കലാമൂല്യമോ കച്ചവടസാധ്യതയോ നോക്കിയല്ല സിനിമ എടുക്കുന്നത്: ലിജോ ജെസ് പെല്ലിശേരി

ഗോവ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മലയാളത്തിന്റെ അഭിമാനമായി മാറിയതിന്റെ സന്തോഷം പങ്കുവച്ച് ലിജോ ജോസ് പെല്ലിശേരിയും ചെമ്പന്‍ വിനോദും. സിനിമയിലേക്ക് കൊണ്ടുവന്ന ലിജോ ജോസ് പെല്ലിശേരിക്കൊപ്പം പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചെമ്പന്‍ വിനോദ് പറഞ്ഞു. ദേശീയ അവാര്‍ഡ് ലഭിക്കാത്തതിലെ വിഷമം രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്കാരത്തിലൂടെ ഇല്ലാതായതിന്റെ സന്തോഷത്തിലാണ് ലിജോ ജോസ് പെല്ലിശേരി. 

ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് ചെമ്പന്‍ വിനോദ് പ്രധാന വേഷത്തിലഭിനയിച്ച ഈ.മ.യൗ, മികച്ച സംവിധായകനും മികച്ച നടനുമുള്ള പുരസ്കാരമാണ് സ്വന്തമാക്കിയത്. ഗോവ മേളയ്ക്കുശേഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ചെമ്പന്‍ വിനോദും ലിജോ ജോസ് പെല്ലിശേരിയും സന്തോഷം മറച്ചുവച്ചില്ല.

‘വളരെയധികം സന്തോഷത്തിലാണ് ഞാൻ. എന്റെ സുഹൃത്ത് ലിജോയാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. ഈ അവാർഡ് ലിജോയ്ക്കൊപ്പം വാങ്ങാൻ സാധിച്ചത് സന്തോഷം. മലയാളസിനിമയുടെ ചരിത്രമുഹൂർത്തത്തിൽ പങ്കാളിയാകാൻ എനിക്കും എന്റെ സുഹൃത്തിനും സാധിച്ചതിലും അതിലേറെ സന്തോഷം’. ചെമ്പൻ വിനോദ് പറഞ്ഞു.

ചെമ്പന്‍ വിനോദിനേക്കാള്‍ കുറച്ചുകൂടി സന്തോഷമുണ്ടെന്നായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ പ്രതികരണം. കച്ചവട സാധ്യതയുള്ളതാണോ കലാമൂല്യമുള്ളതാണോ എന്നു നോക്കിയല്ല സിനിമയെടുക്കുന്നതെന്ന് ലിജോ പറഞ്ഞു. ദേശീയ അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയില്ലെന്നും ജൂറി തീരുമാനം അംഗീകരിക്കുന്നതായും ലിജോ കൂട്ടിച്ചേർത്തു.

ചെമ്പൻ വിനോദും ലിജോ ജോസും ചേർന്ന വിജയക്കൂട്ടുകെട്ട് അടുത്ത സിനിമയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇരുവരുടെയും മറുപടി ഇങ്ങനെ– അടുത്ത സിനിമയിൽ ചെമ്പൻ തീർച്ചയായും ഉണ്ടായിക്കൊള്ളണമെന്ന തീരുമാനങ്ങൾ ഞങ്ങൾക്കിടയിൽ ഇല്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. അത് അങ്ങനെ തന്നെ പോകും.