മലയാളത്തിലെ ചില ‘എ’ സിനിമകൾ

എ പടം എന്നു കേട്ടാലെ നെറ്റി ചുളിക്കുന്നവരാണ് മലയാളികൾ. ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ ‌ഷക്കീല പടം പോലെ എന്തോ ആയിരിക്കുമെന്നാണ് ശരാശരി മലയാളികളുടെയൊക്കെ ധാരണ. സെക്സിന്റെ അതിപ്രസരം മാത്രമല്ല ‘എ’ സർ‌ട്ടിഫിക്കറ്റ് കൊടുക്കാനുള്ള കാരണം. മറ്റു പല മാനദണ്ഡങ്ങൾ നോക്കിയാണ് സെൻസർ ബോർ‌ഡ് ഇത് തീരുമാനിക്കുന്നത്.

ദുൽക്കർ ചിത്രമായ കമ്മട്ടിപ്പാടത്തിനും എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. സിനിമയിലെ വയലൻസ് രംഗങ്ങളും ചില സംഭാഷണങ്ങളുമാണ് എ സർട്ടിഫിക്കറ്റ് നൽകാൻ കാരണമായതെന്നായിരുന്നു സെൻസർ ബോർഡ് പറഞ്ഞത്.

മലയാളത്തിലെ ചില എ പടങ്ങൾ പരിചയപ്പെടാം.

ചായം പൂശിയ വീട്

ഏറെ കോളിളക്കം സൃഷ്ടിച്ച മലയാളത്തിലെ ആദ്യ നഗ്ന ചിത്രമായ ചായം പൂശിയ വീടിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. നായികയെ പൂർണ്ണ നഗ്നയായി കാണിച്ചിരിക്കുന്ന ചില സീനുകൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് അഡല്റ്റ്‌ ഒൺലി സർട്ടിഫിക്കറ്റ് പോലും നല്കാനാവില്ലെന്ന നിലപാടിലായിരുന്നു സെൻസർ ബോർഡ്. എന്നാൽ ചിത്രത്തിൽ നിന്നും ഒരു സീൻ പോലും ഒഴിവാക്കില്ലെന്ന നിലപാടിൽ സംവിധായകരും ഉറച്ചു നിന്നു. ഒടുവിൽ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനു വിരാമമായി. ചിത്രം അഡല്റ്റ്‌ ഒൺലി സർട്ടിഫിക്കറ്റൊടെ പ്രദർശിപ്പിക്കാൻ അനുമതി നേടുകയായിരുന്നു.

ഒഴിവ് ദിവസത്തെ കളി

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം. 2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ഈ ചിത്രം നേടി.

പാപ്പിലിയോ ബുദ്ധ

ദളിതരെയും സ്ത്രീകളെയും അപമാനിക്കുന്ന സംഭാഷണങ്ങൾ ഉണ്ടെന്നായിരുന്നു സെൻസർ ബോർഡ് ചൂണ്ടിക്കാണിച്ചത്. ജയൻ ചെറിയാന്റെ പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിനും എ സർട്ടിഫിക്കറ്റ് ആയിരുന്നു.

ഗാങ്സ്റ്റർ

മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു ഒരുക്കിയ അധോലോക ചിത്രമായിരുന്നു ഗാങ്സ്റ്റർ. ചിത്രത്തിലെ വയലൻസ് രംഗങ്ങൾ കൊണ്ടാണ് സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചത്.

ഹരം

ഫഹദ് നായകനായി എത്തിയ ഹരം എന്ന ചിത്രത്തിനും എ സർട്ടിഫിക്കറ്റ് ആയിരുന്നു. ബോളിവുഡ് നടി രാധിക ആപ്തെ ആയിരുന്നു ചിത്രത്തിലെ നായിക.

കിളി പോയി

അജുവും ആസിഫ് അലിയും ഒന്നിച്ച കിളി പോയി എന്ന വിനയ് ഗോവിന്ദ് ചിത്രത്തിനും എ സർട്ടിഫിക്കറ്റ് ആയിരുന്നു. കഞ്ചാവ് വലിച്ചാൽ ഉണ്ടാകുന്ന ഫിറ്റായ അവസ്ഥക്ക് ചെറുപ്പക്കാർക്കിടയിൽ പറയുന്ന ശൈലിയാണ് ‘കിളി പോയി’ എന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതും അതു തന്നെ.

വെടിവഴിപാട് , നീ കോ ഞാ ചാ, ട്രിവാൻഡ്രം ലോഡ്ജ്, കന്യക ടാക്കീസ് എന്നീ ചിത്രങ്ങളും എ സർ‍ട്ടിഫിക്കറ്റ് ആണ്.

വിവാദമുയര്‍ത്തിക്കടന്നുവന്ന കളിമണ്ണിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരു രംഗം പോലും വെട്ടിക്കളയാനില്ലാത്തവിധം ക്ലീനായ ചിത്രത്തിന് ബോര്‍ഡ് 'യു/എ' സര്‍ട്ടിഫിക്കറ്റ് നൽകി. ഈ അടുത്തിടെ വിവാദങ്ങളുമായി എത്തിയ ബിജു മേനോൻ–രഞ്ജിത് ചിത്രമായ ലീലയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല.