2.0യ്ക്കൊപ്പം ദിലീപിന്റെ ഡിങ്കൻ ത്രിഡി ടീസർ

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായ ശങ്കർ ചിത്രം 2.0 നാളെ റിലീസിനെത്തുകയാണ്. ഏകദേശം അഞ്ഞൂറുകോടി മുതൽമുടക്കിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം ത്രിഡിയിലും 2ഡിയിലുമാണ് റിലീസിനെത്തുന്നത്. 2.0 നാളെ കേരളത്തിൽ എത്തുമ്പോൾ അതിനൊപ്പം തന്നെ ദിലീപിന്റെ ഡിങ്കൻ അവതാരത്തെയും പ്രേക്ഷകർക്കുകാണാം.

അതെ, ദിലീപ് നായകനാകുന്ന പ്രൊഫസർ ഡിങ്കൻ സിനിമയുടെ ത്രിഡി ടീസറാണ് നാളെ യന്തിരൻ 2 ത്രിഡി റിലീസ് ചെയ്യുന്ന തിയറ്ററുകളിൽ പ്രദർശിപ്പിക്കുക. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ രചിക്കുന്നത്. 

ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജനി–ശങ്കർ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ ചിത്രീകരണം തായ്‌ലാൻഡില്‍ പുരോഗമിക്കുകയാണ്. സനൽ തോട്ടം ആണ് നിർമാണം.