അവള്‍ എന്റെ നെഞ്ചില്‍ വീണാണ് കരഞ്ഞത്; വികാരധീനനായി ലാൽ

പതിവു ചിരിബഹളങ്ങളില്ല, വർത്തമാനങ്ങളില്ല... എല്ലാവരുടെയും മുഖത്തുള്ളതു വേദന മാത്രം. തങ്ങളുടെ അടുത്ത കൂട്ടുകാരിക്കു നേരിട്ട അനുഭവത്തിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും. തിരശീലയിൽ വേറിട്ട ഭാവങ്ങൾ മിന്നിമറയുന്ന ഇവരുടെ മുഖത്തെ സങ്കടവും രോഷവും ജനങ്ങൾ കണ്ടു.

ഇടറിയ ശബ്ദത്തോടെ, നിറഞ്ഞ കണ്ണുകളോടെ ഇവർ മലയാളിയോടു വിളിച്ചു പറഞ്ഞതു നല്ല മനുഷ്യരാകാനാണ്. യുവനടിക്കു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിക്കാൻ ദർബാർ ഹാൾ മൈതാനിയിൽ നടന്ന കൂട്ടായ്മയിൽ മലയാള സിനിമാ ലോകത്തെ ഒട്ടേറെ പ്രമുഖരാണു എത്തിയത്.

പ്രമുഖ നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം അണപൊട്ടുന്നതിനിടെ സംഭവദിവസം രാത്രി നടന്ന കാര്യങ്ങള്‍ ലാല്‍ വിവരിച്ചു. സംഭവം വിവരിക്കുമ്പോള്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

അന്ന് ഓടിക്കതച്ച് വീട്ടിലെത്തിയ അവള്‍ ആദ്യം തന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നെന്ന് ലാല്‍ പറഞ്ഞു. ‘ലാലു ചേട്ടാ എന്നുവിളിച്ച് അവൾ കരയുകയായിരുന്നു. ലോകത്തുള്ള എല്ലാ സ്ത്രീകളും പൊട്ടിക്കരഞ്ഞാലും ആ ശബ്ദം ഉണ്ടാകില്ല. നമ്മുടെ അമ്മയ്ക്കോ മകൾക്കോ ഈ അവസ്ഥ വരുന്നതുവരെ കാത്തിരിക്കരുത്.–ലാൽ പറഞ്ഞു.

സംഭവത്തിന് ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ ഇതൊന്നും പുറത്തറിയരുതെന്നായിരുന്നു നടിയുടെ നിലപാടെന്ന് ലാല്‍ വിവരിച്ചു. പിന്നീട് സംഭവമറിഞ്ഞ് പുലര്‍ച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തിയെന്ന് ലാല്‍ പറഞ്ഞു. അവരെല്ലാം നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ലാല്‍ വ്യക്തമാക്കി. കോടതിയില്‍ പോകാനും ഏത് വൃത്തികെട്ട ചോദ്യങ്ങളെയും നേരിടാനും തയ്യാറാണെന്നും അവള്‍ പറഞ്ഞിരുന്നു. ലാൽ പറയുന്നു.

ഈ വിഷയം ഡി.ജി.പി. ലോക്നാഥ് ബെഹ്റയെ അറിയിച്ചപ്പോള്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട് മൂന്നുസംഭവങ്ങള്‍ ഉണ്ടായതായ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പുറത്തുവന്നത് നടിയുടെ ധൈര്യംകൊണ്ടാണെന്നും ലാല്‍ പറഞ്ഞു...

ഫെബ്രുവരി 17 വെള്ളിയാഴ്ച കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി അഭയം തേടിയെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. തുടര്‍ന്ന് ലാലടക്കമുള്ളവരുടെ പിന്തുണയിലാണ് നടി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്.