കേരളത്തിന് നന്ദി പറഞ്ഞ് ബാഹുബലി ടീം

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കേരളത്തിലെ കണ്ണൂരിൽ ആരംഭിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയാണു ബാഹുബലി രണ്ടിന്റെ ലൊക്കേഷൻ. ബാഹുബലിയുടെ സംവിധായകൻ എസ്.എസ്. രാജമൗലി, നിർമാതാവ് ശോഭു നാഥിരി, അനുഷ്ക, പ്രഭാസ്, രാജമൗലിയുടെ ഭാര്യ രമാ രാജമൗലി, മക്കളായ കാർത്തികേയ, മയൂഖ എന്നിവരും ചിത്രീകരണത്തിനായി എത്തിയിരുന്നു.

ഹൈദരാബാദിലെ ചിത്രീകരണത്തിനു ശേഷമാണു സംഘം കണ്ണൂരിൽ എത്തിയത്. എട്ടു ദിവസം നീണ്ടു നിന്ന സിനിമയുടെ കേരളത്തിലെ ചിത്രീകരണം അവസാനിച്ചതായി ബാഹുബലി ടീം ഫേസ്ബുക്കിലൂടെ അറിയിച്ചു. തങ്ങൾക്ക് നൽകിയ പരിചരണത്തിൽ കണ്ണൂരിനും കണ്ണവം പ്രദേശത്തെ ആളുകൾക്കും നന്ദി പറയുന്നുവെന്നും കേരള ഫോറസ്റ്റ് പൊലീസ് അധികൃകർ നൽകിയ സഹായത്തിനും വളരെ നന്ദിയുണ്ടെന്നും ഫേസ്ബുക്കിലൂടെ ടീം അറിയിച്ചു.

ഇവരുടെ അകമഴിഞ്ഞ സഹായം കൊണ്ട് യാതൊരു ബുദ്ധിമുട്ടും കൂടാതെയാണ് ചിത്രീകരണം നടത്തിയതെന്നും ഇവർ അറിയിച്ചു. കേരളത്തിലെ ലൊക്കേഷനുകൾ സിനിമാ സങ്കൽപ്പങ്ങൾക്കു മനോഹരവും ഇന്ത്യൻ സിനിമയ്ക്കു മുതൽക്കൂട്ടാണെന്നും സംവിധായകൻ രാജമൗലി പറഞ്ഞു. പ്രൊഡക്‌ഷൻ കൺട്രോളർ അരവിന്ദൻ കണ്ണൂരാണു ബാഹുബലി ടീമിനു കണ്ണൂരിന്റെ ലൊക്കേഷനുകളെ പരിചയപ്പെടുത്തിയത്.