നിവിന്റെ സഹോദരി ഇനി മോഹൻലാലിന്റെ മകൾ!

കണ്ണടവച്ച വെള്ളാരം കണ്ണുള്ള സുന്ദരിക്കുട്ടിയായി വെള്ളിത്തിരയിലെത്തിയ താരമാണ് ഐമ. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ജെറിയുടെ പെങ്ങളായി വന്ന ഈ മിടുക്കി ഇനി അഭിനയിക്കുക മോഹൻലാലിനൊപ്പം. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് ഐമ എത്തുക.

ബിജു മേനോനെ നായകനാക്കി ഒരുക്കിയ വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റിന് ശേഷം ജിബു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലസ് ടു വിദ്യാർഥിയായ ജിനി എന്ന കുട്ടിയെ ആണ് ഐമ അവതരിപ്പിക്കുന്നത്. സ്റ്റേജ് ഷോകളിലൂടെ മാത്രം നേരിട്ട് കണ്ടിട്ടുള്ള മോഹൻലാലിനൊപ്പം ഒന്നിച്ച് അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഐമ ഇപ്പോൾ.

ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മോഹൻലാലിനും ഐമയ്ക്കുമൊപ്പം ബിജു മേനോൻ, മീന, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.