തിരക്കഥ മോശമായിരുന്നു, എനിക്കു നഷ്ടം ഒരു വർഷം: പ്രതാപ് പോത്തൻ

പ്രതാപ് പോത്തൻ–ദുൽക്കർ ചിത്രത്തിന് സംഭവിച്ചതെന്താണ് ? അഞ്ജലി മേനോന്റെ തിരക്കഥ മോശമായതു കൊണ്ടാണോ സിനിമ ഉപേക്ഷിച്ചത് ? അതോ മറ്റു വല്ല കാരണവുമാണോ പിന്നിൽ ? സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി പ്രതാപ് പോത്തൻ.

തിരക്കഥയുടെ കുഴപ്പം കൊണ്ട് മാത്രമാണ് ദുൽക്കർ ചിത്രം നടക്കാതിരുന്നതെന്ന് പ്രതാപ് പോത്തൻ പറയുന്നു. ‘ഈ തിരക്കഥയിൽ യാതൊന്നുമില്ലെന്ന് ദുൽക്കറിനോടും ഞാൻ വ്യക്തമാക്കിയിരുന്നു. ദുല്‍ക്കറിന്റെ ചാർലി സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. ദുൽക്കറിനൊപ്പം ഒരു സിനിമ ചെയ്യാൻ ഇപ്പോഴും റെഡിയാണ്. പത്തുവർഷമായി മലയാളം ഫിലിം ഇൻഡസ്ട്രിയുടെ പുറത്താണ് ഞാൻ. ഇനിയൊരു പ്രോജക്ട് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അത് ഇപ്പോൾ പുറത്തുപറയില്ല. അഞ്ജലി മേനോൻ സിനിമ കാരണം ഒരു വർഷമാണ് നഷ്ടമായത്.’–പ്രതാപ് പോത്തൻ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റുകൾ വിവാദമാകുന്നതിനെപ്പറ്റിയും പ്രതാപ് പോത്തൻ വിശദമാക്കി. ആരും തന്റെ പോസ്റ്റുകൾ മുഴുവനായി വായിക്കാറില്ലെന്നും പകുതി വായിച്ച ശേഷം മറ്റെന്തൊക്കെയോ മനസ്സിൽ അതിനെ മോശമായി ചിത്രീകരിക്കുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു.

‘മമ്മൂട്ടിയെക്കുറിച്ച് മോശമായി പറഞ്ഞെന്ന് പലരും പറയുകയുണ്ടായി. ഞാനെന്തിന് മമ്മൂട്ടിയെക്കുറിച്ച് മോശമായി സംസാരിക്കണം. അദ്ദേഹം സിനിമാഇൻഡസ്ട്രിയിൽ എന്റെ ജൂനിയർ ആണ്. മാത്രമല്ല എന്റെ സഹോദരന്റെ സിനിമയിൽ അഭിനിച്ചിട്ടുമുണ്ട്. അദ്ദേഹം ഈ ലോകത്തെ മികച്ച നടനാണെന്ന് പറഞ്ഞു. അദ്ദേഹവുമായി ഒരു സിനിമ ചെയ്യുന്നുമില്ല’.– പ്രതാപ് പോത്തൻ പറഞ്ഞു.

‘സോഷ്യൽമീഡിയ എന്നത് ഒരു പ്ലാറ്റ്ഫോം ആണ്. നമ്മുടെ മനസ്സിൽ തോന്നുന്ന വികാരങ്ങൾ എഴുതാനുള്ള ഒരിടം. എന്നാൽ അവിടെ നമ്മുടെ മക്കളെക്കുറിച്ച് മോശമായി പറഞ്ഞാൽ നാലക്ഷരമുള്ള വാക്ക് ഞാനും ഉപയോഗിക്കും. അതിൽ യാതൊരു പേടിയുമില്ല. ആളുകൾ പറയും ‘പ്രതാപ് പോത്തന് ഭ്രാന്താണ്, അയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു’ എന്നൊക്കെ. എനിക്ക് എല്ലാവരുടെയും അടുത്ത് ചെന്ന് ഓരോകാര്യങ്ങളും വിശദീകരിച്ചുകൊടുക്കാൻ സാധിച്ചെന്ന് വരില്ല.’–പ്രതാപ് പോത്തൻ വ്യക്തമാക്കുന്നു.