‘ജോസഫ് നന്നാകുകയും ഒടിയൻ മോശമാകുകയും ചെയ്തെങ്കിൽ, ചോദിക്കേണ്ടത് ആ സംവിധായകനോട്’

ഒടിയൻ സിനിമ എം. പത്മകുമാർ ആണ് സംവിധാനം ചെയ്തതെന്ന ആരോപണത്തിനു മറുപടിയുമായി ശ്രീകുമാർ മേനോൻ. ‘പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടമുണ്ട്. ഒടിയൻ പൊട്ടിയെന്ന് ആരോപിക്കുന്നവർ ആ സംവിധായകന്റെ അടുത്തുപോയി വിമർശനം നടത്തട്ടെ. ‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയൻ എന്തുകൊണ്ട് മോശമായി ചെയ്തു’ എന്ന് ഇക്കൂട്ടർ അദ്ദേഹത്തോട് ചോദിക്കൂ.–പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 

നടി മഞ്ജു വാരിയരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നുമുള്ള നിലപാടും അദ്ദേഹം ആവർത്തിക്കുകയുണ്ടായി. മഞ്ജു അഭിനയിച്ച മുൻചിത്രങ്ങളുടെ സംവിധായകർക്കു നേരെ സൈബർ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.

ശ്രീകുമാർ മേനോന്റെ വാക്കുകൾ 

സുഹൃത്തുക്കളെ ഞാൻ ഇവിടെ ഇരിക്കുന്ന അഭിമാനത്തോടു കൂടിയാണ്. ഒടിയൻ ഇന്ത്യൻ സിനിമ കണ്ട മഹത്തായ സിനിമയാണെന്ന് വിശ്വസിക്കുന്നില്ല. ഇതെന്റെ ആദ്യത്തെ സിനിമയാണ്. 26 വർഷമായി പരസ്യരംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഇരുന്നൂറോളം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആ അനുഭവസമ്പത്ത് മാത്രമാണ് എനിക്ക് ഒള്ളൂ. അതിനിടെയാണ് ഒടിയൻ എന്നെ തേടിയെത്തുന്നത്. സിനിമയുടെ തിരക്കഥാകൃത്തായ ഹരികൃഷ്ണനും ഞാനും പാലക്കാട്ടുകാരാണ്. ഞങ്ങൾ തമ്മിലുള്ള ചർച്ചയിൽ ആക്സിമകമായി എത്തിയതാണ് ഒടിയൻ. അതിനെ എങ്ങനെ സിനിമയിലേയ്ക്കു പറിച്ചുനടാം എന്ന ചിന്തയിലാണ് ഒടിയൻ സിനിമ ജനിക്കുന്നത്.

ഒടിയനുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള കഥകളുണ്ട്. കേട്ടാൽ വിശ്വസിക്കാൻ സാധിക്കാത്തരീതിയിലുള്ള മാന്ത്രിക കഥകൾ. എന്നാൽ യഥാർഥത്തിൽ ഒടിയനെ ആരും കണ്ടിട്ടില്ല. എല്ലാവരും പറയാറുണ്ട് ഒടിയൻ ഉണ്ടെന്ന്. ആരും നേരിട്ട് കണ്ടിട്ടുമില്ല, അയാളുടെരൂപവും അറിയില്ല. അങ്ങനെ ഒടിയനെ തേടി ഞങ്ങൾ അന്വേഷണം നടത്തി. ആരും കാണാത്ത ഒരു മിത്തിന് രൂപം നൽകി അതിന്റെ മാനുഷികതലമാണ് നൽകിയത്. പഴയ കാലത്ത് മറ്റുള്ളവരെ പേടിപ്പിക്കാൻ വേണ്ടി ക്വട്ടേഷൻ എടുക്കുന്ന ആളുകളാണ് ഒടിയൻമാർ. ആ കഥാപാത്രത്തെ സാധാരണക്കാരനായ ഒരാളായിട്ടാണ് കാണിച്ചത്. 

