ഗുരുക്കന്മാരുടെ അനുഗ്രഹം നേടി ‘എന്റെ ഉമ്മാന്റെ പേര്’ സംവിധായകൻ

ഗുരുക്കന്മാരുടെ അനുഗ്രഹം നേടി ‘എന്റെ ഉമ്മാന്റെ പേര്’ സിനിമയുടെ സംവിധായകൻ ജോസ് സെബാസ്റ്റ്യൻ. സിനിമയുടെ അവസാനഘട്ടപ്രവർത്തനങ്ങൾക്കായി ചെന്നൈയ്ക്കു തിരിക്കുന്നതിനിടെയാണ് ജോസ്, ഗുരുതുല്യരായി കാണുന്ന ലാൽജോസിനെയും സത്യൻ അന്തിക്കാടിനെയും വിമാനത്താവളത്തിൽവെച്ച് കാണുന്നത്.

ചാക്കോച്ചനെ നായകനാക്കി ലാൽ ജോസ് ഒരുക്കുന്ന തട്ടിൻപുറത്ത് അച്യുതനും ഫഹദിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാൻ പ്രകാശനും ക്രിസ്മസ് റിലീസ് ആണ്. ഈ വലിയ സിനിമകൾക്കൊപ്പമാണ് ജോസിന്റെ ചെറിയ ചിത്രവുമെത്തുന്നത്. 

ഇരുസംവിധായകരുടെയും കടുത്ത ആരാധകനായ ജോസ് രണ്ടുപേരുടെയും അനുഗ്രഹം ഏറ്റുവാങ്ങി. ടൊവിനോയും ജോസിനൊപ്പം ഉണ്ടായിരുന്നു.

ഓസ്ട്രേലിയയിൽ ഫിലിം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ജോസ് സെബാസ്റ്റ്യന്റെ ആദ്യസംവിധാന സംരംഭമാണ് ടൊവിനോ നായകനായി എത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’. സിനിമയുടെ പേര് പോലെ തന്നെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, നർമത്തിൽ ചാലിച്ച് പറയാൻ ശ്രമിക്കുകയാണ് ജോസ്. 

കോമഡി ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ ഉർവശിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. ഹരീഷ് കണാരൻ, മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

പതിവ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുക. മലബാറി മുസ്ലീം ആയ ഹമീദ് എന്ന ചെറുപ്പക്കാരനായി ടൊവീനോ എത്തുന്നു. സ്വന്തം ഉമ്മയെ തേടിയുള്ള മകന്റെ യാത്രയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

സിനിമയുടെ സാങ്കേതികവശങ്ങളിലും വമ്പൻമാരാണ്. സംഗീതം ഗോപിസുന്ദർ, എഡിറ്റിങ് മഹേഷ് നാരായണൻ, ആർട്–സന്തോഷ് രാമൻ. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനെൽ ആണ് ക്യാമറ. നിർമാണം ആന്റോ ജോസഫും സി. ആർ സലിമും ചേർന്ന് നിർവഹിക്കുന്നു. ജോസ് സെബാസ്റ്റ്യൻ, ശരത് ആർ. നാഥ് എന്നിവരാണ് തിരക്കഥ.