ലൂസിഫറിനെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ മമ്മൂട്ടി

ലൂസിഫർ ടീസർ ഡിസംബർ 13ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴി രാവിലെ ഒൻപത് മണിക്ക് ടീസർ പുറത്തിറങ്ങും. പൃഥ്വിരാജ് ആണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒടിയൻ സിനിമയിലും മമ്മൂട്ടിയുടെ സാനിധ്യമുണ്ട്. ചിത്രത്തിന്റെ വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലാണ് ആരംഭിക്കുന്നത്.

സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു. 

വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. 

ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത്  വാസുദേവ്. സംഗീതം ദീപക് ദേവ്. മാർച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.