അയാളുടെ പരമ്പരാഗത തൊഴിലാണ് ഒടിെവയ്ക്കുക. കരിമ്പടമാണ് പ്രധാന ആയുധം. അയാൾക്ക് പലതരത്തിലുള്ള വിദ്യകൾ അറിയാം. മരത്തിൽ കയറാനും ചാടാനും ഓടാനും കഴിയും. ഒടിയന്റെ മനസ്സിലൂടെയുള്ള യാത്രയായിരുന്നു ഈ സിനിമ. 

മലയാളസിനിമയ്ക്ക് മാർക്കറ്റ് പരിമിതിയുണ്ട്. അതുകൊണ്ടാണ് വലിയ സിനിമകൾ മലയാളത്തിൽ നിന്നും വരാതിരിക്കുന്നത്. കേരളത്തിലുള്ള അഞ്ഞൂറോളം തിയറ്ററുകളിൽ നിന്നും ലഭിക്കുന്ന കലക്‌ഷനും ഒരുപരിതിയുണ്ട്. അതിനൊക്കെ അപവാദമായിരുന്നു പുലിമുരുകൻ എന്ന സിനിമ. അതിനുശേഷമാണ് വലിയ സിനിമകളെക്കുറിച്ച് മലയാളം ചിന്തിക്കാൻ തുടങ്ങിയത്.

ഈ സിനിമയിൽ 45 ശതമാനം വിഎഫ്എക്സ് ആണ്. കുറെ ആളുകൾ ചോദിച്ചു, ഈ സിനിമയിൽ എവിടെയാണ് ഗ്രാഫിക്സ് എന്ന്. അത് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ ഞങ്ങൾ വിജയിച്ചു കഴിഞ്ഞു. ഞങ്ങൾക്ക് അറിയാം അതില്‍ 45 ശതമാനവും വിഎഫ്എക്സ് ഉണ്ടെന്ന്. അതിനൊരുപാട് ചിലവ് വന്നിരുന്നു. പിന്നെ തേൻകുറുശ്ശി എന്ന ഗ്രാമം പുനസൃഷ്ടിച്ചു. അതിലെ മൂന്നുകാലഘട്ടങ്ങൾ കാണിച്ചു. 145 ദിവസങ്ങൾ ചിത്രീകരണം നീണ്ടു. 88 ദിവസങ്ങൾ രാത്രിയിൽ ഷൂട്ടിങ് നടത്തി. സ്വാഭാവികമായും ഏകദേശം 50 കോടിയോളം ചിലവുള്ള സിനിമയുടെ വെല്ലുവിളി ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നു.

ദേസി സൂപ്പർഹീറോ എന്ന വിശേഷണത്തിലാണ് സിനിമയെ ‍ജനങ്ങൾക്കു മുന്നില്‍ അവതരിപ്പിച്ചത്. അതിമാനുഷികമായ കാര്യങ്ങൾ ചെയ്യുന്ന മനുഷ്യൻ. ഇത്തരമൊരു കഥാപാത്രത്തെ സൂപ്പർഹീറോ എന്ന പരിേവഷമില്ലാതെ അവതരിപ്പിച്ചാൽ സിനിമ കാണുന്നവൻ ലോജിക്കിനെ കുറിച്ച് ചോദിക്കും. ഈ സിനിമ കഴിഞ്ഞപ്പോൾ ആരും ഒടിയന്റെ അമാനുഷികതയെ ചർച്ച ചെയ്യുന്നില്ല. 

