7000 കണ്ടി കാണാൻ 5 കാരണങ്ങൾ

പലയിടങ്ങളിൽ നിന്നായുള്ള മനുഷ്യർ ഒരുമിച്ച് ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്ന ചിത്രം അങ്ങനെയൊന്നാണ്. ഒരുപാട് കഥാപാത്രങ്ങളുടെ പ്രകടനം, ഒരുപാട് മനുഷ്യരുടെ പ്രയത്നം, ഒരു സംവിധായകന്റെ സ്വപ്നം. അവർ എല്ലാവരും പലയിടങ്ങളിലാണ് ഇപ്പോൾ. ലോകത്തിന്റെ പല മൂലകളിൽ. അവിടെ ഇരുന്ന് 7000 കണ്ടിയെക്കുറിച്ച് അവർ സംസാരിക്കുന്നു.

ഞാൻ ജെയിംസ് കാമറൂൺ അല്ല. എന്റെ സിനിമ അപ്പോകാലിപ്റ്റോയുമല്ല. മലയാളികൾക്കായി എന്റെ നാടിനായി ഞാൻ ഒരുക്കുന്ന സിനിമ. അസാധാരണമെന്നോ അതിഗംഭീരമെന്നോ ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഇൗ ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല. അതു ഞാൻ ഉറപ്പു പറയാം. ഒപ്പം മലയാള സിനിമയിൽ ഇന്നു വരെ കാണാത്ത ഒരു ദൃശ്യവിസ്മയവും നിങ്ങൾക്ക് ഇൗ ചിത്രം സമ്മാനിക്കും. ‌ അനിൽ രാധാകൃഷ്ണ മേനോൻ ( എറണാകുളം കവിത തീയറ്ററിൽ സിനിമ കാണാൻ പോകുന്നതിനു മുമ്പായി പറഞ്ഞത്)

പല ഘടകങ്ങൾ കൊണ്ടും ഇൗ സിനിമ മലയാളത്തിലെ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമാണ്. ഇതിന്റെ ലൊക്കേഷനുകളും, വിഷ്വലുകളും വിഎഫ്എക്സും ഒപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയവും. ഞാനല്ല ഇതിലെ നായകൻ. എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യമാണ് സിനിമയിൽ. മലയാളികൾ കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ഇത്,

കുഞ്ചോക്കോ ബോബൻ ( വേട്ട എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും)

ഇതൊരു സാഹസികത നിറഞ്ഞ ഫൺ ഫാന്റസി സിനിമ ആണ്. ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ചിത്രം. പ്രകൃതിക്കായുള്ള സിനിമയാണ് ഇത്. കാടിനുള്ളിൽ നമുക്കറിയാത്ത ഒരുപാട് രഹസ്യങ്ങളുണ്ട്. ആ രഹസ്യങ്ങളിലേക്കുള്ള യാത്രയാണ് ചിത്രം. മെയ്ക്കിങ് കൊണ്ടും ഇൗ ചിത്രം മറ്റു സിനിമകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. എന്റെ കഥാപാത്രം വളരെ വ്യത്യസ്തമാണ് ഒപ്പം എനിക്കേറ്റവും പ്രിയപ്പെട്ട കതാപാത്രവും ഇതിലെ മധുമിത തന്നെ.

റീനു മാത്യൂസ് ( ജോലി സംബന്ധമായി പെർത്തിൽ ആണ് നടി ഇപ്പോൾ )

വളരെ ചുരുക്കം സിനിമകൾ മാത്രമെ മികച്ച അനുഭവവും ഒപ്പം നല്ല സന്ദേശവും കാഴ്ചക്കാരന് നൽകൂ. എൽഎൽ7കെകെ അങ്ങനെ ഒന്നാണ്. ആസ്വാദകന് പുത്തൻ അനുഭവം സമ്മാനിക്കും ഇൗ ചിത്രം. മലയാള സിനിമയിൽ ഇതുവരെ ആരും കൈ വയ്ക്കാത്ത ഒരു പ്ലോട്ടാണ് ചിത്രത്തിന്റേത്. ഒരോ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധാന്യവുമുണ്ട്. ഇൗ സിനിമ കണ്ടില്ലെങ്കിൽ അതൊരു നഷ്ടമാണ്.

ഗ്രിഗറി ( കുടുംബത്തോടൊപ്പം അമേരിക്കയിലാണ് നടൻ ഇപ്പോൾ)

അനിൽ രാധാകൃഷ്ണൻ സിനിമയായതു കൊണ്ട് മാത്രം ഇൗ സിനിമ ഒരുപാട് പ്രത്യകതകളുള്ളതാണെന്ന് ഞാൻ പറയും. വർധിച്ചു വരുന്ന ജനപ്പെരുപ്പമാണ് നാം ഇന്നു നേരുടന്ന ഏറ്റവും വലിയ വിപത്ത്. കടലിലേക്കോ ആകാശത്തേക്കോ അതിക്രമിച്ചു കടക്കാൻ നമുക്കാവില്ല. പിന്നെ ഒരു വഴി കാട്ടിലേക്ക് കയറുക എന്നതാണ്. അതു വരുത്തി വയ്ക്കുന്ന വിനകളാണ് ഇൗ ചിത്രം പറയുന്നത്. ഞാൻ ഇൗ സിനിമ മുഴുവനായി കണ്ടിട്ടില്ല. പക്ഷേ എനിക്കുറപ്പാണ് ഇതൊരു ഗംഭീര സിനിമ തന്നെ ആയിരിക്കും.

സുധീർ കരമന ( മോഹൻലാൽ ചിത്രമായ പുലിമുരുകൻ ലോക്കേഷനിൽ നിന്നും)