‘ഈ’. ‘മ’.ലയാളത്തിന് ‘യൗ’.വനം!

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) മികച്ച സംവിധായകനുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശ്ശേരിക്കും (15 ലക്ഷം രൂപ) മികച്ച നടനുള്ള രജതമയൂരം ചെമ്പൻ വിനോദിനും (10 ലക്ഷം രൂപ). ‘ഈ. മ. യൗ.’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാളത്തിന് അഭിമാനത്തിന്റെ വെള്ളിത്തിളക്കം പകർന്നത്. 

സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രെയ്ന്‍–റഷ്യൻ ചിത്രം ‘ഡോൺബാസിൻ’ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം  നേടി. ‘വെൻ ദ് ട്രീസ് ഫോൾ’ എന്ന യുക്രെയ്ൻ ചിത്രത്തിലൂടെ അനസ്താസിയ പുസ്ടോവിറ്റ് മികച്ച നടിയായി. 

മിൽകോ ലാസറോവിന്റെ ‘ആഗ’യ്ക്കു പ്രത്യേക ജൂറി പുരസ്കാരവും ‘റെസ്പെക്ടോ’ (ഫിലിപ്പീൻസ്) എന്ന ചിത്രമൊരുക്കിയ ആൽബർട്ടോ മോണ്ടെറാസിനു മികച്ച നവാഗത സംവിധായകനുള്ള ശതാബ്ദി പുരസ്കാരവും ലഭിച്ചു. ചേഴിയൻ ഒരുക്കിയ തമിഴ് ചിത്രം ‘ടു ലെറ്റ്’ പ്രത്യേക ജൂറി പരാമർശം നേടി.

ബോളിവുഡ് തിരക്കഥാകൃത്തും നടൻ സൽമാൻ ഖാന്റെ പിതാവുമായ സലിം ഖാനു സ്പെഷൽ ഐഎഫ്എഫ്ഐ പുരസ്കാരം ലഭിച്ചു. പ്രവീൺ മോർച്ചാലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘വോക്കിങ് വിത്ത് ദ് വിൻഡി’നു യുനെസ്കോ ഗാന്ധി മെഡൽ ലഭിച്ചു.  

ഓസ്കറിൽ വിദേശഭാഷാ വിഭാഗത്തിൽ യുക്രെയ്നിന്റെ ഔദ്യോഗിക എൻട്രിയാണു സുവർണമയൂരം ലഭിച്ച ‘ഡോൺബാസിൻ’. 68 രാജ്യങ്ങളിൽനിന്നുള്ള 212 ചിത്രങ്ങളാണു മേളയിൽ പ്രദർശിപ്പിച്ചത്.

ഈ. മ. യൗ. 

ഒറ്റവരിയിൽ പറഞ്ഞാൽ ഒരു ശവസംസ്കാരത്തിന്റെ കഥ. ആലവട്ടവും വെഞ്ചാമരവും ബാൻഡ്മേളവുമുള്ള സംസ്കാരമാണു സ്വപ്നമെന്നു വാവച്ചനാശാരി മകൻ ഈശിയോടു പറഞ്ഞിരുന്നു. വാവച്ചൻ മരിച്ചപ്പോൾ ആഗ്രഹം സഫലമാക്കാനുള്ള നെട്ടോട്ടത്തിലാണ് ഈശി. 12 മണിക്കൂർ കഥ. ഈശിയുടെ വേഷമായിരുന്നു ചെമ്പൻ വിനോദിന്.