കേരളത്തിനു പുറത്തും ഒടിയൻ സിനിമയുടെ വിപണനം ആവശ്യമായിരുന്നു. അതിനുവേണ്ടി ഹൈപ്പ് സൃഷ്ടിച്ചു. വൻ ബജറ്റ് ചിത്രമായതിനാൽ കേരളത്തിനു പുറത്തു കൂടുതൽ കേന്ദ്രങ്ങൾ ലഭിക്കാൻ ഹൈപ്പ് ഉണ്ടാക്കിയതു വഴി സാധിച്ചു. നമ്മളെല്ലാം സ്വപ്നം കണ്ട വിപണി ഉണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യം. അർജുൻ റെഡ്ഡി എന്ന തെലുങ്ക് പടം കേരളത്തിൽ മൂന്നുകോടി കലക്ട് ചെയ്തു. അതുപോലെ തന്നെ ഹിന്ദിസിനിമകളും. വിജയ് ചിത്രം 16 കോടിയാണ് കേരളത്തിൽ നിന്നും വാരുന്നത്. മലയാളത്തെ സംബന്ധിച്ചടത്തോളം ഇത് സങ്കടകരമായ കാര്യമാണ്. എന്നാൽ ഇതുപോലെയുളള സ്വീകാര്യത മലയാളസിനിമകൾക്ക് അന്യസംസ്ഥാനങ്ങളിൽ ലഭിക്കുന്നുണ്ടോ? അവിടെയൊക്കെ മലയാളത്തിന് കൂടി 80 ലക്ഷം രൂപ കലക്‌ഷൻ ലഭിക്കുമായിരിക്കും.

പ്രമേയമായാലും അവതരണത്തിലായാലും മലയാളത്തിന് കേരളത്തിനു പുറത്ത് വലിയൊരു മാർക്കറ്റ് അർഹിക്കുന്നുണ്ട്. അത് എന്തുകൊണ്ട് കിട്ടുന്നില്ലെ എന്നു ചോദിച്ചാൽ, മാർക്കറ്റിങിന്റെ കുറവാണെന്നാണ് ഞാൻ പറയൂ. ആ തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടാകണം. ആ മേഖലയിൽ റിസർച്ച് നടത്തിയാണ് ഞാൻ ഒടിയനിൽ ഉപയോഗിച്ചത്. 

ആളുകളിൽ ആകാംക്ഷ സൃഷ്ടിച്ചുള്ള മാർക്കറ്റിങ്. അങ്ങനെയാണ് ഈ സിനിമ വലിയ രീതിയിൽ ചർച്ചയായത്. മാസും ക്ലാസും ചേർന്ന സിനിമ എന്ന രീതിയിലാണ് ഞാൻ സമീപിച്ചത്. അതിൽ ഞാൻ ഉറച്ച് നിൽക്കുന്നു. ഓരോ സംവിധായർക്കും അവരുടേതായ ശൈലിയുണ്ട്. തമിഴ് സംവിധായകൻ ഹരി ചെയ്യുന്ന സിനിമകൾ എടുത്തുനോക്കൂ, സിങ്കം, സാമി എന്നീ സിനിമകളിലെ ആക്‌ഷൻ ഒരേരീതിയായിരിക്കും. എന്റെ മാസ് ശൈലി ഇങ്ങനെയാണ്. മറ്റൊരു പുലിമുരുകനാണ് നിങ്ങൾ പ്രതീക്ഷിച്ചതെങ്കിൽ എന്നോട് ക്ഷമിക്കണം. പുലിമുരുകൻ 2 ഉണ്ടാക്കാനല്ല ഞാൻ വന്നത്.

എന്റെ നേർക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാൻ സിനിമയ്ക്ക് വേണ്ടാത്ത ഹൈപ്പ് നൽകി എന്നാണ്. എന്നാൽ അതിന് തനിക്ക് യാതൊരു ഖേദവുമില്ല. ഞാൻ ഉണ്ടാക്കിയ ഒരു ഉൽപ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്. അതിനായി പരസ്യരംഗത്ത് നിന്നും പഠിച്ച മാർക്കറ്റിങ്ങ് പാഠങ്ങൾ ബോധപൂർവ്വം ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് മാത്രം കണ്ട് രസിക്കാൻ അല്ലല്ലോ ഞാൻ പടം എടുത്തത്? ഏകദേശം ഒരുവർഷത്തോളം ഒടിയന് വേണ്ടി മാർക്കറ്റിങ് ഉപയോഗിച്ചു.

ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ടി പരസ്യരംഗത്ത് ഉപയോഗിക്കുന്ന വിപണന തന്ത്രം തന്നെയാണ് ഞാൻ ഈ സിനിമയിൽ ചെയ്തത്. ആ വിപണനതന്ത്രത്തിന്റെ ആദ്യ വിജയമാണ് ഇത്രയധികം സ്ക്രീൻ ലഭിക്കാൻ കാരണമായത്. ഒരു മലയാള സിനിമ 50 ദിവസം കൊണ്ടോ 60 ദിവസം കൊണ്ടോ ഓടിക്കിട്ടുന്ന കാശ് ഈ സിനിമയ്ക്ക് ആദ്യദിനം ലഭിച്ചു. തിരക്കുള്ള ചന്തയില്‍ ലോട്ടറി വിൽപനക്കാരൻ ചെയ്യുന്ന തന്ത്രം മാത്രമേ ഞാൻ ഉപയോഗിച്ചിട്ടൊള്ളൂ.

സൈബർ ആക്രമണത്തിനു പിന്നിൽ ആര്

ഇതിനു പിന്നിൽ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാൽ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ല. സിനിമാരംഗത്ത് ഞാൻ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയിൽ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്പാണ് ഈ ശത്രുത ഉണ്ടായത്.

കഴിഞ്ഞ നാലഞ്ച് വർഷമായി വിവാദങ്ങളിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുകയാണ്. അതിന്റെ കാരണങ്ങൾ നിങ്ങൾക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാൻ വലിച്ചിഴയ്ക്കപ്പെട്ടത്. അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോൾ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ആവർത്തിക്കേണ്ട ആവശ്യം എനിക്കില്ല.

മോഹൻലാൽ എന്ന പേരിൽ ചിത്രമെടുത്ത സാജിദ് യാഹിയയോ, മഞ്ജു വാരിയറെ നായികയാക്കി സംവിധാനം ചെയ്ത ഫാന്റം പ്രവീണോ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ കുറച്ചുകൂടി സത്യസന്ധമാകുകയല്ലേ ചെയ്യുന്നത്. പണ്ട് കൂവിതോൽപിക്കാൻ തിയറ്ററുകളിലേയ്ക്ക് ആളെ വിടുകയാണ്. ഇന്ന്് മൊബൈൽ മതി.

ഒടിയനിൽ പഴയ മോഹൻലാലിനെ കാണാം. മോഹൻലാലിന്റെ പഴയ കുസൃതിയും തമാശകളുമൊക്കെ തിരികെ കൊണ്ടുവരാനാണ് ശ്രമിച്ചത്. മുപ്പതുകാരനായ മോഹൻലാലിനെ കാണിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. അത് സിനിമയിൽ കാണിച്ചിട്ടില്ലേ? മലയാളസിനിമ പ്രേക്ഷകരെ പരിഗണിച്ചതുകൊണ്ടാണ് മാസ് കാണാതിരുന്നത്. എൺപതുകളിലെ ലുക്കിലുള്ള മോഹൻലാലിനെയാണ് കാണിച്ചത്. ഒടിയന്റെ കഥാപാത്രം സാധാരണക്കാരനാണ്. അതുകൊണ്ടാണ് മാസ് വിശേഷണം കൊണ്ടുവരാതിരുന്നത്. സിനിമയുടെ തുടക്കത്തില്‍പോലും മാസ് ഫീൽ ഞാൻ നൽകിയിട്ടില്ല. എന്നാൽ സൈബർ ആക്രമണം കാരണം മോഹൻലാലിന്റെ രൂപമാറ്റം റിലീസിനു ശേഷം ആരും ചർച്ച ചെയ്തില്ല.

മഞ്ജുവിന്റെ നിലപാട് എന്തെന്ന് നിങ്ങള്‍ മാധ്യമപ്രവര്‍കർ അവരോട് ചോദിക്കണം. മോഹൻലാൽ ഇക്കാര്യത്തിൽ ഇടപെടേണ്ട കാര്യമില്ല. മോഹൻലാലിന്റെ പേരിലുള്ള ബന്ധത്തിൽ അല്ലല്ലോ ഞാൻ ക്രൂശിക്കപ്പെടുന്നത്. മോഹൻലാൽ എന്ന വ്യക്തിയുടെ പേരിലാണ് മറ്റൊരാൾ ക്രൂശിക്കപ്പെടുന്നതെങ്കിൽ തീര്‍ച്ചയായും അദ്ദേഹം അതിൽ മറുപടി പറയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഒടിയനിൽ എം. പത്മകുമാർ

