ഷൂട്ടിങ് നടക്കുന്ന കവലയുടെ അടുത്തുള്ള ഫോൺബൂത്തിലാണ് വിളി വരുന്നത്. അതും നോക്കി പ്രൊഡക്‌ഷൻ കൺട്രോളർ ഷൺമുഖൻ അണ്ണൻ നിൽക്കും. അവിടെ നിന്നും കിരീടം ഉണ്ണി മറ്റൊരു ബൂത്തിൽ വിളിക്കും. ‌‌

അവസാനം തിലകൻ ചേട്ടൻ അവരോടുപറഞ്ഞു, ‘നിങ്ങൾ എന്നെ വിട്ടില്ലെങ്കിൽ ഞാൻ തന്നെ പോകുമെന്നു’ പറഞ്ഞു. അങ്ങനെ നാലുമണിക്ക് അദ്ദേഹം അവിടെ നിന്നും തിരിച്ചു. രണ്ടുവണ്ടിയാണ് തിലകൻ ചേട്ടനെ കൊണ്ടുവരാൻ വേണ്ടി വിട്ടത്. അഞ്ചുമണിയായപ്പോൾ സെറ്റിലെത്തി. ചെറിയ ചാറ്റൽ മഴയുണ്ട്. ആ രംഗത്തിൽ നിങ്ങൾക്കത് കാണാം.

പെട്ടന്നു തന്നെ അടുത്തുള്ളൊരു വീട്ടിൽ കയറ്റി തിലകൻ ചേട്ടന് മേക്കപ്പ് ചെയ്തു. ശരിക്കും ആ സിനിമയുടെ അവസാന ഷോട്ട്, ടോപ്പ് ആംഗിളിൽ നിന്നും എടുത്തത് ലൈറ്റ് ഇല്ലാതിരുന്നതുകൊണ്ടാണ്. പക്ഷേ അതു നന്നാകുകയും ചെയ്തു. അങ്ങനെയാണ് അതൊക്കെ തീർക്കുന്നത്. സിനിമയുടെ ഷൂട്ടിങിന് എടുത്തത് 25 ദിവസവും.