ഷാരൂഖിനെയും കാജോളിനെയും കാണാനെത്തി 22 മാസം ജയിലിൽ; പാക്ക് ആരാധകൻ മടങ്ങി

അബ്ദുല്ല

പെഷവാർ∙പാക്കിസ്ഥാനിലെ അബ്ദുല്ലയെന്ന യുവാവ് 2017 മേയ് 25ന് വാഗ അതിർത്തിയിലെ സൈനികചടങ്ങു തീരും വരെ കണ്ടുനിന്നു. പിന്നെ ഒന്നുമാലോചിക്കാതെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു സൈനിക ഉദ്യോഗസ്ഥരുടെ അടുത്തെത്തി മനസ്സുതുറന്നു: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനെയും കാജോളിനെയും ഒന്നു കാണണം.

അനധികൃതമായി അതിർത്തി കടന്നു വന്നതിന് അമൃത്‌സർ സെൻട്രൽ ജയിലിൽ 22 മാസം ശിക്ഷയനുഭവിച്ചശേഷം അബ്ദുല്ല നാട്ടിലേക്കു മടങ്ങിയത് കഴിഞ്ഞ ബുധനാഴ്ച.

ഷാരൂഖിനോടും കാജോളിനോടുമുള്ള ആരാധന തലയ്ക്കു പിടിച്ച ഇരുപത്തിരണ്ടുവയസ്സുകാരൻ ജയിൽനിന്നും ഇന്ത്യാ സർക്കാരിന് കത്തെഴുതിയിരുന്നു. ബോളിവുഡ് താരങ്ങളെ കാണാൻ സൗകര്യമൊരുക്കിത്തരണമെന്നുള്ള അഭ്യർഥനയ്ക്കു പക്ഷേ മറുപടിയൊന്നും കിട്ടിയില്ല. വീസ അപേക്ഷ നിരസിക്കപ്പെട്ടപ്പോഴാണ് അനധികൃതമായി അതിർത്തി കടക്കാൻ തീരുമാനിച്ചതെന്ന് അബ്ദുല്ല പറയുന്നു.