ഞാൻ അല്ല ഈ സിനിമ സംവിധാനം ചെയ്തതെന്നായിരുന്നു റിലീസിനു മുമ്പേ ഉണ്ടായ മറ്റൊരാക്രമണം. ആന്റണി പെരുമ്പാവൂരും ശ്രീകുമാറും തെറ്റി. ശ്രീകുമാർ മേനോന് സംവിധാനം ചെയ്യാൻ അറിയില്ല, അയാളെ മാറ്റി. മോഹൻലാലിന്റെ നിർദേശ പ്രകാരം മറ്റൊരു സംവിധായകനെ കൊണ്ടുവന്നു. ശ്രീകുമാറിനെ മാറ്റിനിർത്തി അയാളാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നായിരുന്നു റിലീസ് തലേദിവസം വരെയുള്ള വാർത്ത. അങ്ങനെയാണെങ്കിൽ സിനിമ പൊട്ടിയെന്ന് ആരോപിക്കുന്നവർ ആ സംവിധായകന്റെ അടുത്ത് പോയി ചോദിക്കൂ. ‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയൻ എന്തുകൊണ്ട് മോശമായി ചെയ്തു എന്നല്ലേ ചോദിക്കേണ്ടത്.’ സിനിമയില്‍ അയാളുടെ പേരില്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണ് മാധ്യമങ്ങളിൽ അങ്ങനെയൊരു വാർത്ത വന്നത്.

കലക്‌​ഷൻ പെരുപ്പിച്ചോ

കലക്‌ഷനിൽ ആശങ്ക ഉണ്ടാകുന്നതെന്തിനാണ്. 2.0 ആദ്യ ആഴ്ച അഞ്ഞൂറുകോടി നേടിയെന്ന് ദേശീയമാധ്യമങ്ങളിൽ വാർത്ത വന്നു. എന്നാൽ ഇത് ആരാണ് വെളിപ്പെടുത്തിയതതെന്ന് ആരും പറഞ്ഞിട്ടില്ല. ശങ്കറോ രജനികാന്തോ പറഞ്ഞോ? എന്നിട്ടും അത് ആളുകൾ ആഘോഷിക്കുന്നു. അതേസന്തോഷം ഒടിയനിലും കാണിക്കൂ. ഇത് നമ്മുടെ നേട്ടമാണ്. ഇങ്ങനെയുള്ള കണക്കുകൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആന്റണിയെ കുഴിയിൽ ചാടിക്കുകയല്ല എന്റെ ഉദേശം. 

പുലിമുരുകന്റെ വിജയത്തിനു പുറകെയാണ് കൊച്ചുണ്ണി പിറന്നത്. അതിനുശേഷമാണ് ഒടിയനും ലൂസിഫറുമൊക്കെ വരുന്നത്. ഇതൊക്കെ പ്രചോദനമായി കാണേണ്ട കാര്യമാണ്. 

രണ്ടാമൂഴം

രണ്ടാമൂഴം അടുത്ത വർഷം പകുതിയോടെ ആരംഭിക്കാൻ സാധിക്കുമെന്നു കരുതുന്നു.  എം.ടി.യുമായുള്ളതു തർക്കമല്ല, തെറ്റിദ്ധാരണ മാത്രമാണ്. സിനിമ നീണ്ടു പോകുന്നതിലെ ആശങ്കയേ അദ്ദേഹത്തിനുള്ളൂ. എന്റെ പരസ്യചിത്രങ്ങൾ കണ്ടിട്ടാണ് അദ്ദേഹം രണ്ടാമൂഴത്തിന്റെ തിരക്കഥ എനിക്ക് നൽകിയത്. ഒടിയനുമായി ബന്ധപ്പെട്ട് ഒരുപ്രശ്നവും രണ്ടാമൂഴത്തിനില്ല.