വിക്കൻ വക്കീലായി ദിലീപ്; ‘കോടതിസമക്ഷം ബാലൻ വക്കീലിന്റെ’ ടീസർ തരംഗമാകുന്നു

ദിലീപ് ചിത്രം ‘കോടതിസമക്ഷം ബാലൻ വക്കീലിന്റെ’ ടീസർ തരംഗമാകുന്നു. എക്കാലത്തും മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനനും, ചാന്തുപൊട്ടും, മായാമോഹിനിയും,പച്ചക്കുതിരയും സൗണ്ട്‌ തോമയുംഒക്കെ ഇത്രയും കാലം മലയാളി പ്രേക്ഷകർ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു.

സവിശേഷതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ദിലീപിനുള്ള സാമർത്ഥ്യത്തിനു തെളിവാണ്‌ ഈ പറഞ്ഞ കഥാപാത്രങ്ങളെല്ലാം.  അത്തരത്തിലുള്ള മറ്റൊരു കഥാപാത്രവുമായി ജനപ്രിയ നായകൻ വീണ്ടുമെത്തുന്നു. 

ഈ ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തിൽ സംസാര വൈകല്യമുള്ള വക്കീലായാണ് ദിലീപ് എത്തുന്നത്. ‘പാസഞ്ചറിനു’ ശേഷം ദിലീപ് വക്കീൽ  വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 

നാക്ക് കൊണ്ട് പണി എടുക്കുന്നവരാണ് അഭിഭാഷകർ. അങ്ങനെയുള്ള ആൾക്ക് വിക്ക് കൂടി വന്നാൽ എന്താകും അവസ്ഥ. അത്തരം രസകരമായ സാഹചര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മംമ്ത മോഹൻദാസ് ആണ് നായിക. ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിർമാണം.