ഒടിയൻ ഇതുവരെയും കണ്ടിട്ടില്ല, വളരെ പ്രത്യേകതകൾ ഉള്ള സിനിമ: മോഹൻലാൽ

മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്‍ ഡിസംബർ 14 ന് ലോകകമൊട്ടാകെ തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ച് ദുബായി ഫെസ്റ്റിവല്‍ സിറ്റി അരീനയില്‍ വെച്ച് നടക്കുകയുണ്ടായി. മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, ശ്രീകുമാര്‍ മേനോന്‍, തിരക്കഥാകൃത്ത് ഹരികൃഷ്ണൻ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

ഇത് അഭിമാന നിമിഷമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ദുബായിലേക്ക് വരുന്നത്. ഒരുപാട് സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ വരാന്‍ തയാറായത്. മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാൻ ശ്രമിക്കുകയാണ് ഒടിയൻ.  എല്ലാവരുടെയും സഹകരണം ഉണ്ടാകണം. ഇത്തരം വലിയ സിനിമകൾ മലയാളത്തിൽ നിന്നും ഇനിയും ഉണ്ടാക്കാൻ കഴിയും.’

‘ഒടിയന്‍ ഒരു നല്ല സിനിമയയായി മാറട്ടെ എന്ന് നമുക്ക് എല്ലാവർക്കും ചേർന്നുനിന്ന് പ്രാർഥിക്കാം. ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല. ഏകദേശം ഒന്നരവർഷത്തോളം ഈ സിനിമയുടെ പുറകെ സഞ്ചരിച്ചു. എല്ലാവരുടെയും അനുഗ്രഹത്തോടെ വലിയ വിജയമായി ഒടിയൻ മാറട്ടെ.’–മോഹന്‍ലാല്‍ പറഞ്ഞു.

ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടാന്‍ ഒടിയന് കഴിയുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നു. ഈ ചിത്രം കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

‘മോഹൻലാലിനെ എങ്ങനെ സ്ക്രീനിൽ കാണാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതിന്റെ ഉത്തരമാണ് ഒടിയൻ. അന്യഭാഷ ചിത്രങ്ങൾക്കുള്ള മറുപടിയാണ് ഒടിയൻ. രജനികാന്ത് ചിത്രങ്ങളുടെ റിലീസ് പോെലയാകും ഒടിയന്റെ റിലീസും.’

അതേസമയം, ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിവസ ടിക്കറ്റുകള്‍ മിക്ക തിയേറ്ററുകളിലും വിറ്റുതീര്‍ന്നു. 37 വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. 

ഇത്രയധികം ഭാഷകളില്‍ ഒരേ സമയം റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതി ഇപ്പോള്‍ തന്നെ ഒടിയനു ലഭിച്ചു. ചിത്രത്തിലെ വിവരണഭാഗത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് മമ്മൂട്ടിയാണ് എന്നത് നേരത്തെതന്നെ വാര്‍ത്തകള്‍ ഇടം പിടിച്ചിരിക്കുന്നു. . ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ദഗുബട്ടി ക്രീയേഷന്‍സിന്റെ ബാനറില്‍ അഭിറാം ദഗുബട്ടിയും സമ്പത് കുമാറും ചേര്‍ന്നാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.